Connect with us

Ongoing News

ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

Published

|

Last Updated

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 290 എന്ന നിലയില്‍. ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ അഞ്ചാമനായി ഇറങ്ങിയ അജിങ്ക്യ രഹാനെയുടെ സെഞ്ച്വറി പ്രകടനമാണ് 200 കടത്തിയത്. രഹാനെ 103 റണ്‍സെടുത്ത് പുറത്തായി. കഴിഞ്ഞ ടെസ്റ്റില്‍ തിളങ്ങിയ ഭുവനേശ്വര്‍ കുമാര്‍ 36 റണ്‍സുമായി രഹാനെക്ക് മികച്ച പിന്തുണ നല്‍കി. 154 പന്തില്‍ നിന്ന് 15 ഫോറും ഒരു സിക്‌സും പറത്തിയാണ് രഹാനെ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്.
ടോസ് നേടി ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ജഡേജയെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ നടപടി പ്രതീക്ഷിച്ചിരിക്കുന്ന ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യന്‍ ബാറ്റിംഗിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. നാല് വിക്കറ്റ് വീഴ്ത്തിയാണ് ആന്‍ഡേഴ്‌സന്‍ നിറഞ്ഞത്. രണ്ട് വിക്കറ്റ് വീഴ്ത്തി സ്റ്റുവര്‍ട്ട് ബ്രോഡ് ആന്‍ഡേഴ്‌സന് മികച്ച പിന്തുണ നല്‍കി. അലി, സ്റ്റോക്‌സ്, പ്ലുങ്കറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
അതിനിടെ ബ്രോഡ് ടെസ്റ്റില്‍ 250 വിക്കറ്റെന്ന നേട്ടത്തിലെത്തി. ഇന്ത്യന്‍ നായകന്‍ ധോണിയുടെ വിക്കറ്റ് നേടിയതോടെയാണ് ബ്രോഡ് നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇംഗ്ലീഷ് ബൗളറാണ് ബ്രോഡ്.
ഓപണര്‍ ധവാന്‍ ഏഴ് റണ്‍സുമായി പുറത്തായപ്പോള്‍ മുരളി വജയ് (24), ചേതേശ്വര്‍ പൂജാര (28) എന്നിവര്‍ കുറച്ച് സമയം പിടിച്ചു നിന്നെങ്കിലും കാര്യമുണ്ടായില്ല. വിരാട് കോഹ്‌ലി (25) മികവില്‍ തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. നായകന്‍ ധോണി ഒറ്റ റണ്‍സില്‍ പുറത്തായതോടെ ഇന്ത്യ പരുങ്ങി.
രഹാനെ ഒരറ്റത്ത് പിടിച്ചു നിന്നെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല. പിന്നീടാണ് ഭുവനേശ്വര്‍ കുമാര്‍ പിടിച്ചു നിന്നത്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ അദ്യ ടെസ്റ്റില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം സ്വന്തമാക്കാനാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്.

ആന്‍ഡേഴ്‌സന് റെക്കോര്‍ഡ്
സ്വന്തം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് ഇനി ആന്‍ഡേഴ്‌സന് സ്വന്തം. മുന്‍ ഇതിഹാസം ഫ്രെഡ് ട്രൂമാന്റെ റെക്കോര്‍ഡാണ് ആന്‍ഡേഴ്‌സന്‍ പഴങ്കഥയാക്കിയത്. ട്രൂമാന്‍ 230 വിക്കറ്റുകളാണ് ഇംഗ്ലീഷ് പിച്ചുകളില്‍ നിന്ന് നേടിയത്.
ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ വിക്കറ്റ് വീഴ്ത്തിയാണ് ആന്‍ഡേഴ്‌സന്‍ റെക്കോര്‍ഡ് തന്റെ പേരിലേക്ക് മാറ്റിയത്. ടെസ്റ്റില്‍ 350ലേറെ വിക്കറ്റുകള്‍ക്കുടമയാണ് ആന്‍ഡേഴ്‌സന്‍.

 

 

---- facebook comment plugin here -----

Latest