Connect with us

National

മഞ്ചുനാഥിനെ തന്നെ ചീഫ് ജസ്റ്റിസാക്കണം

Published

|

Last Updated

ന്യുഡല്‍ഹി: കര്‍ണാടക ഹൈക്കോടതി ജഡ്ജി കെ എല്‍ മഞ്ചുനാഥിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് സുപ്രീം കോടതി കൊളീജിയം വീണ്ടും കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മഞ്ചുനാഥിന് സ്ഥാനക്കയറ്റം നല്‍കാനുള്ള കൊളീജിയത്തിന്റെ ശിപാര്‍ശ മോദി സര്‍ക്കാര്‍ തിരിച്ചയച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് അതേ നിര്‍ദ്ദേശം കൊളീജിയം രണ്ടാമതൊരിക്കല്‍ കൂടി കേന്ദ്രത്തിന് അയക്കുന്നത്.
ജഡ്ജിമാരെ നിയമിക്കാനും അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുമുള്ള അധികാരം സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുള്‍പ്പെട്ട കൊളീജിയത്തിനാണ്. ഇതിന്റെ അധ്യക്ഷന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ്.
മഞ്ചുനാഥിനെതിരെ സുപ്രിംകോടതിയിലെ ഒരു മുതിര്‍ന്ന ജഡ്ജി മോശമായ അഭിപ്രായം എഴുതിയെന്ന് ചൂണ്ടിക്കാട്ടിയാണ് കൊളീജിയത്തിന്റെ നിര്‍ദ്ദേശമടങ്ങിയ ഫയല്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തിരിച്ചയച്ചത്. പ്രധാനമന്ത്രി മോദിയുമായി കൂടിയാലോചിച്ചശേഷമാകാം ഫയല്‍ തിരിച്ചയച്ചതെന്ന് ഉറപ്പാണ്.
എന്നാല്‍, മഞ്ചുനാഥിനെതിരായ പരാതികളില്‍ കഴമ്പില്ലെന്നും, കേന്ദ്രത്തിന്റെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രശ്‌നം വിലയിരുത്തിയശേഷം കൊളീജിയം വ്യക്തമാക്കി. തുടര്‍ന്നാണ് ജസ്റ്റിസ് മഞ്ചുനാഥിനെ തന്നെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കൊളീജിയം ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ മഞ്ചുനാഥിനെ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുക മാത്രമേ കേന്ദ്രത്തിന് പോംവഴിയുള്ളു. മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശിപാര്‍ശ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നിരസിക്കുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. ഈ നടപടിയെ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. അധ്യക്ഷനായ തന്നെ അറിയിക്കാതെ കൊളീജിയത്തിന്റെ നിര്‍ദേശം സര്‍ക്കാര്‍ തിരിച്ചയച്ചത് ശരിയായില്ലെന്നും നീതിപീഠത്തെ കൊച്ചാക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ലോധ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീം കോടതി ജഡ്ജിയാക്കാന്‍ തന്റെ പേര്‍ പരിഗണിക്കേണ്ടെന്ന് ഗോപാല്‍ സുബ്രഹ്മണ്യം നിലപാടെടുത്തതിനാല്‍ കേന്ദ്രം ചെന്ന്ചാടുമായിരുന്ന വലിയൊരു പ്രതിസന്ധി വഴിമാറുകയായിരുന്നു.