Connect with us

Ongoing News

വേദനിപ്പിച്ചുവെങ്കിലും തുറന്നുപറയാം

Published

|

Last Updated

തെറ്റുകളില്‍ നിന്ന് മുക്തമായി തൗബയുടെ പാതയില്‍ പ്രവേശിക്കുന്ന അടിമയോട് പെരുത്ത് സന്തോഷമാണ് ഉടമയായ റബ്ബിന്. അല്ലാഹുവേ, നിന്നോട് ഞാന്‍ പൊറുക്കല്‍ ചോദിക്കുന്നു. നിന്നിലേക്ക് ഞാന്‍ തൗബ ചെയ്തു മടങ്ങുന്നു. എന്നിങ്ങനെ ഒരു ഗ്രാമവാസി പറയുന്നതു കേട്ടപ്പോള്‍ അലി (റ) അദ്ദേഹത്തോടു പറഞ്ഞു: ഹേ മനുഷ്യാ, നാവുകൊണ്ടുള്ള ഈ ധൃതിപ്പെടല്‍ കള്ളന്മാരുടെ തൗബയാണ്. അപ്പോള്‍ അദ്ദേഹം തിരിച്ചു ചോദിച്ചു. എന്താണ് യഥാര്‍ഥ തൗബ?’ആറ് കാര്യങ്ങള്‍ വേണം ഒരു തൗബക്ക്. ഒന്ന്. കഴിഞ്ഞുപോയ പാപങ്ങളില്‍ നിന്നുള്ള ഖേദ പ്രകടനം, രണ്ട്. നഷ്ടപ്പെട്ട ഫര്‍ളുകള്‍ വീണ്ടെടുക്കല്‍, മൂന്ന്. അനധികൃതമായി പിടിച്ചെടുത്ത അന്യരുടെ അവകാശങ്ങള്‍ തിരിച്ചുകൊടുക്കുക. നാല്. നാം വേദനിപ്പിച്ചവരോട് പൊരുത്തപ്പെടുവിക്കുക, അഞ്ച്. ഇനി ഒരിക്കലും ആ പാപത്തിലേക്കു മടങ്ങുകയില്ലെന്ന് ദൃഢ പ്രതിജ്ഞ ചെയ്യുക, ആറ്. അല്ലാഹുവിന്ന് വണങ്ങുന്നതിനായി ശരീരത്തെ മെരുക്കിയെടുക്കുക. അങ്ങനെ ദോഷത്തിന്റെ മാധുര്യം അനുഭവിച്ചതുപോലെ ഉപാസനയുടെ കയ്പും അനുഭവിപ്പിക്കുക.’ അലി (റ) പ്രതിവചിച്ചു.
മനുഷ്യരോടുള്ള ബാധ്യതകള്‍ വീട്ടണമെന്നാണ് അലി (റ) പറഞ്ഞ മൂന്നും നാലും കാര്യങ്ങളുടെ അന്തസത്ത. ഭാര്യക്ക്, മക്കള്‍ക്ക്, ബന്ധുക്കള്‍ക്ക്, അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റുമൊക്കെ കിട്ടേണ്ടുന്നത് വ്യത്യസ്ത ന്യായങ്ങള്‍ പറഞ്ഞ് നല്‍കാതിരിക്കുന്നവരുണ്ടാകാം. അത് അവര്‍ക്കു തിരിച്ചു നല്‍കി പൊരുത്തപ്പെടുവിച്ചതിനു ശേഷം മാത്രമേ തൗബ പ്രസക്തമാകൂ. അന്യരെ വാക്ക് കൊണ്ടോ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ വിഷമിപ്പിച്ചവനെ മുഫ്‌ലിസ് (പാപ്പര്‍) എന്നാണ് തിരുനബി വിശേഷിപ്പിച്ചത്. സ്വന്തം ആരാധനകള്‍ അപരര്‍ക്ക് നല്‍കുകയും അപരരുടെ തെറ്റുകള്‍ ഏറ്റെടുക്കുകയും ചെയ്യേണ്ടി വരുന്ന ഹതഭാഗ്യനാണയാള്‍. അല്ലാഹു കാക്കട്ടെ…

Latest