കരുണാ പ്ലാന്റേഷന്‍ ഭൂമി ഇടപാട്: ജുഡീഷ്യല്‍ അനേ്വഷണം വേണം: എ കെ ബാലന്‍

Posted on: July 12, 2014 9:38 am | Last updated: July 12, 2014 at 9:38 am

ak balanപാലക്കാട്: കരുണാ പ്ലാന്റേഷന്‍ ഭൂമി എട്ടംഗകമ്മിറ്റിയുടെ ഉപദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാരോട് കരം വാങ്ങാന്‍ നിര്‍ദ്ദേശിച്ച വിഷയത്തില്‍ സത്യം പുറത്തുവരാന്‍ ജൂഡീഷ്യല്‍ അനേ്വഷണം നടത്തണമെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുന്‍മന്ത്രിയുമായ എ കെ ബാലന്‍ എം എല്‍ എ ആവശ്യപ്പെട്ടു. കൊല്ലങ്കോട് രാജകുടുംബത്തിന്റെതായിരുന്ന ഭൂമി 1969-ലെ സെയില്‍ഡീഡ് അനുസരിച്ച് മുതലമടയിലായിരുന്നു. പിന്നീട് പയ്യല്ലൂര്‍ വില്ലേജിലേക്ക് മാറ്റി. അതിര്‍ത്തികള്‍വരെ പുനര്‍നിര്‍ണയിച്ച് ആധാരുമുണ്ടാക്കിയത് ആരുടെയെല്ലാം സഹായത്താലായിരുന്നുവെന്ന് അനേ്വഷിക്കണം.
അഡ്വക്കേറ്റ് ജനറല്‍ ഓഫീസും വനംവകുപ്പിനു വേണ്ടി ഹാജരായ വക്കീലും അടങ്ങിയവര്‍ എങ്ങനെ 786 ഏക്കര്‍ ഭൂമിക്ക് കരം വാങ്ങണമെന്ന് ശുപാര്‍ശ ചെയ്യും. മുന്‍ ഡി എഫ് ഒയുടെ കാലത്തും വനം മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിന്റെ കാലത്തും നിശബ്ദമായിരുന്ന 8 അംഗ സമിതി ഗണേഷ് മാറിയ ശേഷമാണ് ഭൂമി വില്‍പ്പനയ്ക്ക് അനുവാദം നല്‍കിയത്.
തര്‍ക്കത്തിലുളള വനഭൂമി പോക്കുവരവ് ചെയ്തു നല്‍കുമെങ്കില്‍ അത് കാബിനറ്റ് തീരുമാനം പാസാക്കിയാവണം. ഇവിടെ ഭൂമി കൈമാറ്റത്തിനുളള ഉത്തരവ് വനംവകുപ്പ് സെക്രട്ടറിയോ മന്ത്രിയോ കണ്ടിട്ടില്ലെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് 3 അംഗ സമിതിയെ സംഭവം അനേ്വഷിക്കാന്‍ നിയോഗിച്ചു. എന്നാല്‍ മൂന്നംഗസമിതിയുടെ അനേ്വഷണമല്ല സിറ്റിംഗ് ജഡ്ജിയുടെ അനേ്വഷണമാണ് ഇക്കാര്യത്തിലുണ്ടാവേണ്ടതെന്ന് എ കെ ബാലന്‍ എം എല്‍ എ പറഞ്ഞു. എന്‍ ഒ സി നല്‍കി ഡി എഫ് ഒയെ സ്ഥലം മാറ്റി മുഖം രക്ഷിക്കാനുളള നീക്കം ശരിയല്ല.
മുന്‍ ഡി എഫ് ഒ റിട്ടയര്‍ ചെയ്ത ശേഷം മന്ത്രി ഗണേഷ് കുമാറിനെ അദ്ദേഹം പുറത്താക്കാന്‍ ശ്രമിച്ചവര്‍ എന്ന് അദ്ദേഹം ആരോപിച്ചവര്‍ ഉള്‍പ്പെട്ട സമിതി ഭൂമി കൈമാറ്റത്തിന് തയ്യാറായതിന് പിന്നിലെ ഗൂഡലക്ഷ്യങ്ങളും പുറത്തുകൊണ്ടുവരണം.
1969-ലെ വില്‍പ്പനക്കരാര്‍ ഒഴിവാക്കി വില്ലേജും അതിരുകളും വരെ പുനര്‍നിര്‍ണയിച്ചതിനു പിന്നില്‍ വനം മാഫിയ ആണ്. കരുണ പ്ലാന്റേഷനു വേണ്ടി ഇറക്കിയ ഉത്തരവുപയോഗിച്ച് 1200 ഏക്കറിലധികം പാട്ടഭൂമി സ്വന്തമാക്കാന്‍ താല്‍പ്പര്യമുളളവരും ഇതിനു പിന്നിലുണ്ട്. 2006-ല്‍ വിധിയായ ഭാഗപത്ര ഉടമ്പടി കരാര്‍ നിലനില്‍ക്കുമ്പോള്‍ അതേ വിധി അറിയിച്ചില്ലെന്ന നിലപാടും ആരൊക്കെ എന്തൊക്കെ പറയുന്നുവെന്നതിന്റെ തെളിവാണ്.
ഇത്തരത്തില്‍ പാട്ടഭൂമി തട്ടിയെടുത്ത് വ്യാജ ആധാരങ്ങളുണ്ടാക്കി വില്‍പ്പന നടത്തുന്നവരെ പൊതുജനമധ്യത്തിലെത്തിക്കാന്‍ ജൂഡീഷ്യല്‍ അനേ്വഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.