Connect with us

Palakkad

കെ പി സിസി സമിതിയുടെ സിറ്റിംഗ് ഈ മാസം 18ന്

Published

|

Last Updated

കൊല്ലങ്കോട്: പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്ന കെ പി സിസി സമിതിയുടെ സിറ്റിങ് ഈ മാസം 18 ന്.  കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാം എന്നിവര്‍ രാവിലെ 11 മുതല്‍ കൊല്ലങ്കോട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായും പ്രവര്‍ത്തകരുമായും ചുമതലയുള്ള നേതാക്കളുമായും ആശയ വിനിമയം നടത്തും.
ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, കൊല്ലങ്കോട് ബ്ലോക്കിന്റെ ചുമതലയുള്ള ഡിസിസി സെക്രട്ടറി എ.തങ്കപ്പന്‍ എന്നിവരും പങ്കെടുക്കും.”പതിനെട്ടംഗ പഞ്ചായത്തില്‍ യു ഡി എഫിനും എല്‍ ഡി എഫിനും ഒന്‍പതു വീതം അംഗങ്ങളാണുള്ളത്. ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നു ജൂണ്‍ 27നു ചര്‍ച്ചയ്‌ക്കെടുക്കുന്നതിനു മുന്‍പ് ഐ ഗ്രൂപ്പുകാരിയായ പഞ്ചായത്ത് പ്രസിഡന്റ് ടി പ്രദീപ് രാജി വയ്ക്കുകയായിരുന്നു. വൈസ് പ്രസിഡന്റിനെതിരെ നടന്ന വോട്ടെടുപ്പില്‍ നാലു കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതിനെ തുടര്‍ന്നു എ ഗ്രൂപ്പുകാരനായ വൈസ് പ്രസിഡന്റ് കെ ഗുരുവായൂരപ്പന്‍ പുറത്താക്കപ്പെട്ടു.
സംഭവം ശ്രദ്ധയില്‍പ്പെട്ട കെ പി സിസി പ്രസിഡന്റ് ഡിസിസി പ്രസിഡന്റ് സിവി ബാലചന്ദ്രനോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടില്‍ കൊല്ലങ്കോട് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ട സാഹചര്യം പരിശോധിക്കാനും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെ കുറിച്ചു പഠിക്കാനും കെ പി സി സി തലത്തില്‍ അന്വേഷണം വേണമെന്നു ആവശ്യപ്പെട്ടിരുന്നു. ഡി സി സി പ്രസിഡന്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കെ പി സി സി ജനറല്‍ സെക്രട്ടറിയെയും സെക്രട്ടറിയെയും പ്രശ്‌നം പഠിക്കുന്നതിനായി കെ പി സി സി പ്രസിഡന്റ് നിയോഗിച്ചിരിക്കുന്നത്.