Connect with us

Ongoing News

കരുണാ എസ്റ്റേറ്റിന് നികുതി സ്വീകരിച്ചതില്‍ റവന്യൂ വകുപ്പിന് വീഴ്ച

Published

|

Last Updated

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ പോബ്‌സണ്‍ ഗ്രൂപ്പിന്റെ കരുണാ പ്ലാന്റേഷന്‍ ഉള്‍പ്പെടുന്ന ഭൂമിയുടെ നികുതി സ്വീകരിക്കാനിടയായതില്‍ റവന്യു വകുപ്പിന് വീഴ്ച സംഭവിച്ചെന്ന് ഉന്നതതല സമിതി റിപ്പോര്‍ട്ട്.
വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍വേറ്റര്‍ വി ഗോപിനാഥ് അധ്യക്ഷനും അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍മാരായ സുരേന്ദ്ര് കുമാര്‍, സി എസ് യാലക്കി എന്നിവര്‍ അംഗങ്ങളുമായ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ട് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കാതെ റവന്യുവകുപ്പ് നികുതി സ്വീകരിച്ചത് സംശയാസ്പദമാണെന്നും ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
വനംവകുപ്പിന്റെ വാദഗതികള്‍ പരിഗണിച്ച സുപ്രീംകോടതി നിക്ഷിപ്ത വനമായി മൊത്തം 86.46 ഏക്കര്‍ മാത്രമേയുള്ളൂ എന്നാണ് കണ്ടെത്തിയത്. ഇക്കാര്യത്തില്‍ തുടര്‍വ്യവഹാരം നടത്തിയാലും കൂടുതല്‍ നിക്ഷിപ്തവനം ഉണ്ടെന്ന് സ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍ അവശേഷിക്കുന്നില്ല. കരുണാ എസ്റ്റേറ്റ് അടങ്ങുന്ന പ്രദേശത്ത് വനം വകുപ്പിനുള്ളത് മൊത്തം 100 ഏക്കര്‍ ഭൂമി മാത്രമാണ്. 86.46 ഏക്കറിന് പുറമെ 2003 ലെ പരിസ്ഥിതി ദുര്‍ബലഭൂ നിയമം അനുസരിച്ച് എസ്റ്റേറ്റിലെ 13.58 ഏക്കര്‍ പരിസ്ഥിതി ദുര്‍ബല ഭൂമിയും വനംവകുപ്പ് ഏറ്റെടുത്തിരുന്നു. ബാക്കി 819 ഏക്കറോളം ഭൂമി റവന്യുവകുപ്പിന്റേതാണെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ തെളിയിക്കുന്നത്. കരം വാങ്ങാമോ എന്ന് ആരാഞ്ഞ് റവന്യുവകുപ്പ് നല്‍കിയ കത്തില്‍ പോബ്‌സണ്‍ ഗ്രൂപ്പിന് അവകാശമില്ലാത്ത 48.50 ഏക്കര്‍ ഭൂമിയുണ്ടെന്ന് വനംവകുപ്പാണ് ചൂണ്ടിക്കാട്ടിയത്. ഇത് കണ്ടെത്താതിരുന്നത് റവന്യു വകുപ്പിന്റെ ഭാഗത്തെ കനത്തവീഴ്ചയാണ്. കോടതിവിധിയെ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ മുഴുവനും അറിയാമെന്നിരിക്കെ വനം വകുപ്പിനോട് കരം വാങ്ങാമോ എന്ന് റവന്യുവകുപ്പ് അഭിപ്രായം ആരായാന്‍ പാടില്ലായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ പയ്യാലൂര് മുതലമട വില്ലേജില്‍ വെങ്കനാട് കോവിലകത്തിന്റെ കൈവശമുണ്ടായിരുന്ന 1500 ഏക്കറോളം വിസ്തൃതിയുള്ള കരുണാ എസ്റ്റേറ്റ്(മുമ്പ് സീതര്‍ഗുഡി) ഇപ്പോള്‍ പോബ്‌സണ്‍ കമ്പനിയുടെ ഉടമസ്ഥതയിലാണ്. പല കൈമറിഞ്ഞ് 1979 ലാണ് എസ്റ്റേറ്റ് പോബസ്ണന്റെ പക്കലെത്തിച്ചേരുന്നത്. 919 ഏക്കര്‍ മാത്രമാണ് പോബ്‌സണുള്ളത് എന്നാണ് രേഖകള്‍ വ്യക്മാക്കുന്നത്. ബാക്കി 776.69 ഏക്കര്‍ സ്ഥലം റവന്യുവകുപ്പിന്റെ അധികാരപരിധിയിലുള്ള സ്വകാര്യ എസ്റ്റേറ്റാണ്. 75 വര്‍ഷത്തെ പാട്ടക്കരാര്‍ 1964ല്‍ അവസാനിച്ച ശേഷം കോവികലകം 69 ലാണ് ഭൂമി കൈമാറ്റം നടത്തുന്നത്. ഇതിന് നിയമസാധുതയുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് ഭൂമി പലരും അക്കാലത്ത് തിരിച്ചേല്‍ച്ചിരുന്നില്ല. വെങ്കനാട് കോവിലകം അവകാശികള്‍ സര്‍ക്കാറിനെതിരായി 1964 ല്‍ നല്‍കിയ കേസ് 2003 ലാണ് തീര്‍പ്പായത്. ഇതും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ട്. തുടര്‍ന്ന് അവകാശികളുടെ പക്കല്‍ വന്നു ചേര്‍ന്ന കരുണ എസ്റ്റേറ്റ് അടക്കമുള്ള ഭൂമികള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്. ഈ ചുമതല വഹിക്കേണ്ടത് റവന്യുവകുപ്പാണ്.
നികുതി സ്വീകരിക്കാമോ എന്ന് ആരാഞ്ഞ് ചിറ്റൂര്‍ തഹസില്‍ദാര്‍ നല്‍കിയ കത്തിന്, അപേക്ഷകന്റെ കൈവശമുള്ള 319.95 ഹെക്ടറില്‍ പരിസ്ഥിതി ദുര്‍ബലമായ 13.58 ഏക്കര്‍ ഒഴിച്ച് 314 ഹെക്ടറിന് കരം സ്വീകരിക്കാവുന്നതാണെന്ന് നെന്മാറ ഡി എഫ് ഒ മറുപടി നല്‍കിയിരുന്നു. പോബ്‌സണ്‍ കൈവശഭൂമിയിലെ ബാക്കി 19.73 ഹെക്ടര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് തീരുമാനിക്കേണ്ടത് റവന്യുവകുപ്പാണെന്നും ഡി എഫ് ഒ കത്തില്‍ പറഞ്ഞിരുന്നു. പാലക്കാട് സര്‍വേ സൂപ്രണ്ട് തയാറാക്കിയ സ്‌കെച്ച് അനുസരിച്ചാണ് ഡി എഫ് ഒ കരംസ്വീകരിക്കാമെന്ന എന്‍ ഒ സി നല്‍കിയത്. എന്നാല്‍ നിലവിലുള്ള രേഖകള്‍ക്ക് വിഭിന്നമായി കൂടുതല്‍ രേഖകള്‍ വന്നാല്‍ തീരുമാനം മാറ്റാവുന്നതാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.
വനംവകുപ്പിന്റെ അധീനതയിലുളള ഭൂമി സംരക്ഷിച്ചാണ് ഡി എഫ് ഒ കത്ത് നല്‍കിയത്. റവന്യുഭുമി സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ വനംവകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. എന്നാല്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടുന്ന റവന്യുഉദ്യോഗസ്ഥരെ ഇതിന് നിയമിക്കേണ്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടേണ്ട അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ എന്‍ കെ ശശിധരന്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

---- facebook comment plugin here -----

Latest