ബ്രസീലിന്റെ പതനം നാളെ ആര്‍ക്കും സംഭവിച്ചേക്കാം : അഗ്യുറോ

Posted on: July 12, 2014 8:16 am | Last updated: July 12, 2014 at 8:16 am

2035794_full-lndബെലോ ഹൊറിസോന്റെ: ജര്‍മനിയുടേത് മഹത്തായ നിരയാണ്. ബ്രസീലിന് സംഭവിച്ചതു പോലൊരു പതനം ജര്‍മനിക്കെതിരെയാകുമ്പോള്‍ ഏതൊരു ടീമിനും സംഭവിക്കാവുന്നതാണ്. അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്യുറോ ഫൈനലിന് തയ്യാറെടുക്കുന്ന സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അതേ സമയം, അര്‍ജന്റീനയുടേത് ഫൈനല്‍ കളിക്കാന്‍ അര്‍ഹതയുള്ള കളിസംഘമാണെന്നും മോശം ടീം ഒരിക്കലും ലോകകപ്പ് ഫൈനലിലെത്തില്ലെന്നും അഗ്യുറോ പറഞ്ഞു. നൈജീരിയക്കെതിരെ ഗ്രൂപ്പ് മത്സരത്തില്‍ പരുക്കേറ്റതിന് ശേഷം അഗ്യുറോക്ക് രണ്ട് നോക്കൗട്ട് മത്സരങ്ങളും നഷ്ടമായിരുന്നു. സെമിയില്‍ ഹോളണ്ടിനെതിരെ പകരക്കാരനായെത്തിയ അഗ്യുറോ ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടിരുന്നു. പരുക്കില്‍ നിന്നുള്ള തിരിച്ചുവരവിലും അഗ്യുറോ തനത് ഫോമിലേക്കുയര്‍ന്നിട്ടില്ല. ഇതേക്കുറിച്ച് മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ പറയുന്നത് ഇങ്ങനെ: പരുക്ക് മാറി കളത്തിലിറങ്ങിയാലും കളിക്കാരനെ പരുക്കിന്റെ ഓര്‍മ വേട്ടയാടും. വീണ്ടും പരുക്കേല്‍ക്കുമോ എന്ന ഭയാശങ്ക മനസ്സിലുണ്ടാകും. കുറച്ച് മത്സരങ്ങള്‍ വേണം ഇത് അതിജീവിക്കാന്‍.