നീതി നിഷേധമല്ല, രാഷ്ട്രീയ നേട്ടമാണ് ഭരണകൂടം നോക്കുന്നത്:മഅ്ദനി

Posted on: July 15, 2014 1:41 pm | Last updated: July 16, 2014 at 12:01 am

madani 3

ബംഗളുരു: തന്റെ കാര്യത്തില്‍ കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാറും കോണ്‍ഗ്രസ് സര്‍ക്കാറും ഒരേ നിലപാടാണ് സ്വീകരിച്ചതെന്ന് പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ അനുകൂല നിലപാട് ഉണ്ടാകുമെന്ന് കരുതിയിരുന്നു.എന്നാല്‍ കര്‍ണാടകയിലെ രാഷ്ട്രീയ ലാഭം കൂടി ലക്ഷ്യം വെച്ചുള്ളതാണ് കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം. നീതി നിഷേധത്തിനെതിരായ നിലപാടല്ല, രാഷ്ട്രീയ നേട്ടമാണ് ഭരണകൂടങ്ങളുടെ ലക്ഷ്യമെന്നും മഅ്ദനി പറഞ്ഞു.തനിക്കെതിരെ കേരളത്തിനു പുറത്താണ് ഗൂഢാലോചന നടക്കുന്നതെന്നും ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മഅ്ദനി പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമങ്ങളും തനിക്കനുകൂലമായ നിലപാട് സ്വീകരിച്ചതില്‍ നന്ദിയുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.എന്നാല്‍ പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ല.  സുപ്രീം കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ പൂര്‍ണമായും അംഗീകരിക്കുമെന്നും മഅ്ദനി പറഞ്ഞു.

മഅ്ദനിയുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി തിരിച്ചുകിട്ടില്ലെന്ന് ഡോക്ടര്‍ അറിയിച്ചു.