സിറിയയില്‍ ബശര്‍ അല്‍ അസദ് പ്രസിഡന്റായി അധികാരമേറ്റു

Posted on: July 17, 2014 1:12 am | Last updated: July 17, 2014 at 1:12 am
Assad_2004984g
പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തെലേക്കെത്തുന്ന
ബശര്‍ അല്‍ അസദ്‌

ദമസ്‌കസ്: രക്തരൂഷിത ആഭ്യന്തര യുദ്ധത്തിനിടെ, അടുത്ത ഏഴ് വര്‍ഷത്തേക്ക് കൂടി സിറിയന്‍ പ്രസിഡന്റായി ബശര്‍ അല്‍ അസദ് അധികാരമേറ്റു. പുറത്തുനിന്നുള്ളവര്‍ നടത്തിയ വൃത്തികെട്ട യുദ്ധത്തില്‍ വിജയിച്ചവരാണ് സിറിയക്കാര്‍ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തീവ്രവാദത്തിനെതിരെ ആത്മവിശ്വാസത്തോടെ അദ്ദേഹം വിജയം പ്രഖ്യാപിച്ചു. സിറിയന്‍ പ്രതിപക്ഷ നിരയെ സഹായിച്ച രാജ്യങ്ങള്‍ വലിയ വിലയൊടുക്കേണ്ടി വരുമെന്നും അസദ് മുന്നറിയിപ്പ് നല്‍കി.
ദമസ്‌കസിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് അസദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഖാസിയൂന്‍ മലനിരകളിലെ കൊട്ടാരത്തില്‍ നടന്ന ചടങ്ങ് സിറിയന്‍ ദേശീയ ടി വി തല്‍സമയം സംപ്രേഷണം ചെയ്തു. പാര്‍ലിമെന്റംഗങ്ങള്‍ക്ക് പുറമെ ക്രിസ്ത്യന്‍, മുസ്‌ലിം പണ്ഡിതന്‍മാരും ചടങ്ങില്‍ പങ്കെടുത്തു.
പാശ്ചാത്യ പിന്തുണയോടെ തീവ്രവാദികള്‍ നടപ്പാക്കിയ കലാപം മൂലം രാജ്യം താറുമാറായെന്നും അറബ് വസന്തമെന്ന പേരിലുള്ള ജനകീയ വിപ്ലവമല്ല സിറിയയില്‍ ഉണ്ടായതെന്നും അസദ് പറഞ്ഞു. നാലാം വര്‍ഷത്തിലേക്ക് കടന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ 1.70 ലക്ഷം പേര്‍ കൊല്ലപ്പെടുകയും ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം അഭയാര്‍ഥികളാകുകയും ചെയ്തിട്ടുണ്ട്.