മവോയിസ്റ്റ്:അട്ടപ്പാടി മേഖല ഭീതിയില്‍

Posted on: July 17, 2014 10:42 am | Last updated: July 17, 2014 at 10:42 am

attappadi1പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകരെ കണ്ടെത്തിയ കുറുക്കന്‍ക്കുണ്ട് മേഖല ഭീതിയില്‍. ആയുധധാരികളായ ഏഴുപേരാണ് പ്രദേശത്തെ വീടുകളില്‍ രണ്ടുതവണയായി സന്ദര്‍ശനം നടത്തിയത്.
വീടുകളിലെത്തി ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ച ഇവര്‍ പ്രദേശവാസികളോട് സംഘടനയില്‍ ചേരണമെന്നും ആഹ്വാനം ചെയ്തു. ഇവരുടെ സംഘത്തില്‍ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നുവെന്ന് ഇവരെ നേരില്‍ക്കണ്ട പ്രദേശവാസികള്‍ പറഞ്ഞു.
അട്ടപ്പാടിയിലെ ഏറ്റവും പിന്നോക്കമേഖലകളിലൊന്നാണ് കുറുക്കന്‍ക്കുണ്ട്. തങ്ങളുടെ സംഘടനയില്‍ ചേരണമെന്ന് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായും ഇവര്‍ വ്യക്തമാക്കി.
കുറക്കന്‍ക്കുണ്ടിന് പുറമെ ഷോളയൂര്‍, ഗലസി, തുടുക്കി, മഞ്ചിയൂര്‍ എന്നിവിടങ്ങളിലും മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചു. തമിഴ്‌നാടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളാണിത്. മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ സന്ദര്‍ശനം ഈ മേഖലയിലെ പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.
ഈ മേഖലകളില്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ആരേയും പിടികൂടാന്‍ സാധിച്ചിട്ടില്ല.