ബെന്തൂര്‍ കാസര്‍കോട് പാസഞ്ചര്‍ ഗുരുവായൂര്‍ വരെ ദീര്‍ഘിപ്പിക്കണം: എം കെ രാഘവന്‍ എം പി

Posted on: July 16, 2014 1:14 am | Last updated: July 16, 2014 at 1:14 am

കോഴിക്കോട്: കേന്ദ്ര റെയില്‍വേ ബജറ്റില്‍ സംസ്ഥാനത്തിന് അനുവദിച്ച ഒരേയൊരു ട്രെയിനായ ബൈന്തൂര്‍ കാസര്‍കോട് പാസഞ്ചര്‍ ഗുരുവായൂര്‍ വരെ ദീര്‍ഘിപ്പിക്കണമെന്ന് എം കെ രാഘവന്‍ എം പി. കേന്ദ്ര റെയില്‍വേ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രത്യേക തീര്‍ഥാടന സര്‍ക്യൂട്ടില്‍ ബൈന്തൂര്‍ കാസര്‍കോട് പാസഞ്ചര്‍ മാത്രമാണ് കേരളത്തിന് ലഭിച്ചത്. മൂകാംബിക ക്ഷേത്രത്തിന് പുറമെ ഗുരൂവായൂര്‍ ക്ഷേത്രവും ബന്ധിപ്പിക്കുന്ന തരത്തില്‍ ബൈന്തൂര്‍- കാസര്‍കോട് പാസഞ്ചര്‍ ഗുരുവായൂര്‍ വരെ നീട്ടാന്‍ നടപടി സ്വീകരിക്കണം. തിരുപ്പതി ക്ഷേത്രം കഴിഞ്ഞാല്‍ രാജ്യത്ത് തന്നെ വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തെയും, ഏറ്റവും കുടുതല്‍ തീര്‍ഥാടകരെത്തുന്ന ശബരിമലയും പ്രസ്തുത സര്‍ക്യൂട്ടില്‍ ഉള്‍പ്പെട്ടിട്ടില്ല.
കേന്ദ്രറെയില്‍വെ ബജറ്റില്‍ കേരളത്തിന് ഒരു സംസ്ഥാനമെന്ന പരിഗണന പോലും നല്‍കാതെ അവഗണിച്ചത് തികച്ചും അനീതിയാണ്. കര്‍ണ്ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങള്‍ക്ക് മാത്രമായി അവതരിപ്പിച്ച ബജറ്റാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെ കന്നി റെയില്‍വെ ബജറ്റ്. കേരളത്തിന്റെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര റെയില്‍വെ മന്ത്രി സംസ്ഥാനവുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നതെങ്കിലും ബജറ്റില്‍ നേര്‍വിപരീതമായ സമീപനമാണ് സ്വീകരിച്ചത്. പുതിയ ട്രെയിനുകളും റൂട്ട് ദീര്‍ഘിപ്പിക്കലും റെയില്‍ ലൈനുകളും നിര്‍മാണ യൂനിറ്റുകളും മറ്റു റെയില്‍വെ വികസനവുമൊന്നും അനുവദിക്കാത്ത ബജറ്റ് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അവഗണനയാണ് സമ്മാനിച്ചത്. കര്‍ണാടകയില്‍ നിന്നും വരുന്ന ഒരു പാസഞ്ചറും ഒരു റെയില്‍ ലൈന്‍ സര്‍വെയും മാത്രമാണ് കേരളത്തിന് ലഭിച്ചത്. നിര്‍ദ്ദിഷ്ട പദ്ധതികള്‍ക്കും നിലവിലെ പദ്ധതികള്‍ക്കുമായി കേരളത്തിന് അനുവദിച്ച ബജറ്റ് വിഹിതം നാമമമാത്രമാണ്. 125 വര്‍ഷത്തെ പഴക്കമുള്ള കോഴിക്കോട് റെയില്‍വെ സ്റ്റേഷനെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പഠന റിപ്പോര്‍ട്ടിനായി റെയില്‍വെ കിറ്റ്‌കോയെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍, അത് സംബന്ധിച്ച് കോഴിക്കോട് റെയില്‍വെ സ്റ്റേഷനായി ഫണ്ട് വിഹിതം അനുവദിക്കുകയോ പരാമര്‍ശിക്കുകയോ പോലും ചെയ്തില്ല.