Connect with us

National

മുസ്‌ലിംകള്‍ ഹിന്ദു വികാരം മാനിക്കണം: സിംഗാള്‍

Published

|

Last Updated

്‌ന്യൂഡല്‍ഹി: മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വി എച്ച് പി നേതാവ് അശോക് സിംഗാള്‍ നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധം. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിംഗാള്‍ വിവാദ പ്രസ്താവന നടത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ട് ലഭിക്കാതെയാണ് ബി ജെ പി അധികാരത്തിലെത്തിയതെന്നും മുസ്‌ലിം വോട്ടില്ലാതെ പാര്‍ട്ടിക്ക് അധികാരത്തിലെത്താനാകുമെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ ഹിന്ദു വികാരം മാനിക്കേണ്ട സമയമാണിത്. സാധാരണ പൗരന്മാരെ പോലെയാണ് മുസ്‌ലിംകളെ പരിഗണിക്കുക. കൂടുതലുമില്ല, കുറവുമില്ല. ഹിന്ദുക്കള്‍ക്കെതിരാവുകയാണെങ്കില്‍ അവര്‍ക്ക് എത്ര കാലം അതിജീവിക്കാനാകും. അയോധ്യ, കാശി, മഥുര എന്നിവക്ക് മേലുള്ള അവകാശവാദം മുസ്‌ലിംകള്‍ ഉപേക്ഷിക്കണം. ഏക സിവില്‍കോഡ് അവര്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതല്‍ സ്ഥലങ്ങളില്‍ അവര്‍ അവകാശവാദമുന്നയിക്കരുത്. അതവര്‍ക്ക് സ്വീകാര്യമല്ലെങ്കിലും വീണ്ടുമൊരു ഹിന്ദു ധ്രുവീകരണത്തിന് ഇടയാക്കും. കേന്ദ്രത്തില്‍ അത് സംഭവിച്ചു. മറ്റ് സംസ്ഥാനങ്ങളിലും അത് സംഭവിക്കും- സിംഗാള്‍ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം സിംഗാളിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സിംഗാളിന്റെ പ്രസ്താവന അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ബി ജെ പിയുടെ യഥാര്‍ഥ മുഖം വെളിച്ചത്തായിരിക്കുകയാണ്. ഇന്ത്യയെ ഫാസിസ്റ്റ് രാജ്യമാക്കാനുള്ള അടിത്തറ പാകുകയാണ് ബി ജെ പി സംഘ്പരിവാര്‍ സംഘടനകളെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാജീവ് ശുകഌയും സിംഗാളിന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നു. ഇത്തരത്തിലുള്ള രാഷ്ട്രീയമാണ് സിംഗാളിനെ പോലുള്ളവര്‍ കൊണ്ടു നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും വോട്ട് ചെയ്യാനും സര്‍ക്കാറിനെ തിരഞ്ഞെടുക്കാനും ഒരേ തരത്തിലുള്ള അവകാശമാണുള്ളത്. സിംഗാളിന്റെ പ്രസ്താവന മോദി അംഗീകരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ശുകഌപറഞ്ഞു.
അതേസമയം സിംഗാളിന്റെ പ്രസ്താവനയോട് യോജിക്കാന്‍ സംഘ്പരിവാര്‍ സംഘടനയായ ശിവസേന തയ്യാറായില്ല. ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണുള്ളതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.

Latest