Connect with us

International

ആണവ പദ്ധതികള്‍: റഷ്യയും അര്‍ജന്റീനയും കരാറിലെത്തി

Published

|

Last Updated

ബ്യൂനസ് അയേഴ്‌സ്: ആണവോര്‍ജ പദ്ധതികളുള്‍പ്പെടെയുള്ള പദ്ധതികളുമായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അര്‍ജന്റീനയുമായി കരാറില്‍ ഒപ്പ് വെച്ചു. ലാറ്റിനമേരിക്കയില്‍ റഷ്യയുടെ സ്വാധീനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. അര്‍ജന്റീനയില്‍ മൂന്നാമതൊരു ആണവോര്‍ജ റിയാക്ടര്‍ നിര്‍മിക്കാന്‍ ആവശ്യമായ സഹായം റഷ്യ നല്‍കുമെന്ന് അര്‍ജന്റീനന്‍ പ്രസിഡന്റ് ക്രിസ്റ്റിന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ചനറുമായുള്ള കൂടിക്കാഴ്ചക്കു ശേഷം പുടിന്‍ പറഞ്ഞു. ആണവ പദ്ധതികള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരിക്കുമെന്ന് ഇരു നേതാക്കളും പറഞ്ഞു.
സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ബേസ് ക്യാമ്പ് നിര്‍മാണത്തിനും സൈനിക സാങ്കേതിക വിദ്യ സംബന്ധിച്ച സഹകരണത്തിനും അര്‍ജന്റീനയോട് പുടിന്‍ അഭ്യര്‍ഥിച്ചു. അര്‍ജന്റീന സ്വന്തമെന്ന് അവകാശപ്പെടുന്ന അന്റാര്‍ട്ടിക സെക്ടറില്‍ റഷ്യന്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നതിനും പുടിന്‍ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യന്‍ കമ്പനികള്‍ ഇവിടെ രണ്ട് ഹൈഡ്രോ ഇലക്ട്രിക് പഌന്റുകളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. വെള്ളിയാഴ്ച ഹവാനയില്‍ വെച്ച് പുടിന്‍ ക്യൂബന്‍ എനര്‍ജി കമ്പനിയുമായി കരാറിലൊപ്പിട്ടിരുന്നു. ആണവ പദ്ധതി സംബന്ധിച്ച് പുടിന്‍ ബ്രസീലുമായി കരാറിലൊപ്പിടുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്ത ആഴ്ച ഇത് സംബന്ധിച്ച് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസഫുമായി പുടിന്‍ കൂടിക്കാഴ്ച നടത്തും.

Latest