ജര്‍മ്മന്‍ വിജയഗാഥ

Posted on: July 15, 2014 1:00 am | Last updated: July 15, 2014 at 12:59 am
jerman cup
അര്‍ജന്റീനയെ തോല്‍പ്പിച്ച് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ജര്‍മന്‍ ട്രീം കപ്പുമായി

 

ബഹുസ്വരതയുടെ വിജയം
ജര്‍മനി നദി പോലെ ഒഴുകുകയായിരുന്നു. ഇടക്ക് കനത്തും ഇടക്ക് മൃദുവായും മറ്റു ചിലപ്പോള്‍ രൗദ്ര ഭാവം പൂണ്ടും. മാറക്കാനയിലെ പുല്‍ തകിടിയില്‍ കുഞ്ഞു ലാമും സംഘവും കപ്പുയര്‍ത്തുമ്പോള്‍ ചരിത്രം അവര്‍ക്കായി കരുതി വെച്ച കാവ്യ നീതിയുടെ പൂര്‍ണതയാണ് അവിടെ കണ്ടത്. കഴിഞ്ഞ രണ്ട് തവണയും അര്‍ധ വിരാമത്തില്‍ നിന്ന് പോയ ജര്‍മനി ഇത്തവണ ഒരിക്കല്‍ പോലും തങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചില്ല. പത്ത് വര്‍ഷത്തോളമായി ടീമിന്റെ എല്ലാമായ പരിശീലകന്‍ ജോക്വം ലോയുടെ തന്ത്രങ്ങളെ കടുകിട വ്യത്യാസമില്ലാതെ അവര്‍ നടപ്പാക്കിയപ്പോള്‍ ആ കുത്തൊഴുക്കില്‍ അടി തെറ്റിയവര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, നെയ്മറിന്റെ ബ്രസീല്‍, ഒടുവില്‍ സാക്ഷാല്‍ മെസിയുടെ അര്‍ജന്റീന. ഒറ്റയാള്‍ പട്ടാളത്തിന്റെ കരുത്തിനപ്പുറം സംഘ ബലത്തിന്റെ കരുത്താണ് കളിയിലെ അവസാന വാക്യമെന്ന ലളിത തത്വം ഏറ്റവും സുന്ദരമായ ഫുട്‌ബോള്‍ കളിച്ച് അവര്‍ ലോകത്തിന് കാട്ടിത്തന്നു. ഒപ്പം ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് നഷ്ടപ്പെട്ട പാസിംഗ് ഗെയിമിന്റെ കണ്ണി മുറിയാത്ത പ്രവാഹത്തിലൂടെ അവര്‍ ലോകത്തെ ആനന്ദത്തിലാറാടിച്ചു. ലാറ്റിനമേരിക്കന്‍ മണ്ണില്‍ നിന്ന് ലോകകപ്പ് ഏറ്റുവാങ്ങുന്ന ആദ്യ യൂറോപ്യന്‍ രാജ്യമെന്ന ചരിത്രവും പേറിയാണ് ജര്‍മനി മടങ്ങുന്നത്.
ആത്മവിശ്വാസം ഒരിക്കല്‍ പോലും ചോരാതെ, സമ്മര്‍ദത്തിന് അടിപ്പെടാതെ ടീമിലെ എല്ലാ താരങ്ങളും കൈയ്, മെയ് മറന്ന് പോരാടിയാണ് ജര്‍മനിയുടെ ലോക സിംഹാസനത്തിലേക്കുള്ള പ്രയാണം. ഓരോ ടീമിനെതിരെയും വ്യക്തമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ഓരോ താരത്തിനും കൃത്യമായ ചുമതലകള്‍ നല്‍കി ടീമിനെ ഒന്നാക്കി നിര്‍ത്തിയ ജോക്വം ലോയെന്ന തന്ത്രജ്ഞനായ പരിശീലകന്റെ അക്ഷീണ പരിശ്രമത്തിന്റെ വിജയം കൂടിയായിരുന്നു മാറക്കാനയെന്ന വിശ്വ വിഖ്യാതമായ സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായത്. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെ തങ്ങളുടെ ആക്രമണ ശൈലിയിലൂടെ കീഴടക്കി തുടങ്ങിയ അവര്‍ പിന്നീട് പ്രതിരോധത്തിലൂന്നിയ തന്ത്രങ്ങളടക്കമുള്ളവ പരീക്ഷിച്ച് ഏറെ വിമര്‍ശമേറ്റു വാങ്ങിയിരുന്നു. എന്നാല്‍ അവയോടൊന്നും പ്രതികരിക്കാതെ ലോ തന്റെ പദ്ധതികളില്‍ ഉറച്ച് നിന്നപ്പോള്‍ തന്നെ അദ്ദേഹം കിരീടമെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് തന്റെ മുന്നിലെന്ന് പറയാതെ പറഞ്ഞു.
ജര്‍മനി നാലാം ലോക കിരീടമാണ് ബ്രസീലില്‍ നേടിയത്. 1954, 1974, 1990 വര്‍ഷങ്ങളിലാണ് അവര്‍ ലോക കീരിടം സ്വന്തമാക്കിയത്.
ജര്‍മനികളുടെ ഏകീകരണത്തിന് ശേഷമുള്ള ആദ്യ കിരീടമെന്ന പകിട്ടും ഇത്തവണത്തെ നേട്ടത്തിനുണ്ട്.

മാറക്കാനയില്‍ മുറിവേറ്റ് വീണവര്‍
ഒരിക്കല്‍ കൂടി അര്‍ജന്റീന ജര്‍മനിക്ക് മുന്നില്‍ വീണു. 1990ല്‍ ഇതിഹാസ താരം മറഡോണയുടെ ടീമാണ് അടിയറവ് പറഞ്ഞതെങ്കില്‍ ഇത്തവണ അദ്ദേഹത്തിന്റെ പിന്‍ഗാമിയെന്ന് ലോകം വാഴ്ത്തിയ ലയണല്‍ മെസിയായിരുന്നു ആ ഹതഭാഗ്യന്‍. തന്റെ പ്രതിഭയുടെ മികവു കൊണ്ട് ടീമിനെ ഫൈനല്‍ വരെയെത്തിക്കുന്നതിനായി മുന്നില്‍ നിന്ന് നയിച്ച മെസിക്ക് പക്ഷേ ഫൈനലില്‍ ആ മികവ് പുലര്‍ത്താന്‍ സാധിച്ചില്ല. അല്ലെങ്കില്‍ ജര്‍മന്‍ സംഘം അതിനനുവദിച്ചില്ല. എന്നിട്ടും കെട്ടുപൊട്ടിച്ച് അദ്ദേഹം ഒരു മികച്ച അവസരം തുറന്നെടുത്തു. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ അത് പുറത്തേക്ക് പോയത് ലോകം അവിശ്വസനീയതോടെ നോക്കി നിന്നു. ഗോളി മാത്രം നില്‍ക്കെ തുടക്കത്തില്‍ ഹിഗ്വെയ്‌നും ലഭിച്ചു ഒരു സുവര്‍ണാവസരം. പുറത്തേക്കടിച്ചു കളഞ്ഞ ഹിഗ്വെയ്‌നും സ്വയം പഴിക്കാം. പകരക്കാരനായി ഇറങ്ങിയ ലാവേസിക്ക് ലഭിച്ച അവസരത്തിന്റെ ഗതിയും സമാനമായിരുന്നു. മറ്റൊരവസരത്തില്‍ ഹിഗ്വെയ്ന്‍ പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ് സൈഡായത് അവരുടെ നിര്‍ഭാഗ്യത്തിലെ മറ്റൊരു ഏടായി. രണ്ടര പതിറ്റാണ്ടിന് ശേഷം ലോകകപ്പ് സ്വന്തമാക്കാനുള്ള ഭാഗ്യം അവര്‍ക്കില്ലാതെ പോയി.
ലാറ്റിനമേരിക്കന്‍ മണ്ണ് ലാറ്റിനമേരിക്കന്‍ രാജ്യത്തിനൊപ്പം നിന്ന ചരിത്രം ആദ്യമായി മാറ്റിയെഴുതപെട്ടപ്പോള്‍ അതില്‍ പങ്കാളിയാകാന്‍ കാലം കാത്തുവെച്ചത് ആധുനിക ഫുട്‌ബോളിലെ ഒരു അസാമാന്യ പ്രതിഭയുടെ സംഘത്തെയാണെന്നത് ചരിത്രത്തിന്റെ മറ്റൊരു ക്രൂരത. മറ്റൊന്ന് 1950ല്‍ ബ്രസീല്‍ ഉറുഗ്വെയോട് ഫൈനലില്‍ തോല്‍വി വഴങ്ങിയ അതേ മണ്ണിലാണ് അയല്‍ക്കാരും ബദ്ധവൈരികളുമായ അര്‍ജന്റീനയും മുറിവേറ്റ് വീണതെന്നതും യാദൃശ്ചികം. ബ്രസീല്‍ സെമിയില്‍ തോറ്റെങ്കിലും അവര്‍ ഇപ്പോള്‍ ആഘോഷിക്കുകയാണ്. അര്‍ജന്റീനയുടെ തോല്‍വി.