Connect with us

Articles

നിറം പിടിപ്പിക്കാത്ത ചില വര്‍ണ വര്‍ത്തമാനങ്ങള്‍

Published

|

Last Updated

“പച്ചിലച്ചില്ലയില്‍ ചെപ്പടിപ്പന്തുപോല്‍
മെച്ചമായ് പാറ്റും ഫലം നിറഞ്ഞ….”
ജാതീയവും വര്‍ഗീയവുമായ അസമത്വം കൊടുകുത്തി വാണിരുന്ന കാലത്ത് അതിനെതിരെ കുമാരനാശാന്റെ തൂലികയില്‍ നിന്ന് 1922ല്‍ പുറത്തിറങ്ങിയ “ചണ്ഡാലഭിക്ഷുകി” എന്ന കവിതയിലെ രണ്ട് വരികളാണ് ഇവ. വരികളില്‍ കുമാരനാശാന്‍ “പച്ച നിറത്തോടു കൂടിയ ഇല” എന്ന അര്‍ഥത്തില്‍ “പച്ചില” എന്ന് പ്രയോഗിച്ചിരിക്കുന്നു. 1922ല്‍ നിന്ന് ഇപ്പുറം 2014ല്‍ എത്തുമ്പോള്‍ “പച്ച” എന്ന നിറത്തിന് വല്ലാത്തൊരു പരിവേഷം ചിലര്‍ കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു. പച്ച എന്ന നിറത്തെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ സോഷ്യല്‍ മീഡിയകളിലടക്കം നിരവധി പ്രചരിച്ചിരിക്കുന്നു. പച്ച നിറം ഒരു പ്രത്യേക സമുദായത്തെയും മതത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ചില പാര്‍ട്ടി നേതാക്കളും മുത്തശ്ശിപ്പത്രങ്ങളും ചാനല്‍ മാധ്യമ കിങ്കരന്മാരും അടിച്ചേല്‍പ്പിച്ചിരിക്കുന്നു. ഒരു നിറത്തിനും ലഭിക്കാത്ത പ്രാധാന്യം പച്ചക്ക് കല്‍പ്പിച്ച് , ഒരു പ്രത്യേക സമുദായത്തിനു നേരെ വര്‍ഗീയ വിഷം ചീറ്റാനുള്ള ഒരു “മീഡിയ”മായി പച്ച നിറത്തെ ഉപയോഗപ്പെടുത്തുന്നു. എങ്ങനെയാണ് നിറത്തിന് ഇത്തരത്തിലൊരു പ്രസിദ്ധി (കുപ്രസിദ്ധി) നല്‍കപ്പെട്ടിരിക്കുന്നത്.
ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഉന്നത സ്ഥാപനങ്ങളില്‍ പഠിപ്പിക്കാനുപയോഗിക്കുന്ന ഹൈഡെഫിനിഷന്‍ മാഗ്‌നറ്റിക് ബോര്‍ഡിന്റെ നിറം പച്ചയായിപ്പോയി എന്നതും വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പ്രത്യേക സമുദായക്കാരനായിപ്പോയി എന്നതുമാണ്. നിറങ്ങള്‍ രാഷ്ട്രീയത്തെയും സമുദായത്തെയും മതത്തെയും പ്രതിനിധാനം ചെയ്യുന്നു എന്ന വിഡ്ഢിത്തം എന്നു മുതലാണ് രാഷ്ട്രീയ നേതാക്കളും ചില ചാനല്‍ മാധ്യമ പ്രവര്‍ത്തകരും രൂഢമൂലമാക്കി വെച്ചിരിക്കുന്നത്? ഏത് രീതിയിലാണ് ഇവരുടെ കണ്ടെത്തല്‍? എന്തു കൊണ്ടാണ് പച്ച നിറത്തെ “ഭീകരനെന്ന്” അഭിസംബോധന ചെയ്തത്? എങ്ങനെയാണ് പച്ച നിറത്തിന് ഒരു സമുദായത്തിന്റെ സ്വത്വമറിയിക്കാനാകുന്നത്? ഒറ്റവാക്കില്‍ പറഞ്ഞു പോകാവുന്നതല്ല പച്ച എന്ന നിറത്തിന്റെ പരമാര്‍ഥങ്ങള്‍. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ചില വര്‍ണ വിശേഷങ്ങള്‍ കൂടി അറിയേണ്ടതുണ്ട്.
ചായങ്ങളില്‍ (Pigment) പ്രാഥമിക വര്‍ണങ്ങള്‍ (Primary Colours), ദ്വിതീയ വര്‍ണങ്ങള്‍ (Secondary Colours), ത്രിതീയ വര്‍ണങ്ങള്‍ (Tertiary Colours)…… എന്നിങ്ങനെ പോകുന്നു നിറങ്ങളുടെ തരംതിരിവ്. ഇതിനു പുറമെ പ്രശാന്തമായ, മിതോഷ്ണമായ നിറങ്ങള്‍ (Cool Colours), ചൂടേറിയ വര്‍ണങ്ങള്‍ (Warm Colours) എന്നിങ്ങനെയും നിറങ്ങളെ തരംതിരിച്ചിരിക്കുന്നു. ഇതില്‍ ചായക്കൂട്ടുകളിലെ പ്രാഥമിക വര്‍ണങ്ങളായ നീല (Blue)യും മഞ്ഞ (Yellow)യും കൂട്ടിയോജിപ്പിക്കുമ്പോഴാണ് ചായക്കൂട്ടുകളിലെ ദ്വിതീയ വര്‍ണങ്ങളിലൊന്നായ പച്ച ലഭിക്കുന്നത്. അതിനാല്‍ പച്ച പ്രശാന്തമായ വര്‍ണ(Cool Colours)ങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ഈ നിറം പ്രതിനിധാനം ചെയ്യുന്നത് സമൃദ്ധിയേയും ഐശ്വര്യത്തേയുമാണ്. പുറമെ കണ്ണിന് കുളിര്‍മയേകുന്ന നിറമെന്ന രീതിയിലും ശാസ്ത്രീയമായി പച്ച നിറം അറിയപ്പെടുന്നു. പ്രകൃതിയില്‍ കൂടുതലുള്ള നിറവും പച്ചയാണ്. അല്ലാതെ സമുദായത്തിന്റെയോ പ്രത്യേക പാര്‍ട്ടിയുടെയോ സ്വത്വമായല്ല നേതാക്കളേ പച്ചക്ക് സ്ഥാനം കല്‍പ്പിച്ചിരിക്കുന്നത്.
പിന്നെ കറുപ്പ് ബോര്‍ഡ് നിര്‍ബന്ധം പിടിക്കുന്നവര്‍ ചിലതുകൂടി മനസ്സിലാക്കുക. എന്തുകൊണ്ടും കറുപ്പ് എന്ന ശോക വര്‍ണത്തേക്കാള്‍ ഉചിതമാണ് ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ട കണ്ണിന് കുളിര്‍മയേകുന്ന “കൂള്‍ കളറുകളില്‍പ്പെട്ട” പച്ച എന്ന നിറം . ഈ നിറം സ്‌കൂളുകളിലെ ബോര്‍ഡുകള്‍ക്കുള്ള കറുപ്പ് നിറത്തേക്കാള്‍ യോജിക്കുന്നതെന്തുകൊണ്ടെന്നാല്‍, ശോകവും മൂകവുമായ അവസ്ഥയെ കറുപ്പ് എന്ന നിറം പ്രതിനിധാനം ചെയ്യുന്നുവെന്നാണ് നിറങ്ങളുടെ വിന്യാസത്തില്‍ പ്രതിപാദിക്കുന്നത്. അതിനാല്‍ ശോകാവസ്ഥയിലുള്ള കറുപ്പ് നിറം കഴിയുന്നതും ക്ലാസ് മുറികളില്‍ നിന്നും മാറ്റിനിര്‍ത്തുന്നതല്ലേ ശാസ്ത്രീയതയുടെ അടിസ്ഥാനത്തില്‍ തന്നെ നല്ലത്? പച്ച നിറം മാനസികാവസ്ഥയില്‍ പ്രസന്നത നല്‍കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ സ്‌കൂളുകളിലെ ബോര്‍ഡുകള്‍ അത്തരത്തിലുള്ള നിറമാക്കുകയാണ് നല്ലെതന്നല്ലേ ശാസ്ത്രത്തിലൂടെ പലതും ഗണിച്ചു നോക്കുന്നവര്‍ പോലും കരുതേണ്ടത്. അതൊന്നും ചിന്തിക്കാതെ വിറളി പിടിക്കുന്നവര്‍ നിറത്തിലും ചിലത് അടങ്ങിയിരിക്കുന്നു എന്ന കാര്യം കൂടി മനസ്സിലാക്കേണ്ടതല്ലേ? മറ്റു വലിയ ജനകീയ പ്രശ്‌നങ്ങള്‍ക്കിടയില്‍ നിറത്തിന്റെ ജാതിയും മതവും നോക്കി വൃഥാ സഞ്ചരിക്കുന്ന നേതാക്കളുടെ അല്‍പ്പ സമയം ഇത്തരം കാര്യങ്ങള്‍ക്കുകൂടി ചെലവഴിക്കുന്നത് ഉചിതമല്ലേ?
അതിനപ്പുറം നിറങ്ങളുടെ രാഷ്ട്രീയമാണ് കണക്കുകൂട്ടുന്നതെങ്കില്‍, ചായങ്ങളില്‍ പ്രാഥമിക വര്‍ണങ്ങളിലൊന്നായ ചുകപ്പ്(Red) കണ്ണിന് ചൂട് നല്‍കുന്ന വര്‍ണമായാണ് ( Warm Colour) ശാസ്ത്രം പറയുന്നത്. അത്തരം നിറങ്ങള്‍ പൂശിയിട്ടുള്ള ബോര്‍ഡുകളിലും മുറികളിലും മറ്റും ഒരു നിശ്ചിത സമയത്തിലധികം നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നാണ്. നമ്മുടെ മാനസികാവസ്ഥ തന്നെ മാറ്റപ്പെടും എന്നും ചായക്കൂട്ടുകളുടെ ശാസ്ത്രീയമായ വിവരണത്തില്‍ പറയുന്നു. അതിനാല്‍ തന്നെ ചിത്രരചനയില്‍ ചുകപ്പ് എന്ന നിറം പ്രതിനിധാനം ചെയ്യുന്നത് യുദ്ധം, ഭയാനകം, അപകടം എന്നീ വികാരങ്ങളെയാണ്. എന്നതു കൊണ്ട് ചുകപ്പ് അടങ്ങിയ കൊടി പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികള്‍ അപകടത്തിന്റെയും യുദ്ധത്തിന്റെയും ഭയാനക സംഭവങ്ങളുടെയും വക്താക്കളാണെന്ന് വിവക്ഷിക്കുന്നത് വിഡ്ഢിത്തമാണെന്ന്“”അരി ഭക്ഷണം കഴിക്കുന്ന” നേതാക്കള്‍ക്കെങ്കിലും തോന്നില്ലേ?
നിറങ്ങളെ രാഷ്ട്രീയത്തിന്റെയും സമുദായത്തിന്റെയും മതത്തിന്റെയും ആലയില്‍ തളക്കാതെ വെറുതെ വിടുക. അവക്ക് സ്വതന്ത്രമായ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ആവശ്യം. അല്ലാതെ സ്‌കൂളുകളിലെ യൂനിഫോം പച്ചയാകുമ്പോഴും ബോര്‍ഡ് പച്ച തേക്കുമ്പോഴും എഴുന്നള്ളിച്ച് വര്‍ഗീയത ഉന്നയിക്കാനുള്ള ഉപകരണമല്ലത്. ഇത്തരത്തിലൊരു പാപ്പരത്തം നമ്മുടെ ചാനല്‍ മാധ്യമ പാപ്പരാസികള്‍ക്കിടയിലും ചില നേതാക്കള്‍ക്കിടയിലും സംഭവിക്കുന്നുവെന്നോര്‍ക്കുമ്പോള്‍ ഇവരുടെയെല്ലാം മസ്തിഷ്‌കം എവിടെയാണ് പണയം വെച്ചതെന്ന് ആര്‍ക്കും വ്യക്തമാകും. വര്‍ഗീയ വിഷച്ചീറ്റലിനു വേണ്ടി പ്രശാന്തവര്‍ണമായറിയപ്പെടുന്ന പച്ചയെ ഉപയോഗപ്പെടുത്താതിരിക്കുക. നിറങ്ങള്‍ക്ക് രാഷ്ട്രീയവും വര്‍ഗീയതയുമില്ല. അത്തരം വികാരങ്ങള്‍ കാള പെറ്റെന്ന് കേട്ട് കയറെടുക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെയും ചില ചാനല്‍- മാധ്യമ പാപ്പരാസി വൃന്ദങ്ങളുടെയും സിരകളില്‍ ഓടുന്ന വര്‍ഗീയ വിഷത്തിന്റെ സൃഷ്ടിയല്ലാതെന്താണ്?

Latest