ഇറാഖി സൈന്യം തടവുകാരെ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്

Posted on: July 13, 2014 12:17 am | Last updated: July 13, 2014 at 12:18 am

iraqueബഗ്ദാദ്: ഇറാഖി സൈന്യവും ശിയാ സ്വകാര്യ സൈനികരും 225 തടവുകാരെ വധശിക്ഷക്ക് വിധേയരാക്കിയതായി മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ നിരീക്ഷണ സംഘടനയാണ് ആറ് നഗരങ്ങളിലും ഗ്രാമങ്ങളിലുമായി സുന്നി തടവുകാരെ കൊന്ന വിവരം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ എട്ട് പേര്‍ 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളാണ്.
കഴിഞ്ഞ മാസം ഒമ്പതിനും 21നും ഇടയില്‍ നീനവി പ്രവിശ്യയിലെ മൂസ്വില്‍, തല്‍ അഫാര്‍, ദിയാല പ്രവിശ്യയിലെ ബാഖൂബ, ജുമാര്‍ഖി, അന്‍ബാര്‍ പ്രവിശ്യയിലെ റാവ എന്നിവിടങ്ങളില്‍ അഞ്ച് കൂട്ടക്കൊലകള്‍ നടന്നതായി സംഘടന ആരോപിക്കുന്നു. സാക്ഷികള്‍, അക്രമങ്ങള്‍ നടത്തിയ പേര് വെളിപ്പെടുത്താത്ത പോലീസ് ഉദ്യോഗസ്ഥര്‍, കൊല്ലപ്പെട്ടവരുടെ ചില കുടുംബാംഗങ്ങളുമായി നടത്തിയ അഭിമുഖങ്ങള്‍ തുടങ്ങിയ രേഖകള്‍ സമാഹരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ കൂട്ടക്കൊല യുദ്ധക്കുറ്റമായോ മനുഷ്യത്വത്തിനെതിരെയുള്ള കുറ്റമായോ ഗണിക്കപ്പെടാവുന്നതാണ്. വിമത സംഘടനയായ സുന്നി ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തിയ കൂട്ടക്കുരുതികള്‍ക്ക് എതിരെയുള്ള പ്രതികാരമാണ് ഈ കൂട്ടക്കൊലകളെന്ന് മനുഷ്യാവകാശ സംഘടന പറയുന്നു. കഴിഞ്ഞ മാസം 23ന് നടന്ന ആറാമത്തെ ആക്രമണത്തില്‍ ബാബില്‍ പ്രവിശ്യയിലെ ഹില്ലയില്‍ പോലീസ് 69 തടവുകാരെ സെല്ലുകളില്‍ വെച്ച് കൂട്ടക്കൊല നടത്തിയെന്ന റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടും സംഘടന ഉദ്ധരിക്കുന്നുണ്ട്.
അതേസമയം, അന്‍ബാറിലെ ഹദീസയില്‍ അണക്കെട്ടിന് സമീപം വിമതരെ തുരത്തിയതായി ഇറാഖീ സൈന്യം അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ റമാദിയില്‍ രൂക്ഷ പോരാട്ടം നടക്കുന്നുണ്ട്. ഇവിടേക്ക് ശിയാ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തുന്നുണ്ട്.