Connect with us

Ongoing News

മാവോയിസ്റ്റ് സാന്നിധ്യം: അട്ടപ്പാടിയില്‍ ഊര്‍ജിത തിരച്ചില്‍

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിക്കുകയും ഇവരുടെ ചിത്രങ്ങള്‍ തിരിച്ചറിയപ്പെടുകയും ചെയ്തതോടെ മാവോയിസ്റ്റുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമായി.
കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലാണ് മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി എം എല്‍ സുനില്‍, ഡിവൈ എസ് പി വാഹിദ്, അഗളി ഡി വൈ എസ് പി കെ സി ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് അംഗങ്ങളും അഗളി പോലീസുമടങ്ങിയ സംഘമാണ് തിരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞദിവസം അട്ടപ്പാടി കുറുക്കന്‍കുണ്ട് ഭാഗത്ത് മാവോയിസ്റ്റുകള്‍ എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. നിലവില്‍ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസില്‍ പെടുത്തിയ വേല്‍മുരുകന്‍, വിക്രം ഗൗഡ, എം ജെ കൃഷ്ണ, കിരണ്‍ കൃഷ്ണ എന്നിവരുടെ ചിത്രങ്ങളാണ് ആദിവാസികള്‍ തിരിച്ചറിഞ്ഞത്. തമിഴും മലയാളവും കലര്‍ന്ന ഭാഷയിലാണ് ഇവര്‍ സംസാരിച്ചതെന്ന് ആദിവാസികള്‍ വെളിപ്പെടുത്തി. പ്രദേശത്തെ വീടുകളില്‍ ഇവര്‍ നോട്ടീസ് വിതരണം നടത്തുകയും അരി ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വാങ്ങികൊണ്ടുപോകുകയും ചെയ്തു. സ്ത്രീകളുള്‍പ്പടെയുള്ള സംഘത്തിന്റെ കൈവശം ആയുധങ്ങളുമുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് പോലീസും അതിര്‍ത്തിയില്‍ തിരച്ചില്‍ തുടരുന്നുണ്ട്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് സാന്നിധ്യം മാസങ്ങളായി പോലീസിനെയും അലട്ടുകയാണ്.
നിരവധിതവണ തണ്ടര്‍ബോള്‍ട്ട് സേനയുടെ സഹായത്തോടെ വനമേഖലയില്‍ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.

Latest