Connect with us

Ongoing News

സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു; ഒമ്പത് മരണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു. വടക്കന്‍ ജില്ലകളില്‍ ശക്തമായി തുടരുന്ന മഴ സംസ്ഥാനത്താകെ 18 വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ വിവിധയിടങ്ങളിലായുണ്ടായ കാലവര്‍ഷക്കെടുതിയില്‍ ഒമ്പത് പേര്‍ മരിച്ചു. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കാലവര്‍ഷം സജീവമാണെങ്കിലും തെക്കന്‍ കേരളത്തില്‍ മഴ പൊതുവേ ദുര്‍ബലമായിരുന്നു. തീരമേഖലയില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കഴിഞ്ഞദിവസം മഴ കുറവായിരുന്നു. അതേസമയം, കോട്ടയം മുതല്‍ വടക്കോട്ട് ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് മണ്‍സൂണ്‍ വീണ്ടും ശക്തിപ്രാപിക്കാന്‍ കാരണം. പടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദ പാത്തി ശക്തി പ്രാപിച്ചതും മണ്‍സൂണിനെ അനുകൂലമാക്കുന്ന ഘടകമാണ്.
ഇടുക്കിയിലാണ് കഴിഞ്ഞദിവസം ഏറ്റവും കൂടുതല്‍ മഴി ലഭിച്ചത്- 11 സെ.മീ. പൂക്കോട്- 10, കുന്നംകുളം, വാഴത്തോപ്പ്- ഒമ്പത്, കരിപൂര്‍ വിമാനത്താവളം, പീരുമേട്, മൂന്നാര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, മട്ടന്നൂര്‍- എട്ട്, ചെറുതാഴം, കോഴിക്കോട്, വടകര, പറമ്പിക്കുളം, മാനന്തവാടി, വൈത്തിരി- ഏഴ്, കണ്ണൂര്‍, അങ്ങാടിപ്പുറം, ചേര്‍ത്തല- ആറ്, ആലപ്പുഴ, മങ്കൊമ്പ്, ചെങ്ങന്നൂര്‍, തൃശൂര്‍, വെള്ളായണിക്കര, ആലുവ, മൈലാടുംപാറ, ഹോസ്ദുര്‍ഗ്, കാഞ്ഞിരപ്പള്ളി, കൊയിലാണ്ടി, മഞ്ചേരി, മഞ്ചേരി, പെരിന്തല്‍മണ്ണ, ഒറ്റപ്പാലം, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, തൃത്താല, കോന്നി- അഞ്ച് സെ.മീ വീതവും മഴ രേഖപ്പെടുത്തി.