Connect with us

Kozhikode

വിദ്യാര്‍ഥികള്‍ സ്വകാര്യ ബസ് ഡ്രൈവറെ കൈയേറ്റം ചെയ്തതായി പരാതി

Published

|

Last Updated

കോഴിക്കോട്: ഗവ. ലോ കോളജ് വിദ്യാര്‍ഥികള്‍ സ്വകാര്യ ബസ് ഡ്രൈവറെ കൈയേറ്റം ചെയ്തതായി പരാതി. ചെലവൂര്‍ – കോഴിക്കോട് റൂട്ടിലോടുന്ന കെ എല്‍ 7 എ സെഡ് 7850 നമ്പര്‍ “അനുഗ്രഹ്” സിറ്റി ബസ് ഡ്രൈവര്‍ ചെലവൂര്‍ സ്വദേശി അബ്ദുള്‍ ലത്വീഫി (34)നാണ് മര്‍ദനമേറ്റത്. പ്രശ്‌നത്തില്‍ നാട്ടുകാരും യാത്രക്കാരും ഇടപെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ തിരിഞ്ഞതോടെ ലോ കോളജിന് സമീപം നേരിയ സംഘര്‍ഷം ഉണ്ടായി. ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് തുടങ്ങി. എന്നാല്‍ പോലീസ് കേസെടുക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ പണിമുടക്ക് പിന്‍വലിക്കുകയായിരുന്നു. നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രദീപ്കുമാര്‍, മെഡിക്കല്‍ കോളജ് സി ഐ ഉല്ലാസ്, ചേവായൂര്‍ എസ് ഐ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പതിവായി ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോകുന്നതാണ് വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചത്. വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നാണ് അബ്ദുള്‍ ലത്വീഫ് ചേവായൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ബുധനാഴ്ച നടക്കാവ് സ്‌റ്റോപ്പില്‍ ബസ് നിര്‍ത്താത്തതിനെ ചോദ്യം ചെയ്തതാണെന്നും ഡ്രൈവറെ മര്‍ദ്ദിച്ചില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഒരു വിദ്യാര്‍ഥി ഡ്രൈവിംഗ് സീറ്റ് തുറക്കുകയും കൂടെയുണ്ടായിരുന്നയാള്‍ ബസിലേക്ക് ചാടിക്കയറി തന്റെ മുഖത്ത് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് ഡ്രൈവറുടെ പരാതി. അക്രമത്തില്‍ ഇടത് കണ്ണിന് സമീപം പരുക്കേറ്റ അബ്ദുള്‍ ലത്വീഫിനെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest