ആറ് വര്‍ഷ കരാറില്‍ ക്രൂസ് റയലില്‍

Posted on: July 18, 2014 7:59 am | Last updated: July 18, 2014 at 7:59 am

Part-DV-DV1813132-1-1-1

മാഡ്രിഡ്: ജര്‍മന്‍ മധ്യനിര താരം ടോണി ക്രൂസ് ആറ് വര്‍ഷ കരാറില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറി. പുതിയ സീസണില്‍ സാന്റിയാഗോ ബെര്‍ണാബുവിലെത്തുന്ന ആദ്യ താരമായി ക്രൂസ് മാറി. 24കാരനായ ക്രൂസ് ബയേണ്‍ മ്യൂണിക്കില്‍ നിന്നാണ് ചാമ്പ്യന്‍സ് ലീഗ് കിരീട ജേതാക്കളുടെ പാളയത്തിലേക്ക് എത്തുന്നത്. ജര്‍മനിയുടെ ലോകകപ്പ് വിജയത്തില്‍ ക്രൂസിന്റെ സാന്നിധ്യം നിര്‍ണായകമായിരുന്നു. സെക്കന്റിന്റെ വ്യത്യാസത്തില്‍ ബ്രസീലിനെതിരെ ഇരട്ട ഗോളുകള്‍ നേടിയ താരം മധ്യനിരയില്‍ കളി നിയന്ത്രിക്കുന്നതിലും മിടുക്ക് കാട്ടി. രണ്ട് ഗോളുകള്‍ നേടുകയും നാല് ഗോളുകള്‍ക്ക് വഴിയൊരുക്കാനും ക്രൂസിന് സാധിച്ചിരുന്നു. താരത്തിന്റെ കൈമാറ്റം സംബന്ധിച്ച തുകയടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇരു ക്ലബുകളും പുറത്തുവിട്ടിട്ടില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും താരത്തിനായി അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു.
2007ല്‍ തന്റെ 17ാം വയസ്സിലാണ് ക്രൂസ് ബയേണ്‍ മ്യൂണിക്കില്‍ ചേര്‍ന്നത്. 2015വരെയായിരുന്നു നിലവില്‍ ബയേണുമായുണ്ടായിരുന്ന കരാര്‍.
ടോണി ക്രൂസിനെ ആറ് വര്‍ഷ കരാറില്‍ റയല്‍ മാഡ്രിഡിന് കൈമാറിയതായി ബയേണ്‍ ക്ലബ് അധികൃതര്‍ വെളിപ്പെടുത്തി. കൈമാറ്റ തുക സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുകയില്ലെന്ന് ഇരു ക്ലബുകളും തമ്മില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടന്നും അധികൃതര്‍ വ്യക്തമാക്കി. ബയേണിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ക്ക് താരത്തോട് നന്ദി പറയുന്നതായും റയലില്‍ കൂടുതല്‍ വിജയങ്ങളുണ്ടാകട്ടെയെന്നും ബയേണ്‍ ചീഫ് കാള്‍ ഹെയ്ന്‍സ് റുമിനിഗെ ആശംസിച്ചു.
നിര്‍ണായക ഘട്ടങ്ങളില്‍ കളിയുടെ ഗതി മാറ്റാന്‍ സാധിക്കുന്ന ലോകത്തെ അപൂര്‍വം പ്ലേമേക്കറില്‍ ഒരാളാണ് ടോണി ക്രൂസെന്ന് റയല്‍ ക്ലബ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതുകൊണ്ടു തന്നെയാണ് ക്രൂസിനെ ടീമിലെത്തക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.