ഓപണ്‍ ബി എ: പ്രവാസികള്‍ക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ‘ഇരട്ടി’ പ്രഹരം

Posted on: July 12, 2014 12:16 am | Last updated: July 12, 2014 at 12:16 am

calicut universityമസ്‌കത്ത്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന 2014ലെ ബി എ, ബി കോം (ഓപണ്‍സ്ട്രീം) ഡിഗ്രി കോഴ്‌സിനുള്ള പ്രവേശന പരീക്ഷക്ക് ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നത് ഭാരിച്ച ഫീസ്. യൂനിവേഴ്‌സിറ്റി അധികൃതരുടെ കൊല്ലുന്ന ഫീസിന് പിന്നാലെ അതത് രാജ്യങ്ങളിലെ കൗണ്‍സില്‍ സെന്ററുകള്‍ ഫീസ് ഇനത്തിന്റെ പേരില്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്നത് യൂനിവേഴ്‌സിറ്റിക്ക് നല്‍കാനുള്ള ഫീസിന്റെ ഇരട്ടിയും. പ്രവേശന പരീക്ഷക്ക് അപേക്ഷിക്കണമെങ്കില്‍ കേരളത്തില്‍ 1000 രൂപയാണ് ഫീസ് എങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥിയില്‍ നിന്നും ഈടാക്കുന്നത് 120 ഡോളറാണ്. അഥവാ 7167.60 രൂപ. കേരളത്തിലെ ഫീസിനേക്കാള്‍ ആറിരട്ടിയാണ് യൂനിവേഴ്‌സിറ്റി ഈ ഇനത്തില്‍ മാത്രമായി ഈടാക്കുന്നത്.

എന്നാല്‍, കേരളത്തിന് പുറത്തു നിന്ന് പ്രവേശന പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന പരീക്ഷാര്‍ഥികളില്‍ നിന്ന് കൗണ്‍സിലിംഗ് സെന്ററുകള്‍ ഈടാക്കുന്നത് യൂനിവേഴ്‌സിറ്റിയുടെ ഫീസിന്റെ ഇരട്ടിയലധികമാണ്. കേരളത്തിന് പുറത്തുള്ളവര്‍ക്ക് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള കൗണ്‍സിലിംഗ് സെന്ററുകള്‍ വഴിയെ പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളു എന്നിരിക്കെ ഒമാന്‍ അടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ ഈ ഫീസ് വര്‍ധനക്കെതിരെ ശബ്ദമുയര്‍ത്താന്‍ സാധിക്കാതെ നിസ്സഹയരായിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് പരീക്ഷയെഴുതാന്‍ ആയിരം രൂപയുടെ ഫീസാണ് ആവശ്യമെങ്കില്‍ കേരളത്തില്‍ നിന്ന് പുറത്ത് നിന്നുള്ള പല സെന്ററുകളും വാങ്ങുന്നത് 3,200 രൂപയാണ്.
ഒമാനിലെ ചില സെന്ററുകള്‍ പ്രവേശന പരീക്ഷയുടെ ഇനത്തില്‍ മാത്രം 100 റിയാല്‍ (15,600 രൂപയോളം) വിദ്യാര്‍ഥികളില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. കുവൈത്തിലെ സെന്ററുകള്‍ 75 ദീനാറാണ് (15983 രൂപ) വാങ്ങുന്നത്. അഥവാ നാട്ടിലെ ഫീസിനേക്കാള്‍ 14 ഇരട്ടിയിലധികം രൂപയാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളില്‍ നിന്ന് യൂനിവേഴ്‌സിറ്റി ഈടാക്കുന്നത്.
സ്വദേശിവത്കരണവും നിതാഖാത്തുമടക്കമുള്ള നടപടി ക്രമങ്ങളെ തുടര്‍ന്ന് നിരവധി തസ്തികയില്‍ ഡിഗ്രി നിര്‍ബന്ധമാക്കിയതോടെ ഓപ്പണ്‍ സ്ട്രീമിലൂടെ ഡിഗ്രി നേടാന്‍ ആഗ്രഹിക്കുന്ന പാവപ്പെട്ട പ്രവാസികള്‍ക്ക് മേലുള്ള പ്രഹസനമാണ് യൂനിവേഴ്‌സിറ്റികളുടെയും സെന്ററുകളുടെയും ഫീസ് വര്‍ധന. വര്‍ഷങ്ങളോളം വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ ജോലി നഷ്ടമാകാതിരിക്കാന്‍ ഏറ്റവും എളുപ്പവും നിയമാനുസൃതവുമായ വഴിയാണ് ഓപ്പണ്‍ ഡിഗ്രി.
വിമാന ടിക്കറ്റിന്റെ നിരക്ക് വിമാന കമ്പനികള്‍ കുത്തനെ വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ പരീക്ഷയെഴുതാന്‍ വേണ്ടിമാത്രം ലീവെടുത്ത് നാട്ടില്‍ പോകുകയെന്നതും പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. നാട്ടില്‍ നിന്ന് പരീക്ഷയെഴുതി ഡിഗ്രിക്കുള്ള പ്രവേശനം ലഭിക്കുന്ന പ്രവാസിക്ക് ഒരോ സെമസ്റ്റര്‍ പരീക്ഷക്കും നാട്ടില്‍വരേണ്ടി വരും.
പ്രവേശന പരീക്ഷക്ക് ശേഷം യോഗ്യത നേടുന്നവര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കുന്നത് വരെ വിവിധ ആവശ്യങ്ങള്‍ക്കായി സെന്ററുകളില്‍ അടക്കേണ്ടതും ഭാരപ്പെട്ട ഫീസാണ്. മൂന്ന് വര്‍ഷത്തേ കോഴ്‌സ് തീരുമ്പോഴേക്കും ഒരു വിദ്യാര്‍ഥിക്ക് ഒരു ലക്ഷം രൂപയോളം ചെലവ് വരും. ഡിഗ്രിയുടെ അടിസ്ഥാന യോഗ്യതയായ പ്ലസ് ടു / പ്രീഡിഗ്രി/തത്തുല്യ യോഗ്യത പാസ്സാകാത്ത കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഓപണ്‍ സ്ട്രീമിലുള്ള ഡിഗ്രി പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാന്‍ സാധിക്കുക. ആഗസ്ത് ഒമ്പത്, 10 തീയതികളിലായി നടക്കുന്ന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 16ാം തീയതിയാണ്.