Connect with us

Articles

ചതിക്കുഴികള്‍ ശ്രദ്ധിക്കുക

Published

|

Last Updated

വിതരണ വിഷയത്തില്‍ സകാത്ത് മുതലുകളെ രണ്ടായി തിരിച്ചിട്ടുണ്ട്. ഒന്ന് പ്രത്യക്ഷ ധനവും മറ്റൊന്ന് പരോക്ഷ ധനവും. “കാര്‍ഷിക വിളകള്‍, കന്നുകാലികള്‍, സ്വര്‍ണവും വെള്ളിയും ഖനനം ചെയ്യുന്ന കേന്ദ്രങ്ങള്‍ ഇവയാണ് പ്രത്യക്ഷ മുതലുകള്‍. സ്വര്‍ണം, വെള്ളി, നിധി, കച്ചവടച്ചരക്കുകള്‍, ഫിത്്വര്‍ സകാത്ത് എന്നിവ പരോക്ഷ ധനങ്ങളുമാണ്.””( ശറഹുല്‍ മുഹദ്ദബ് 6/164). കറന്‍സി നോട്ടുകളും പരോക്ഷ മുതലാണെന്ന് പറയേണ്ടതില്ലല്ലോ. ഇതൊന്നും ഒരാളുടെ കൈയില്‍ എത്രയുണ്ട് എന്ന് മറ്റൊരാള്‍ക്ക് അറിയില്ല.
ഇതില്‍ പ്രത്യക്ഷ ധനത്തിന്റെ സകാത്ത് ഇസ്‌ലാമിക സര്‍ക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ ആവശ്യപ്പെട്ടാല്‍ ഏല്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. ഒരു രാജ്യത്ത് മുതലാളിമാരില്ലാത്ത പ്രദേശങ്ങളും ധാരാളമുണ്ടാകും. അത്തരം ചേരികളിലും കോളനികളിലുമുള്ളവരെ കണ്ടെത്തി സകാത്ത് നല്‍കാന്‍ ഭരണകൂടത്തിന് മാത്രമേ കഴിയുകയുള്ളൂ. എന്നാല്‍ പരോക്ഷ മുതലുകളായ വെള്ളി, സ്വര്‍ണം, നോട്ട്, ഫിത്്വര്‍ സകാത്ത്, കച്ചവടത്തിന്റെ സകാത്ത് തുടങ്ങിയവ ഇസ്‌ലാമിക ഭരണാധികാരിയുള്ള സ്ഥലത്തും ദായകര്‍ തന്നെയാണ് വിതരണം നടത്തേണ്ടത്. കുടുംബ ബന്ധം, അയല്‍ ബന്ധം, സുഹൃദ് ബന്ധം തുടങ്ങിയവ നിലനിര്‍ത്താനും വളര്‍ത്തിയെടുക്കാനും സകാത്ത് ദാനത്തിലൂടെ ഇസ്‌ലാം അവസരം നല്‍കുകയാണ്.
ഈ മുതലുകളുടെ സകാത്ത് ചോദിച്ചുവാങ്ങാന്‍ ഭരണാധികാരിക്ക് പോലും അവകാശമില്ലെന്നും അങ്ങനെ ചോദിക്കുന്നത് നിഷിദ്ധമാണെന്നും തുഹ്ഫ, നിഹായ, മഹല്ലി, ശറഹുല്‍ മുഹദ്ദബ് തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വിശദീകിരിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് വിതരണം ചെയ്യപ്പെടുന്ന സകാത്തില്‍ 95 ശതമാനവും ദായകര്‍ നേരിട്ട് വിതരണം നടത്തേണ്ട പരോക്ഷ ധനങ്ങളുടെ സകാത്താണ്. ഇവ പിരിച്ചെടുത്ത് വിതരണം നടത്താനെന്ന പേരില്‍ മതപരിഷ്‌കരണവാദികള്‍ തുടങ്ങിവെച്ച സകാത്ത് സെല്ലുകളും ബൈത്തുല്‍മാലുകളും തീര്‍ത്തും അനിസ്‌ലാമികമാണ്. പാവങ്ങളുടെ അവകാശമായ സകാത്ത് ഈ ഇടനിലക്കാര്‍ പാര്‍ട്ടി ഫണ്ടാക്കി ചൂഷണം ചെയ്യുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.
മതപരിഷ്‌കരണമോഹികളില്‍ കൂടുതല്‍ പഴക്കക്കാരായ വഹാബികള്‍ വളരെ നേരത്തെ തന്നെ സകാത്ത് തട്ടിപ്പിന് ശ്രമിച്ചിരുന്നു. കെ എം മൗലവി തന്നെ എഴുതുന്നത് കാണുക: “ഖുര്‍ആനും സുന്നത്തും അറബി സാഹിത്യവും പ്രചരിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദൂരീകരിക്കുന്നതിനുമായി സ്ഥാപിതമായി, പ്രശസ്തമാം വണ്ണം വളര്‍ന്നുവരുന്ന ഒരു സംഘമാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍. അതിനാല്‍, സകാത്തിന്റെ ഫണ്ടില്‍ മുജാഹിദുകള്‍ക്കുള്ള വിഹിതവും മറ്റു സംഭാവനകളും നല്‍കി ഈ പരിപാവനമായ മാസത്തില്‍ സംഘത്തെ സഹായിക്കണമെന്ന് എല്ലാ സഹോദരീസഹോദരന്മാരോടും പ്രത്യേകം അഭ്യര്‍ഥിക്കുന്നു”(അല്‍മനാര്‍ 1953 പുസ്തകം നാല്, ലക്കം മൂന്ന്)
ആദ്യകാല വഹാബി നേതാക്കളില്‍ ഒരാളായ കെ ഉമര്‍ മൗലവി തന്റെ സല്‍സബീല്‍ പത്രത്തിന് വേണ്ടി സകാത്ത് ആവശ്യപ്പെടുന്നത് വായിക്കുക”” പുണ്യമാസങ്ങളില്‍ നിങ്ങളുടെ ദാനധര്‍മങ്ങളില്‍ ഒരംശം സല്‍സബീലിനു നല്‍കുക. ഫകീര്‍, മിസ്‌കീന്‍, ഗാരിമീന്‍, ഫീ സബീലില്ലാഹി എന്നീ നിലക്കെല്ലാം സല്‍സബീലിന് സകാത്തിനവകാശമുണ്ട്. സംഭാവന ചോദിച്ച് നിങ്ങളെ അടുക്കല്‍ വന്ന് ബുദ്ധിമുട്ടിക്കാന്‍ വിചാരിക്കുന്നില്ല. സന്മനസ്സുള്ളവര്‍ മണിയോര്‍ഡര്‍ അയക്കുക.”” (സല്‍സബീല്‍ 1973 ആഗസ്റ്റ്)