രണ്ടാം ടെസ്റ്റ്: ഇന്ത്യ പിടിമുറുക്കുന്നു

Posted on: July 18, 2014 4:37 pm | Last updated: July 19, 2014 at 12:43 am

aaaajjjjj

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പ്രതീക്ഷ. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ 295ന് പുറത്താക്കി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന നിലയില്‍ പതറുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിംഗാണ് ഇംഗ്ലണ്ടിന് വെല്ലുവിളിയായത്. നാല് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ സ്‌കോര്‍ മറികടക്കാന്‍ 76 റണ്‍സ് കൂടെ വേണം ആതിഥേയര്‍ക്ക്. കളി അവസാനിക്കുമ്പോള്‍ നാല് റണ്‍സുമായി പ്ലുങ്കറ്റും രണ്ട് റണ്‍സുമായി മാറ്റ് പ്രയറുമാണ് ക്രീസില്‍.
ഇംഗ്ലണ്ടിന്റെ ഗാരി ബാല്ലന്‍സ് നേടിയ സെഞ്ച്വറി (110)യാണ് അവരെ 200 കടത്തിയത്. ബാല്ലന്‍സിന് പുറമെ മോയിന്‍ അലിക്ക് മാത്രമെ പിന്നീട് ചെറുത്ത് നില്‍ക്കാന്‍ സാധിച്ചുള്ളു. അലി 32 റണ്‍സെടുത്തു. ഇംഗ്ലണ്ട് നായകന്‍ അലിസ്റ്ററ് കുക്ക് പത്ത് റണ്‍സെടുത്ത് ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. ഇയാന്‍ ബെല്‍ 16ഉം ജോ റൂട്ട് 13ഉം റോബ്‌സന്‍ 17ഉം റണ്‍സെടുത്ത് കൂടാരം കയറി. ഭുവനേശ്വര്‍ കുമാറിന് പുറമെ വിജയ്, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യ ദിനത്തില്‍ ഒമ്പത് വിക്കറ്റിന് 290ല്‍ പിരിഞ്ഞ ഇന്ത്യക്ക് രണ്ടാം ദിനം ക്ഷണത്തില്‍ അഞ്ച് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ഇന്നിംഗ്‌സ് അവസാനിപ്പിക്കേണ്ടി വന്നു. മുഹമ്മദ് ഷമിയെ പുറത്താക്കി സ്റ്റോക്‌സാണ് ഇന്നിംഗ്‌സിന് തിരശ്ശീല വീഴ്ത്തിയത്.

ALSO READ  ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്