താങ്ങുവിലയേക്കാള്‍ സബ്‌സിഡി നല്‍കരുതെന്ന നിര്‍ദേശം കര്‍ഷകര്‍ക്ക് തിരിച്ചടി

Posted on: July 14, 2014 10:22 am | Last updated: July 14, 2014 at 10:22 am

subsidyതിരുവനന്തപുരം: ഭക്ഷ്യധാന്യങ്ങള്‍ക്കും നാണ്യവിളകള്‍ക്കും കേന്ദ്രം നിശ്ചയിക്കുന്ന കുറഞ്ഞ താങ്ങുവിലയില്‍ കൂടുതല്‍ സബ്‌സിഡി നല്‍കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകും. കേരളത്തിലെ നെല്‍ കര്‍ഷകരെയാണ് ഈ നിര്‍ദേശം പ്രധാനമായും ബാധിക്കുക.

അരി ഉള്‍പ്പെടെ ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധനവിന് ഇടയാക്കുന്നത് താങ്ങുവിലയേക്കാള്‍ കൂടുതല്‍ സബ്‌സിഡി നല്‍കുന്നാണെന്ന ന്യായീകരണം നിരത്തിയാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നീക്കം. വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന ഭക്ഷ്യ മന്ത്രിമാരുടെ യോഗത്തില്‍ തന്നെ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇതിന് പിന്നാലെ, താങ്ങുവിലക്ക് മുകളില്‍ സബ്‌സിഡി നല്‍കിയാല്‍ ബാധ്യത പൂര്‍ണമായി സംസ്ഥാനം വഹിക്കേണ്ടി വരുമെന്നും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സംഭരണത്തില്‍ പങ്കെടുക്കില്ലെന്നും കാണിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
ഭക്ഷ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ദേശീയ കാര്‍ഷിക മേഖല വില നിര്‍ണയ കമ്മീഷനാണ് ഭക്ഷ്യധാന്യങ്ങളുടെയും നാണ്യവിളകളുടെയും സംഭരണ വില നിശ്ചയിച്ചിരിക്കുന്നത്. ഒരു കിലോ നെല്ലിന് 13.10 രൂപയാണ് നിലവില്‍ കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്ന താങ്ങുവില. സംസ്ഥാനം സംഭരിക്കുന്നതാകട്ടെ 19 രൂപക്കും. അധികമായി വരുന്ന 5.90 രൂപ സംസ്ഥാനം ബോണസായി നല്‍കുകയാണ്. സംസ്ഥാന സര്‍ക്കാറാണ് ഇതിന്റെ ബാധ്യത വഹിക്കുന്നത്. 800 കോടി രൂപയുടെ നെല്ലാണ് ഈ വര്‍ഷം സംഭരിച്ചത്. ഇതില്‍ ബോണസായി 312 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കി. ഇങ്ങനെ ബോണസ് നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം.

ഉത്പാദന ചെലവ് 17 രൂപയിലധികം വരുമെന്നിരിക്കെ കേന്ദ്രം നിശ്ചയിച്ച 13.10 രൂപ താങ്ങുവിലക്ക് നെല്ല് സംഭരിക്കണമെന്ന വിചിത്ര വാദമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. താങ്ങുവിലയേക്കാള്‍ അധികവില നല്‍കി സംഭരിച്ചാല്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണ്‍ പോലും അനുവദിക്കില്ലെന്ന മുന്നറിയിപ്പും ഭക്ഷ്യ മന്ത്രാലയം ജോയിന്റ്‌സെക്രട്ടറി യു കെ എസ് ചൗഹാന്‍ അയച്ച കത്തിലുണ്ട്. അധിക വില നല്‍കിയാല്‍ ബാധ്യത സംസ്ഥാനം വഹിക്കണമെന്ന് മാത്രമല്ല, സംഭരണം, വിതരണം തുടങ്ങിയവക്കുള്ള പശ്ചാത്തല സൗകര്യങ്ങളും ഒരുക്കണമെന്ന് ചുരുക്കം.

കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളാണ് താങ്ങുവിലയേക്കാള്‍ അധിക വില നല്‍കി നെല്ല് സംഭരിക്കുന്നത്. ആവശ്യകതയേക്കാള്‍ കൂടുതല്‍ ഉത്പാദനം നടത്തുന്ന പഞ്ചാബ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ പോലും താങ്ങുവിലയേക്കാള്‍ കൂടുതല്‍ സംഭരണ വിലയായി നല്‍കുന്നുണ്ട്. അരി വില കുതിച്ചുയരാന്‍ കാരണം നെല്ലിന്റെ സംഭരണ വില വര്‍ധിക്കുന്നതാണെന്നാണ് ഭക്ഷ്യ മന്ത്രാലയത്തിന്റെ നിലപാട്. ഭക്ഷ്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ഭക്ഷ്യ സെക്രട്ടറി ഈ വാദം ഉയര്‍ത്തിയപ്പോള്‍ തന്നെ കേരളം വിയോജിച്ചിരുന്നു.
കേന്ദ്ര നിര്‍ദേശം നടപ്പായാല്‍ സംസ്ഥാനത്തെ നെല്‍ കൃഷി പൂര്‍ണമായി ഇല്ലാതാകുന്ന സാഹചര്യമുണ്ടാകും. ന്യായ വില നല്‍കി സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത് കൊണ്ടുമാത്രമാണ് നെല്‍ കൃഷിക്ക് കര്‍ഷകര്‍ മുതിരുന്നത്. അഞ്ചര ലക്ഷം ടണ്‍ നെല്ലാണ് ഇത്തവണ സംഭരിച്ചത്. ഏതാണ്ട് 800 കോടി രൂപയുടെ നെല്ല്.

അതേസമയം, ആവശ്യകതയേക്കാള്‍ കൂടുതല്‍ നെല്ല് സംഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രമേ നിയന്ത്രണം ബാധിക്കൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കേരളത്തിന് ഇക്കാര്യത്തില്‍ ഇളവ് ലഭിക്കും. കേരളം ആവശ്യകതയുടെ നാലിലൊന്ന് നെല്ല് പോലും ഉത്പാദിപ്പിക്കുന്നില്ല.