കേരളത്തെ അവഗണിച്ച് മുന്നോട്ടുപോകാമെന്നത് മോദിസര്‍ക്കാരിന്റെ വ്യാമോഹം: വി എന്‍ നാരായണന്‍

Posted on: July 15, 2014 10:08 am | Last updated: July 15, 2014 at 10:08 am

സുല്‍ത്താന്‍ബത്തേരി: കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ച് കെ പി സി സി ആഹ്വാനം ചെയ്ത പോസ്റ്റ് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. ധര്‍ണ കെ പി സി സി ജനറല്‍ സെക്രട്ടറി വി എ നാരായണന്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ റെയില്‍വേ ബജറ്റിലും, പൊതുബജറ്റിലും മോദി സര്‍ക്കാര്‍ കേരളത്തെ തഴഞ്ഞു. കേരളത്തിന് നാമമാത്രമായ പ്രഖ്യാപനം മാത്രമാണുണ്ടായത്. നഞ്ചന്‍കോട്- നിലമ്പൂര്‍ റെയില്‍ പാതക്ക് ചെലവ് പ്രതീക്ഷിക്കുന്നതിന്റെ പാതി സംസ്ഥാനസര്‍ക്കാര്‍ വഹിക്കാമെന്ന് പറഞ്ഞിട്ടും റെയില്‍വേ ബജറ്റില്‍ ഈ പാത ഉള്‍പ്പെടുത്തിയില്ല.
വിലക്കയറ്റം ആരോപിച്ച് അധികാരത്തില്‍ വന്ന മോദി വിലകയറ്റം പിടിച്ചു നിര്‍ത്തുവാന്‍ ഒന്നും ചെയ്തില്ലെന്നു മാത്രമല്ല രൂക്ഷമായ വിലക്കയറ്റതിന് കാരണമാവുന്ന നയങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് രാഷ്ട്രപിതാവിന്റെ പേര് പോലും നീക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലനീയമാണെന്നും വി.എ നാരായണന്‍ പറഞ്ഞു. പാചകവാതകത്തിന് 250 രൂപ കൂട്ടാനുള്ള നടപടിയും, ഡീസല്‍ സബ്‌സിഡി എടുത്തുകളയാനുള്ള നടപടിയും വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാമെന്ന കേന്ദ്രസര്‍ക്കാരിന്റെ വ്യാമോഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്നും, ബി ജെ പിക്ക് കേരളത്തില്‍ നിന്ന് എം പിമാരെ ലഭിക്കാത്തതിന്റെ പ്രതികാരമാണ് ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി.സി.സി. പ്രസിഡന്റ്. കെ.എല്‍. പൗലോസ് അധ്യക്ഷനായിരുന്നു. എന്‍.ഡി.അപ്പച്ചന്‍, പി.വി.ബാലചന്ദ്രന്‍, സി.പി.വര്‍ഗീസ്, കെ.കെ. അബ്രഹാം, എം.എസ്.വിശ്വനാഥന്‍, വി.എന്‍.ലക്ഷമണന്‍,കെ.കെ. വിശ്വനാഥന്‍, അഡ്വ.ടി.ജെ. ഐസക്ക്, കെ.കെ. ഗോപിനാഥന്‍, എം.ജി.ബിജു, ഒ.എം.ജോര്‍ജ്, പി.ഡി.സജി, ടി.ജെ.ജോസഫ്, പി.വി.ജോണ്‍, കെ.എം.ആലി, ഡി.പി. രാജശേഖരന്‍, സില്‍വി തോമസ്, സുജയ വേണുഗോപാല്‍, ഉഷതമ്പി, പി.കെ.അനില്‍കുമാര്‍,മുത്തലിബ്, കുന്നത്ത് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. ചുങ്കത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പോസ്റ്റ്ഓഫീസിന് സമീപം അവസാനിപ്പിക്കുകയായിരുന്നു.