Connect with us

Business

പൊന്നിനും കറുത്ത പൊന്നിനും 'തിളക്കം' കൂടുന്നു

Published

|

Last Updated

കൊച്ചി: രാജ്യാന്തര വിപണിക്ക് ഒപ്പം കേരളത്തിലും സ്വര്‍ണം തിളങ്ങി. ആഭ്യന്തര ഡിമാന്‍ഡ് കുരുമുളക് വില ഉയര്‍ത്തി. മലബാറില്‍ അടക്കക്ക് കടുത്ത ക്ഷാമം. നാളികേരോത്പന്നങ്ങള്‍ മികവ് നിലനിര്‍ത്തി. ടയര്‍ നിര്‍മാതാക്കള്‍ റബ്ബര്‍ വില വീണ്ടും ഇടിച്ചു.
ആഭരണ കേന്ദ്രങ്ങളില്‍ പവന്‍ 20,880 ല്‍ നിന്ന് 21,360 രൂപയായി. പവനു 480 രൂപ ഉയര്‍ന്നു. ഒരു ഗ്രാമിന്റെ വില 2610 രൂപയില്‍ നിന്ന് 2670 ലേക്ക് മുന്നേറി. ലണ്ടനില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിനു 1319 ഡോളറില്‍ നിന്ന് 1340 ഡോളറായി.
ഉത്തരേന്ത്യന്‍ ഡിമാന്‍ഡില്‍ കുരുമുളക് വിപണിയില്‍ മികവ് നിലനിര്‍ത്തി. ഹൈറേഞ്ചില്‍ നിന്നുള്ള ചരക്ക് നീക്കം ചുരുങ്ങിയത് ആഭ്യന്തര വ്യാപാരികളെയും കയറ്റുമതിക്കാരെയും അസ്വസ്ഥരാക്കി. ഉത്തരേന്ത്യയില്‍ നിന്നുള്ള ആവശ്യം ഉയര്‍ന്ന അളവിലാണ്. അവിടുത്തെ വന്‍കിട സ്‌റ്റോക്കിസ്റ്റുകള്‍ കുരുമുളകില്‍ താത്പര്യം കാണിച്ചു. അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് 72,000 രൂപയിലും ഗാര്‍ബിള്‍ഡ് മുളക് 74,500 രൂപയിലുമാണ് കൊച്ചിയില്‍. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളക് ടണ്ണിനു 12,750 ഡോളറാണ്.
അടക്ക ക്ഷാമം രൂക്ഷമായത് വിലക്കയറ്റത്തിന് വഴിതെളിച്ചു. മികച്ചയിനം അടക്ക 29,000-30,000 രൂപയായി. ഒരാഴ്ച കൊണ്ട് ക്വിന്റലിന് 5000 രൂപ ഉയര്‍ന്നു. പാന്‍ മസാല വ്യവസായികള്‍ നാടന്‍ ചരക്കില്‍ കാണിച്ച താത്പര്യം വിപണി നേട്ടമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ സന്ദര്‍ഭത്തില്‍ വില 12,000 രുപ മാത്രമായിരുന്നു.
ഉത്തരേന്ത്യയില്‍ മഴ ലഭ്യമായെങ്കിലും ചുക്കിനു പുതിയ ഓര്‍ഡറില്ല. ആവശ്യക്കാര്‍ എത്തുന്നതോടെ വ്യാപാര രംഗം ചൂട് പിടിക്കാം. മീഡിയം ചുക്ക് 31,000 രൂപയിലും ബെസ്റ്റ് ചുക്ക് 32,500 രൂപയിലുമാണ്.
നാളികേര വിളവെടുപ്പ് പല ഭാഗങ്ങളിലും പുരോഗമിച്ചെങ്കിലും തേങ്ങയുടെ ലഭ്യത ഉയര്‍ന്നില്ല. മാസാരംഭ വാരമായിരുന്നിട്ടും ലോക്കല്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണക്ക് ഡിമാന്‍ഡ് മങ്ങി. പ്രാദേശിക മാര്‍ക്കറ്റുകളില്‍ മറ്റ് ഭക്ഷ്യയെണ്ണകളുടെ നിരക്ക് താഴ്ന്ന നിലവാരത്തിലാണ്. കൊച്ചിയില്‍ വെളിച്ചെണ്ണ 15,100 രൂപയിലും കൊപ്ര 10,400 ലുമാണ്.
ടയര്‍ നിര്‍മാതാക്കള്‍ റബ്ബറിനു താഴ്ന്ന നിരക്കില്‍ ക്വട്ടേഷന്‍ ഇറക്കിയത് കര്‍ഷകരെയും സ്‌റ്റോക്കിസ്റ്റുകളെയും സമ്മര്‍ദത്തിലാക്കി. മുഖ്യ വിപണികളിലേക്ക് കാര്യമായി ഷീറ്റ് വില്‍പ്പനക്ക് എത്തിയില്ല. റബ്ബര്‍ ഉത്പാദന രംഗവും തളര്‍ച്ചയിലാണ്. ചെറുകിട വ്യവസായികള്‍ ലാറ്റക്‌സ് സംഭരണത്തില്‍ താത്പര്യം കുറച്ചു. ലാറ്റക്‌സ് വില കിലോഗ്രാമിന് 105 രൂപയായി ഇടിഞ്ഞു. ആര്‍ എസ് എസ് നാലാം ഗ്രേഡ് റബ്ബര്‍ 14,200 രൂപയിലാണ്.

Latest