Connect with us

Palakkad

ഗവ: മെഡിക്കല്‍ കോളജ്: ഇനി ലക്ഷ്യം ആശുപത്രി ബ്ലോക്ക്

Published

|

Last Updated

പാലക്കാട്: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതോടെ പാലക്കാട് ഗവ: മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം ക്ലാസുകള്‍ തുടങ്ങും. സാധാരണക്കാരുടെ വിദഗ്ധ ചികിത്സാ സ്വപ്‌നങ്ങള്‍ക്ക് നിറമേകാന്‍ ഇനി വേണ്ടത് ആശുപത്രി ബ്ലോക്കാണ്. മൂന്നുവര്‍ഷത്തിനകം 500 കിടക്കകളുള്ള സ്വന്തംകെട്ടിടമാണ് ഇതിനായി ഉദ്ദേശിക്കുന്നത്. ഇതിന്റെ നിര്‍മാണം എത്രയുംപെട്ടെന്ന് ആരംഭിക്കും. ഇത് പൂര്‍ത്തിയാകുന്നതോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങളാണ് പാലക്കാടിനെ കാത്തിരിക്കുന്നത്. ഹോസ്റ്റല്‍ കെട്ടിട നിര്‍മാണവും ഇതോടനുബന്ധിച്ച് നടക്കും. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത വേട്ടയാടിയിരുന്ന പാലക്കാടിന് ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമായത്. ഷാഫിപറമ്പില്‍ തെരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനമായിരുന്നു പാലക്കാടിന് സ്വന്തമായി വിദഗ്ധ ചികിത്സാ കേന്ദ്രം. ഷാഫി തിരഞ്ഞെടുക്കപ്പെടുകയും യു ഡി എഫ് അധികാരത്തില്‍ വരികയും ചെയ്‌തെങ്കിലും സംസ്ഥാന ബജറ്റില്‍ പാലക്കാടിന് മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചില്ല. ഇതോടെ ആക്ഷേപങ്ങള്‍ ശക്തമായി. എന്നാല്‍ പാലക്കാട്ട് ഗവ. മെഡിക്കല്‍ കോളജ് വരുമെന്ന് ആവര്‍ത്തിച്ചുപറയുകയാണ് ഷാഫി ചെയ്തത്. അതിനു തുടര്‍ച്ചയായി പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പാലക്കാടിന് മെഡിക്കല്‍ കോളജ് അനുവദിക്കുകയും ചെയ്തു. അതോടെ സ്ഥാപിക്കുന്ന സ്ഥലത്തെ ചൊല്ലിയായി വിവാദം. ഐ ടി ഐ ഭൂമി തിരിച്ചെടുക്കുന്നതിനെതിരെ അവര്‍ കോടതിയെ സമീപിച്ചതോടെ ശിലാസ്ഥാപനം നടത്തിയശേഷവും ആശങ്കയായി. എന്നാല്‍ ആറുമാസവും 20 ദിവസവും കൊണ്ട് 50,000 ചതുരശ്രഅടി വരുന്ന അക്കാദമിക്ക് ബ്ലോക്ക് പൂര്‍ത്തീകരിച്ചാണ് നിലവിലെ നേട്ടത്തിലേക്ക് എത്തിയത്. ഇതിനിടെ മഞ്ചേരിയിലെ കോളജിന് അനുമതി നിഷേധിക്കപ്പെട്ടതും ആശങ്കപരത്തി. ഈ വര്‍ഷം കോളജ് ആരംഭിച്ചില്ലെങ്കില്‍ നിയമനം ലഭിച്ചവര്‍ക്ക് ഒരുവര്‍ഷം ശമ്പളം നല്‍കേണ്ടിവരുമായിരുന്നു. ഈ നിയമന നടപടികളും ഇപ്പോള്‍ അഗീകാരം ലഭിക്കാന്‍ കാരണമായി. ഇതിനിടയില്‍ സ്വാശ്രയ കോളജാണെന്നും സഹകരണ കോളജാണെന്നും വരെ ആക്ഷേപമുണ്ടായി. പക്ഷേ അതൊന്നും നിലനിന്നില്ല. കോളജിന് അനുവദിച്ചിട്ടുള്ള നൂറ് സീറ്റില്‍ 70 ഉം പട്ടികജാതി-വര്‍ഗത്തിനായി സംവരണം ചെയ്തിരിക്കയാണ്. 30 സീറ്റാണ് ഇവിടെ ജനറല്‍ വിഭാഗത്തിനുള്ളത്. സംസ്ഥാനത്ത് നിലവില്‍ 3000 ത്തിലധികം എം ബി ബി എസ് സീറ്റില്‍ 100-114 സീറ്റാണ് പട്ടികജാതിക്കാര്‍ക്ക് ലഭിക്കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരൊറ്റ കോളജില്‍ തന്നെ പട്ടികജാതിക്കാര്‍ക്ക് 70 സീറ്റ് നല്‍കുന്നത് രാജ്യത്തിനാകെ മാതൃകയാണ്. ഏറ്റവും ഒടുവില്‍ പട്ടികജാതിക്കാരുടെ ഫണ്ട് മാത്രം ചെലവാക്കുന്നതായും ആക്ഷേപമുണ്ടായി. അതിനുള്ള മറുപടിയായി ഇന്നലെ ധനമന്ത്രി കെ.എം. മാണി കോളജിന് ആദ്യ സഹായമായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. പാലക്കാടിന്റെ ജീവിതസ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പട്ടികജാതിവകുപ്പ് മന്ത്രി എ.പി. അനില്‍കുമാറും കാണിച്ച താല്‍പ്പര്യത്തിനു മുന്നില്‍ പാലക്കാടന്‍ ജനത കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

Latest