ഇ പി ജയരാജന് മറുപടിയുമായി എ ഐ വൈ എഫ് നേതാവ്

Posted on: July 18, 2014 9:28 am | Last updated: July 18, 2014 at 9:28 am

കോഴിക്കോട്: മുന്നണിക്കുള്ളിലെ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്ന് ഇ പി ജയരാജനെതിരെ എ ഐ വൈ എഫ് നേതാവ് രംഗത്തെത്തി.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട ഇ പി ജയരാജന്റെ നിലപാടിനെതിരെയാണ് എ ഐ വൈ എഫ് ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ പി ഗവാസ് രംഗത്തെത്തിയത്. സി പി എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ഇ പി ജയരാജനെ രൂക്ഷമായ വിമര്‍ശിക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ ഫേസ് ബുക്കിലൂടെയാണ് ഗവാസ് നടത്തിയത്. എസ് എഫ് ഐ സമരരീതി മാറ്റണമെന്നും പഠിപ്പുമുടക്കി സമരം ചെയ്യാനല്ല വിദ്യാര്‍ഥി സംഘടനകള്‍ ശ്രമിക്കേണ്ടതെന്നും എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് ജയരാജന്‍ പറഞ്ഞിരുന്നു.
ഇതിനോടുള്ള പ്രതികരണമായാണ് അദ്ദേഹത്തെ പരിഹസിച്ചും കടുത്ത വിമര്‍ശം ഉന്നയിച്ചു ഗവാസ് തന്റെ പ്രതികരണം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വ്യാപാരികള്‍ക്ക് ഒരു പ്രശ്‌നം വന്നാല്‍ ഹര്‍ത്താല്‍ നടത്തുക ഇനി രാത്രിയാലാകണമെന്നാണോ അല്ലെങ്കില്‍ തൊഴിലാളി സമരങ്ങള്‍ ഞായറാഴ്ചയും നടത്തണമെന്നാണോ ഉദ്ദേശിച്ചതെന്ന ധ്വനി വരുന്ന രീതിയിലാണ് ഫേസ് ബുക്ക് പോസ്റ്റിലെ വിമര്‍ശം തുടങ്ങുന്നത്. വ്യാപാരി നേതാവുകൂടിയായ സഖാവ് ഇ പി ജയരാജന്‍ വിദ്യാര്‍ഥി നേതാക്കളെ ഇത്തരത്തിലാണ് ഉപദേശിച്ചിരിക്കുന്നതെന്നും പരിഹസിക്കുന്നു. അടുത്ത ദിവസങ്ങളിലായി എല്‍ ഡി എഫിലെ രണ്ട് പ്രമുഖ പാര്‍ട്ടികള്‍ക്കിടയിലെ പ്രശ്‌നമായി ഇത് ചര്‍ച്ചചെയ്യപ്പെട്ടേക്കാം.