Connect with us

National

പൂനെ സ്‌ഫോടനം: തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം

Published

|

Last Updated

പൂനെ: പൂനെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. വ്യാഴാഴ്ച സ്‌ഫോടനം നടത്തുന്നതിന് മുമ്പ് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ കറാച്ചിയില്‍ വെച്ച് പരസ്പരം ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ചതായി കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ ടി എസ്) അറിയിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച എ ടി എസ് സംഘത്തിന് ഭീകരനെന്നു സംശയിക്കുന്ന ഒരാളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. സ്‌ഫോടനം നടക്കുന്നതിനു തൊട്ടുമുമ്പ് ഒരാള്‍ ഫറാസ്ഖാന പോലീസ് സ്റ്റേഷന് സമീപം ബൈക്ക് പാര്‍ക്ക് ചെയ്യുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. കേസിന്റെ അന്വേഷണത്തിനായി ജില്ലാ പോലീസിന്റെ സഹകരണത്തോടെ പത്ത് അന്വേഷണ സംഘങ്ങള്‍ എ ടി എസ് രൂപവത്കരിച്ചിട്ടുണ്ട്.
ഒരു പോലീസ് കോണ്‍സ്റ്റബിളടക്കം അഞ്ച് പേര്‍ക്ക് വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റിരുന്നു. ബോംബ് വെച്ച ബൈക്ക് മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്നു ലഭിച്ച തൊണ്ടി മുതലായിരുന്നു. സ്‌ഫോടനത്തിന് കുറച്ച് ദിവസം മുമ്പ് മാത്രമാണ് ബൈക്ക് സ്റ്റേഷനിലെത്തിച്ചത്.
തീവ്രത കുറഞ്ഞ സ്‌ഫോടനമാണെങ്കിലും തീവ്രവാദി ആക്രമണമെന്ന നിലയില്‍ തന്നെ അന്വേഷണം പുരോഗമിക്കുമെന്ന് പൂനെ പോലീസ് കമ്മീഷനര്‍ സതീഷ് മാഥൂര്‍ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി 20 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം, ആയുധം സൂക്ഷിക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Latest