Connect with us

Kollam

ആര്‍ എസ് എസിനും ഇസ്‌റാഈലിനും ഒരു രക്തം: പിണറായി

Published

|

Last Updated

കൊല്ലം: ക്രൂരമായ ആക്രമണത്തിനിരയാകുന്ന ഫലസ്തീന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത് ആര്‍ എസ് എസിനും ഇസ്‌റാഈലിനും ഒരേ രക്തമായതു കൊണ്ടാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേന്ദ്ര ഭരണം കൈയാളുന്ന ബി ജെ പിയെ നിയന്ത്രിക്കുന്ന ആര്‍ എസ ്എസിന്റെ അടുത്ത ബന്ധുക്കളാണ് ഇസ്‌റാഈലിലെ ഭരണാധികാരികള്‍. ലോകരാജ്യങ്ങളുടെ പ്രതികരണങ്ങളെ തെല്ലും വകവെക്കാതെ ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും ഇസ്‌റാഈല്‍ കൊന്നൊടുക്കുന്നു. പ്രശ്‌നത്തില്‍ ഇടപെടാന്‍ ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ഥിക്കാന്‍പോലും ബി ജെ പി സര്‍ക്കാര്‍ തയ്യാറല്ലെന്നും പിണറായി കുറ്റപ്പെടുത്തി. കുവൈത്ത് കലാ ട്രസ്റ്റ് കൊട്ടാരക്കര മിനര്‍വ തിയേറ്ററില്‍ സംഘടിപ്പിച്ച വി സാംബശിവന്‍ അവാര്‍ഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എക്കാലത്തും ഫലസ്തീനിനെ പിന്തുണച്ചുപോന്ന രാജ്യമാണ് ഇന്ത്യ. വാജ്പയി സര്‍ക്കാരിന്റെ കാലത്താണ് ഫലസ്തീന്‍ ബന്ധത്തില്‍ മാറ്റം വരുത്തിയത്. ഇസ്‌റാഈലില്‍ നിന്ന് ആയുധം വാങ്ങാന്‍ തുടക്കം കുറിച്ചത് വാജ്പയി സര്‍ക്കാരാണ്. തുടര്‍ന്നുവന്ന യു പി എ സര്‍ക്കാര്‍ ഇസ്‌റാഈലിനെ ഇന്ത്യയുടെ പ്രധാന ആയുധ പങ്കാളിയാക്കി. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ആയുധം വിറ്റുകിട്ടുന്ന പണം കൊണ്ടാണ് ഇസ്‌റാഈല്‍ ഫലസ്തീനിനെ ആക്രമിക്കാന്‍ കോപ്പുകൂട്ടുന്നത്. ഇസ്‌റാഈല്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന ആര്‍ എസ് എസ് നയമാണ് വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സത്പാരമ്പര്യം ഉപേക്ഷിക്കുന്ന ബി ജെ പി സര്‍ക്കാരിന്റെ സാമ്രാജ്യത്വ പ്രീണന നയങ്ങള്‍ക്കെതിരെ പൊതുവികാരം ഉയര്‍ന്നുവരണമെന്നും പിണറായി പറഞ്ഞു. മതേതര മൂല്യങ്ങള്‍ നിലനിന്ന ഇറാഖിനെ ശിഥിലമാക്കിയ അമേരിക്കയുടെ അടുത്ത ലക്ഷ്യം മതേതര രാജ്യമായ സിറിയയെ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.