ആണവ പ്രശ്‌നത്തില്‍ യു എസ്- ഇറാന്‍ രണ്ടാം വട്ട കൂടിക്കാഴ്ച

Posted on: July 15, 2014 12:48 am | Last updated: July 15, 2014 at 12:48 am

obama-rouhaniവിയന്ന: യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇറാനിയന്‍ പ്രതിനിധി മുഹമ്മദ് ജവാദ് ശരീഫും തമ്മില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കൂടിക്കാഴ്ച നടത്തി. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, റഷ്യ, ചൈന തുടങ്ങിയ ആറ് വന്‍ രാഷ്ട്രങ്ങളുമായി ആണവ പ്രശ്‌നം ഇറാന്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് ജോണ്‍ കെറിയും ശരീഫും കൂടിക്കാഴ്ച നടത്തിയത്. ഇതുസംബന്ധിച്ച കരാറിലെത്താനുള്ള അവസാന സമയം ഈ മാസം 20 ആണ്. ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. നിര്‍ണായകമായ തീരുമാനം കൈക്കൊള്ളാനുള്ള അവസരമാണ് ഇതെന്ന് ചര്‍ച്ചക്കിടെ ജോണ്‍ കെറി ഇറാനെ ഓര്‍മപ്പെടുത്തി.
ഇറാന്റെ ആണവ പ്രശ്‌നവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ധാരാളം സമയമെടുക്കുമെന്നും അതുകൊണ്ടാണ് രണ്ടാം ദിവസവും ജോണ്‍ കെറിയും ശരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതെന്നും ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ആണവ സമ്പുഷ്ടീകരണം എത്രത്തോളം കുറക്കാമെന്ന കാര്യത്തില്‍ ഇപ്പോഴും ഇറാന്‍ സംശയത്തിലാണെന്ന് ജോണ്‍ കെറി പറഞ്ഞു.
അണുബോംബ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചാണ് ഇറാന്‍ ആണവ സമ്പുഷ്ടീകരണം നടത്തുന്നതെന്നും എത്രയും വേഗം ഇത് നിര്‍ത്തിവെക്കണമെന്നുമാണ് അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍കിട രാഷ്ട്രങ്ങള്‍ ഇറാന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നത്. അതേസമയം, തങ്ങളുടെ ആണവ സമ്പുഷ്ടീകരണം ഊര്‍ജം, രോഗ ചികിത്സ തുടങ്ങിയ സമാധാനപരമായ കാര്യങ്ങള്‍ ലക്ഷ്യം വെച്ചാണെന്ന് ഇറാനും വാദിക്കുന്നു.