നവലിബറല്‍ പാതയില്‍ കൂകിപായും തീവണ്ടി

Posted on: July 16, 2014 6:00 am | Last updated: July 16, 2014 at 12:09 am

AP I IND INDIA RAILWAY BUDGETറെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ അവതരിപ്പിച്ച മോദി സര്‍ക്കാറിന്റെ പ്രഥമ റെയില്‍വേ ബജറ്റ് നവ ലിബറല്‍ പാതയിലൂടെ ഇന്ത്യന്‍ റെയില്‍വേയെ കോര്‍പറേറ്റ് മൂലധന ശക്തികളുടെ നിയന്ത്രണത്തിലാക്കാനുള്ള കടുത്ത നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. നവ ലിബറലിസം ലക്ഷ്യം വെക്കുന്ന സമ്പൂര്‍ണമായ സ്വകാര്യവത്കരണത്തിന്റെ മണി മുഴങ്ങിയിരിക്കുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള കോര്‍പറേറ്റ് മൂലധന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇന്ത്യയിലേറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിന് അതിവേഗ പാതയൊരുക്കുകയാണ് മോദി സര്‍ക്കാര്‍. പലരും ചൂണ്ടിക്കാണിച്ചതു പോലെ ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ജനോപകാരപ്രദമായ യാത്രാ സംവിധാനത്തിന്റെ ഹംസഗാനമായി തീര്‍ന്നിരിക്കുകയാണ് കന്നി ബജറ്റ്. ഇന്ത്യയിലെ ഏറ്റവും സാധാരണക്കാരായ യാത്രക്കാരുടെ ആശ്രയമാണ് ദുര മൂത്ത ലാഭതാത്പര്യങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത്. ഒരു പൊതുസേവകനെന്ന നിലയില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേയെ നാടനും വിദേശിയുമായ മൂലധനതാത്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കാനും ഘടനാപരമായി പരിഷ്‌കരിക്കാനുമുള്ള നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്.
ബജറ്റിനു മുമ്പു തന്നെ 8,000 കോടിയുടെ അധിക വരുമാനം മോദി സര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നു. പാര്‍ലമെന്റിന്റെ അനുമതി പോലുമില്ലാതെ എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ജനങ്ങള്‍ക്കുമേല്‍ അധിക ഭാരം കെട്ടിയേല്‍പ്പിക്കുകയായിരുന്നു. ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നടപടികളിലൂടെ പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന അധിക ഭാരത്തിനു പുറമെ ഇന്ധന വിലവര്‍ധനവനുസരിച്ച് യാത്രാക്കൂലിയിലും ചരക്കുകൂലിയിലും നിരന്തരമായ വര്‍ധനവ് അടിച്ചേല്‍പ്പിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ യാതൊരു വിധ മനഃസാക്ഷിക്കുത്തുമില്ലാതെ ഗൗഡ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളുടെ യാത്രാക്കൂലി വര്‍ധനവും ചരക്കുകൂലി വര്‍ധനവും അനുസ്യൂതമായ ഒരു പ്രതിഭാസമായി മാറുകയാണ്. യാത്രാക്കൂലി നിരക്കിനെ അസ്ഥിരമാക്കുന്ന ഉദാരവിപണിനയങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയെ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കും. വിലക്കയറ്റവും അധിക ഭാരവും താങ്ങാനാകാതെ പാവങ്ങള്‍ക്ക് ജീവിതം തന്നെ അസാധ്യമാകുന്ന സാഹചര്യമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്.
റെയില്‍വേയെ ആധുനികവത്കരിക്കാനും ബുള്ളറ്റ് ട്രെയിനുകള്‍ ആരംഭിക്കാനും ട്രെയിനുകളുടെ വേഗം കൂട്ടാനും യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സ്വകാര്യവത്കരണമല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ലെന്ന നിയോ ലിബറല്‍ തത്വശാസ്ത്രമാണ് മോദി ഗൗഡ ബജറ്റിന്റെ അന്തര്‍ഗതമായിരിക്കുന്നത്. നേരിട്ടുള്ള വിദേശ നിക്ഷേപവും പൊതുസ്വകാര്യപങ്കാളിത്തവുമാണ് ആധുനികവത്കരണത്തിനുള്ള ഏക വഴി എന്നാണ് ബജറ്റ് നിര്‍ദേശങ്ങള്‍ ആവര്‍ത്തിക്കുന്നത്. ആധുനികവത്കരണത്തിന്റെ നിയോ ലിബറല്‍ പരിപ്രേക്ഷ്യം, ഉദാരവത്കരണവും കടുത്ത സ്വകാര്യവത്കരണവുമാണല്ലോ. മോദിയും ഗൗഡയും ആധുനികവത്കരണത്തിന്റെ പേരില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പൊതുജനസേവന സംവിധാനത്തെ കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് അടിയറ വെക്കുകയാണ്. 1985ല്‍ ഇന്ത്യന്‍ പൊതുമേഖലയെക്കുറിച്ചും വാണിജ്യ വ്യവസായ മണ്ഡലങ്ങളെക്കുറിച്ചും പഠിക്കാന്‍ ലോക ബേങ്ക് നിയോഗിച്ച റോബര്‍ട്ട് ജെ ആന്‍ഡേഴ്‌സന്റെയും ഗാരി പേഴ്‌സലിന്റെയും നേതൃത്വത്തിലുള്ള കമ്മീഷനാണ് റെയില്‍വേ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണവും വാണിജ്യവത്കരണവും ലക്ഷ്യമിടുന്ന ശിപാര്‍ശകള്‍ മുന്നോട്ടുവെച്ചത്.
1991ല്‍ റാവു സര്‍ക്കാര്‍ പുത്തന്‍ സാമ്പത്തിക നയത്തിന്റെ നയരേഖയായി അംഗീകരിച്ചത് ലോക ബേങ്കിന്റെ ഈ പഠന റിപോര്‍ട്ടായിരുന്നു. ആന്‍ഡേഴ്‌സണ്‍ മെമ്മോറാണ്ടം എന്നറിയപ്പെടുന്ന ഈ ലോക ബേങ്ക് പഠനം പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം യാഥാര്‍ഥ്യമാക്കാനുള്ള പരിഷ്‌കാരങ്ങളും ഭരണനടപടികളുമാണ് ആവശ്യപ്പെട്ടത്. പൊതുമേഖലയെയും സാമൂഹിക നിയന്ത്രണത്തെയും സംബന്ധിച്ച നെഹ്‌റുവിയന്‍ ദര്‍ശനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ നരസിംഹ റാവു നെഹ്‌റുവിന്റെ കമാന്‍ഡ് സോഷ്യലിസത്തിനു പകരം കമ്പോളത്തെ ലക്ഷ്യമായെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആഗോളവത്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യന്‍ സമ്പദ്ഘടനയുടെ സമസ്ത മേഖലകളിലും പരിഷ്‌കാരങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ആരംഭിച്ചു. ഇതിനായി നിരവധി കമ്മീഷനുകള്‍ നയരൂപവത്കരണത്തിന്റെ മണ്ഡലത്തില്‍ സജീവമായി. ബാങ്കിംഗ് രംഗത്ത് നരസിംഹം കമ്മിറ്റിയും ഇന്‍ഷ്വറന്‍സ് രംഗത്ത് മല്‍ഹോത്ര കമ്മിറ്റിയും നികുതി പരിഷ്‌കരണരംഗത്ത് രാജാചെല്ലയ്യ കമ്മറ്റിയും എഫ് സി ഐയെ തകര്‍ക്കാനായി ഭാനുപ്രതാപ് കമ്മിറ്റിയും നിയോഗിക്കപ്പെട്ടു. പൊതുവിതരണം പരിമിതപ്പെടുത്താനായി ലെക്‌സെവാല കമ്മിറ്റിയും. റെയില്‍വേ ഉള്‍പ്പെടെയുള്ള എല്ലാ കേന്ദ്ര സര്‍വീസ് മേഖലകളിലും ലോക ബേങ്ക് നിര്‍ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനായി നിരവധി കമ്മീഷനുകള്‍ നിയോഗിക്കപ്പെടുകയും റിപോര്‍ട്ടുകള്‍ തയ്യാറാക്കപ്പെടുകയും ചെയ്തു. ലോക ബേങ്ക് ഉദ്യോഗസ്ഥനായ രാകേഷ് മോഹനാണ് റെയില്‍വേയിലെ പരിഷ്‌കാരങ്ങള്‍ക്കുള്ള റിപോര്‍ട്ട് തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് എന്ന നിലക്ക് മൊണ്ടേക് സിംഗ് അലുവാലിയ ഉള്‍പ്പെടെയുള്ള ചിക്കാഗോ ബോയ്‌സ് നയരൂപവത്കരണത്തിന്റെ തന്ത്രപ്രധാന മേഖലകളില്‍ നിലയുറപ്പിച്ച് പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് അക്കാലത്താണ്.
1991ല്‍ ആരംഭിച്ച പരിഷ്‌കാരങ്ങളുടെയും രാകേഷ് മോഹന്‍ കമ്മറ്റി നിര്‍ദേശങ്ങളുടെയും തുടര്‍ച്ച എന്ന നിലയിലാണ് 2010ല്‍ യു പി എ സര്‍ക്കാര്‍ റെയില്‍വേയുടെ ‘വിഷന്‍ 2020’ മുന്നോട്ടുവെക്കുന്നത്. ഇത് 12-ാം പദ്ധതിയുടെ ഭാഗമായിത്തീരുകയും ചെയ്തു. വിഷന്‍ 2020 അനുസരിച്ച് റെയില്‍വേയുടെ എല്ലാ മേഖലകളിലും സ്വകാര്യ മൂലധനത്തെ കടത്തിക്കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. പൊതു സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും റെയില്‍വേയുടെ നടത്തിപ്പൊഴികെയുള്ള എല്ലാ മേഖലകളിലും വിദേശ നിക്ഷേപം അനുവദിക്കുമെന്നുള്ളതും ലോക ബേങ്ക് നിര്‍ദേശമനുസരിച്ച് തയ്യാറാക്കപ്പെട്ട വിഷന്‍ 2020ന്റെ അനുശാസനമാണ്. ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. പ്രതിവര്‍ഷം 1000 കോടി യാത്രക്കാര്‍, നൂറ് കോടി ടണ്ണിലേറെ ചരക്കുനീക്കം, പതിമൂന്നര ലക്ഷത്തോളം ജീവനക്കാര്‍, രാജ്യത്തിന്റെ എല്ലാ ദിക്കുകളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന 1.16 ലക്ഷം കിലോ മീറ്ററോളം നീണ്ടുകിടക്കുന്ന പാത, 12,617 തീവണ്ടികള്‍, 7500 ചരക്കു വണ്ടികള്‍, കണക്കറ്റ ഭൂസ്വത്ത്… അത്യധികം ബൃഹത്തായ ഈ സംവിധാനത്തെയാണ് വിദേശ നാടന്‍ കുത്തകകള്‍ക്ക് കൈയടക്കാന്‍ സൗകര്യമൊരുക്കുന്നത്. കൊളോണിയല്‍ കാലത്ത് താണെ-മുംബെ പാതയില്‍ ആരംഭിച്ച ട്രെയിന്‍ സര്‍വീസ് ഇന്ന് ഇന്ത്യയെയാകെ കൂട്ടിയിണക്കുന്ന ദേശീയോദ്ഗ്രഥനത്തിന്റെ സിരാപടലസമാനമായ പൊതുസംവിധാനമാണ്.
ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്ഥാപമാണ് എന്നറിഞ്ഞുകൊണ്ടാണ് വിദേശ നാടന്‍ മുതലാളിമാര്‍ ഇന്ത്യന്‍ റെയില്‍വേയെ കൈയടക്കാനുള്ള പരിഷ്‌കാരങ്ങള്‍ക്കും നടപടികള്‍ക്കുമായി സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആകെ സ്വത്തായി, രാഷ്ട്രസമ്പത്തായി നിലനില്‍ക്കേണ്ട റെയില്‍വേ സംവിധാനത്തെ വിദേശ നിക്ഷേപകര്‍ക്ക് ലാഭം കൊയ്യാന്‍ വിട്ടുകൊടുക്കാനാണ് ബജറ്റ് നിര്‍ദേശങ്ങള്‍ ഉത്സാഹം കാണിച്ചിരിക്കുന്നത്. പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട് റെയില്‍വേയെ ലാഭകരമാക്കാനുള്ള നടപടികള്‍ക്കുപകരം ‘മാനേജ്‌മെന്റ് വൈദഗ്ധ്യ’ത്തിന്റെ ആള്‍രൂപമായി സ്വയം നടിക്കുന്ന നരേന്ദ്ര മോദി കോര്‍പറേറ്റുകളുടെ ലാഭാര്‍ത്തിക്ക് എറിഞ്ഞുകൊടുക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം. മോദിയുടെ വികസനവും ആധുനികവത്കരണവും കോര്‍പറേറ്റ്‌വത്കരണമല്ലാതെ മറ്റൊന്നുമല്ല. കോര്‍പറേറ്റുകള്‍ക്കു വേണ്ടി കോര്‍പറേറ്റുകള്‍ പണമെറിഞ്ഞ് തിരഞ്ഞെടുപ്പ് മാര്‍ഗത്തിലൂടെ അധികാരത്തിലെത്തിച്ച മോദിയില്‍ നിന്നും കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കന്യമായ ഒന്നും പ്രതീക്ഷിക്കുന്നതിലര്‍ഥമില്ല.
കടുത്ത സ്വകാര്യവത്കരണ നടപടികളെയും നിരക്ക് വര്‍ധനവിനെയും ന്യായീകരിക്കാനായി റെയില്‍വേ മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതകളെ മറച്ചുപിടിക്കുന്ന പ്രചാരണ തന്ത്രത്തെക്കൂടിയാണ് വെളിവാക്കുന്നത്. റെയില്‍വേക്ക് പ്രതിവര്‍ഷം ലഭിക്കുന്ന വരുമാനത്തിന്റെ 95 ശതമാനവും ചെലവാക്കപ്പെടുകയാണു പോലും. അതായത് മിച്ചം അഞ്ച് ശതമാനം മാത്രം. ഈ മിച്ചം വര്‍ധിപ്പിച്ചാല്‍ മാത്രമേ റെയില്‍വേക്ക് പുരോഗതിയുണ്ടാകൂ എന്നാണ് ഗൗഡ തുറന്നടിച്ചത്. അതിന്റെ അര്‍ഥം യാത്രാക്കൂലിയും ചരക്കുകൂലിയും വര്‍ധിപ്പിച്ച് റെയില്‍വേയെ ലാഭകരമാക്കണമെന്നാണ്! റെയില്‍വേക്കാവശ്യമുള്ള കോച്ചുകളും ലോക്കോ മോട്ടോഎന്‍ജിനുകളും ആഭ്യന്തരമായി ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്തു നിന്നും ഇപ്പോള്‍ റെയില്‍വേ വിദേശ കമ്പനികളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. റെയില്‍വേയുടെ ചെലവ് വര്‍ധിക്കുന്നത് ഇറക്കുമതി ചെലവില്‍ വരുന്ന വര്‍ധനവുകൊണ്ടു കൂടിയാണെന്ന് കാണാം. ഇത് വലിയ അഴിമതിക്കും കെടുകാര്യസ്ഥതക്കും കാരണവുമാണ്. റെയില്‍വേയുടെ നഷ്ടത്തെ ഈ വിധ നയങ്ങളും കെടുകാര്യസ്ഥതയുമായി ബന്ധപ്പെടുത്തി പരിശോധിച്ച് പരിഹാരം കാണുന്നതിനു പകരം ജനങ്ങളെ പിഴിഞ്ഞൂറ്റാനാണ് മോദി സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത്. യാത്രാ സൗകര്യം മെച്ചപ്പെടുത്താനും റിസര്‍വേഷന്‍ ഉള്‍പ്പെടെ ആധുനികവത്കരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ കടുത്ത സ്വകാര്യവത്കരണ നടപടികളിലേക്കുള്ള എടുത്തുചാട്ടമാണ്. കാറ്ററിംഗ് ഉള്‍പ്പെടെ എല്ലാ മേഖലകളിലും മെച്ചപ്പെട്ട സേവനത്തിന്റെ പേരില്‍ സ്വകാര്യ കമ്പനികളെ കടത്തിക്കൊണ്ടുവരികയാണ്. റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണമുള്‍പ്പെടെ എല്ലാ പദ്ധതികളിലും സ്റ്റേഷനുകളുടെ നവീകരണത്തിലും സ്വകാര്യ, വിദേശ പങ്കാളിത്തം അനുവദിക്കുമെന്നും അതിനായി റെയില്‍വേയുടെ ഭൂമി വിട്ടുനല്‍കുമെന്നുമുള്ള പ്രഖ്യാപനം റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് താത്പര്യങ്ങളെയാണ് മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മോദിക്കു പിറകില്‍ കളിക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് റെയില്‍വേ സ്ഥലം തുറന്നുകൊടുക്കുകയാണ്. 1990കളിലാരംഭിച്ച നിയോ ലിബറല്‍ പരിഷ്‌കാരങ്ങള്‍ ത്വരിത ഗതിയില്‍ ആപത്കരമായ ഒരു ഘട്ടത്തിലേക്ക് ഇന്ത്യന്‍ റെയില്‍വേയെ കൊണ്ടെത്തിക്കുകയാണ് ഈ ബജറ്റ് നിര്‍ദേശങ്ങളിലൂടെ.
റെയില്‍വേയുടെ അന്തര്‍ഘടനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വിദേശ നിക്ഷേപവും സ്വകാര്യ മൂലധനവും അനിവാര്യമാണെന്ന് വാദിക്കുന്നത് റെയില്‍വേയുടെ വരവുചെലവ് കണക്കുകള്‍ നിരത്തിയാണ്. റെയില്‍വേക്ക് സ്വന്തമായി പണമില്ലാത്തതുകൊണ്ട് വിദേശ നിക്ഷേപമല്ലാതെ മറ്റെന്തുവഴി എന്നാണ് ഗൗഡ ചോദിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനകം പ്രഖ്യാപിച്ച 676 പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ച് ലക്ഷം കോടി രൂപ വേണം. റെയില്‍വേ ലൈന്‍ പുതുക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും പ്രതിവര്‍ഷം 40,000 കോടി രൂപ വേണം. ഈ തുകയൊന്നും കണ്ടെത്താന്‍ സര്‍ക്കാറിനാകില്ലെന്നാണ് ഗൗഡയുടെ വാദം. റെയില്‍വേയുടെ സ്വകാര്യവത്കരണത്തിലൂടെ കൊട്ടിഘോഷിക്കപ്പെടുന്ന പി പി പിയിലൂടെ നേരത്തെ ലക്ഷ്യമിട്ട മൂലധനം നേടാനായിട്ടില്ലെന്ന സത്യം റെയില്‍വേ മന്ത്രാലയം തന്നെ സമ്മതിക്കുന്നുണ്ട്. അതായത് പശ്ചാത്തല സൗകര്യ വികസനത്തിന് സ്വകാര്യ മേഖലയെ ആശ്രയിക്കുന്നത് തികഞ്ഞ പരാജയമാണ്. റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തകകള്‍ ഇത്തരം പദ്ധതികളില്‍ നിന്ന് പിന്തിരിഞ്ഞതും ഡല്‍ഹി മെട്രോ പോലുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് ആ പ്രവൃത്തികള്‍ ഏറ്റെടുക്കേണ്ടിവന്നതും നമ്മുടെ സമകാലീന അനുഭവമാണ്. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാലം എയര്‍പോര്‍ട്ടിലേക്ക് മെട്രോ സര്‍വീസ് തുടങ്ങിയത് റിലയന്‍സായിരുന്നു. സര്‍വീസില്‍ നിന്ന് പ്രതീക്ഷിച്ച ലാഭം ഇല്ലെന്നു വന്നതോടെ റിലയന്‍സ് നിര്‍ത്തിപ്പോകുകയായിരുന്നു. സാമൂഹിക ഉത്തരവാദിത്വങ്ങളില്ലാത്ത ലാഭപ്രേരിതമായ കോര്‍പറേറ്റ് സ്ഥാപനങ്ങളെ സേവനമേഖലകള്‍ ഏല്‍പ്പിക്കുന്നത് എത്രത്തോളം നിരുത്തരവാദപരമായിരിക്കുമെന്നാണ് ഈ അനുഭവം കാണിക്കുന്നത്.
ബുള്ളറ്റ് ട്രെയിനുകളും അതിവേഗ റെയില്‍പാതകളും നിര്‍മാണത്തിനും ഓപറേഷനും വലിയ ചെലവ് വരുന്നതാണ്. ജപ്പാനിലെ ബുള്ളറ്റ് ട്രെയിന്‍ കമ്പനികളുടെ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഇന്ത്യാ സര്‍ക്കാറുമായി ബുള്ളറ്റ് ട്രെയിന്‍ ടെക്‌നോളജി ഇറക്കുമതിക്കുള്ള ധാരണയുണ്ടായത്. ഇന്ത്യയില്‍ 11 പദ്ധതികള്‍ ആരംഭിക്കാനാണ് ധാരണയായത്. ഇവയില്‍ ഒരു ലക്ഷം കോടി ചെലവ് പ്രതീക്ഷിക്കുന്ന പൂനെ-മുംബെ-അഹമ്മദാബാദ് കോറിഡോര്‍ ഉടനെ ആരംഭിക്കുമെന്നാണ് ബജറ്റ് നിര്‍ദേശിക്കുന്നത്. ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോര്‍പറേറ്റീവ് ഏജന്‍സിയുടെ വായ്പാ മൂലധന സഹായത്തോടെ ആരംഭിക്കുന്ന ഇത്തരം പദ്ധതികള്‍ വലിയ കൊള്ളക്കുള്ള അവസരമാണ്. ടെക്‌നോളജിയുടെ വിലയും റോയല്‍റ്റിയും വായ്പയുടെ പലിശയുമായി വിദേശ കുത്തകകള്‍ക്ക് നമ്മുടെ സമ്പത്ത് കവര്‍ന്നെടുക്കാനുള്ള അവസരമാണ് സൃഷ്ടിച്ചെടുക്കുന്നത്. വിദേശ നിക്ഷേപവും സ്വകാര്യവത്കരണവും വന്‍തോതിലുള്ള കോര്‍പറേറ്റ് കൊള്ളക്കും അതിന്റെ ഭാഗമായ അഴിമതിക്കുമാണ് അവസരമൊരുക്കുന്നത്.
രാജ്യത്തിന്റെ ഭൂരിപക്ഷ പ്രദേശങ്ങളെയും അവഗണിക്കുന്നതും ജനങ്ങള്‍ക്ക് അധിക ഭാരം അടിച്ചേല്‍പ്പിക്കുന്നതും രാഷ്ട്രസമ്പത്ത് വിദേശികളുള്‍പ്പെടെ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കവര്‍ന്നെടുക്കാന്‍ ലക്ഷ്യം വെച്ചുള്ളതുമാണ് ഈ ബജറ്റ്. നിയോലിബറല്‍ പാതയിലൂടെ കോര്‍പറേറ്റ് മൂലധനത്തിന്റെ പാര്‍പ്പിടങ്ങളിലേക്ക് സമ്പത്തുത്്പാദന മേഖലകളും സേവനമേഖലകളും അതിവേഗം എത്തിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ALSO READ  ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ