Connect with us

Articles

വ്രതാനുഷ്ഠാനത്തിലൂടെ സ്വയമറിയുക

Published

|

Last Updated

ആരാധനകളില്‍ വെച്ച് കൂടുതല്‍ വൈയക്തികമായ ഒന്നാണ് നോമ്പ്. നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ അഭിമുഖീകരിക്കേണ്ടി വരുന്ന സന്ദര്‍ഭവുമാണ് ഉപവാസ കാലം. പക്ഷേ, അത്തരം ഒരു അഭിമുഖീകരണത്തെ ആളുകള്‍ ഭയപ്പെടുന്നു. തുടര്‍ച്ചയായി എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ട് അതില്‍ നിന്നവര്‍ രക്ഷപ്പെടുന്നു. നമ്മുടെ ഉള്ളില്‍ നാം ഒരുപാട് വൃത്തികേടുകള്‍ അമര്‍ത്തി വെച്ചിട്ടുണ്ട്. അതുകൊണ്ട് ഉള്ളിലേക്ക് നോക്കുകയെന്നത് ചിലര്‍ക്ക് നരകത്തിലേക്ക് നോക്കുന്നതിന് തുല്യമാണ്. നമ്മില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ നാമെപ്പോഴും മറ്റുള്ളവരിലേക്ക് നോക്കുകയാണ് പതിവ്. അന്യരുടെ ദോഷവും കുറ്റവും കണ്ടുപിടിക്കുകയും അത് ആസ്വദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ആഹ്ലാദകരമായ ഒരു വേലയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആധുനിക ലോക സംസ്‌കാരം അത് സ്വാംശീകരിച്ചിരിക്കുന്നു. മാധ്യമങ്ങളും കക്ഷികളും സംഘടനകളും വ്യക്തികളും ഈ പ്രവൃത്തി കൂടിയും കുറഞ്ഞും ഇടതടവില്ലാതെ നിറവേറ്റുന്നു. അതിനുള്ള സാധ്യതകളെക്കുറിച്ച് ഗവേഷണം നടത്തുന്നവരെ ജനം പ്രോത്സാഹിപ്പിക്കുന്നു. അവര്‍ക്ക് അവാര്‍ഡുകള്‍ തന്നെ നല്‍കുന്നു. ഇത്തരം സ്വഭാവങ്ങളെ മാറ്റിയെടുക്കാന്‍ വ്രതത്തിനു കഴിയും. അപ്പോള്‍ മാത്രമേ യഥാര്‍ഥ ആനന്ദം നമുക്ക് കണ്ടെത്താനാകുകയുള്ളൂ.
ഒരു മനുഷ്യന്റെ സകല കോപങ്ങളും ആഗ്രഹങ്ങളും ആര്‍ത്തികളും അസൂയകളും അഹങ്കാരവും സ്വന്തമെന്ന നിലപാടും കാമവും അപ്രത്യക്ഷമാകുമ്പോള്‍ അവയിലൂടെ ഉപയോഗിക്കപ്പെട്ടിരുന്ന ഊര്‍ജവും സ്വതന്ത്രമാക്കപ്പെടുന്നു. അത് ആനന്ദമായി മാറുന്നു. അതീതവുമായുള്ള അല്ലെങ്കില്‍ സ്രഷ്ടാവുമായുള്ള നമ്മുടെ കൂടിച്ചേരലാണ് ആനന്ദം. ആ പ്രക്രിയയെ എളുപ്പമാക്കുന്ന പ്രവൃത്തിയാണ് വ്രതം. ജീവിതം വളരെ ചെറുതാണ്; നൈമിഷകമാണ്. ഈ നിമിഷം അത് ഇവിടെയുണ്ട്. അടുത്ത നിമിഷം അത് അപ്രത്യക്ഷമായേക്കാം. ജീവിതം തന്നെ യുക്തിസഹമല്ല. അത് തുടരെ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുടെ നീണ്ട നിരയാണ്. ശാസ്ത്രവുമായിട്ടാണ് യുക്തി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. അത് ജീവിതത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഭാഗികമായ ചില നിഗമനങ്ങള്‍ സ്വരൂപിക്കുന്നു. കടലിന്റെ ആഴവും വ്യാപ്തിയും ധര്‍മവും അറിയാതെ തിരമാലകളെക്കുറിച്ച് നടത്തുന്ന വ്യാഖ്യാനം പോലെ തീര്‍ത്തും അപൂര്‍ണമായ അറിവാണത്. അന്യരുടെ അനുഭവങ്ങളില്‍ നിന്നാണ് അറിവ് ശേഖരിക്കപ്പെടുന്നത്, സത്യം സ്വയം അറിയേണ്ടതാണ്. അറിവിനേക്കാള്‍ പരമ പ്രധാനം “അറിയലാണ്”. അറിവ് ഭൂതകാലത്തിന്റെ മാറാപ്പാണ്. സ്വയം അറിയുകയാണ് വേണ്ടത്. സ്രഷ്ടാവിനെ അറിയുന്നവന്‍ അവനായിരിക്കും. കടം വാങ്ങിയ അറിവുകളുടെ ഭാണ്ഡം പേറുന്നവരെയും പണ്ഡിതന്മാര്‍ എന്നു വിളിക്കാറുണ്ട്. നോമ്പനുഷ്ഠിക്കുമ്പോള്‍ അതി തീവ്രമായ അനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്ന് പരമമായതും നമ്മിലേക്ക് ഇറങ്ങിവരുന്നു. പരമാനന്ദം സമുദ്രസമാനമായ അവസ്ഥയാണ്.
അഹംബോധത്തിന്റെ വേലിക്കെട്ടുകള്‍ അപ്പോള്‍ തകര്‍ക്കപ്പെടുന്നു. നിങ്ങളുടെ എല്ലാ മുഖംമൂടികളും അതോടെ ചീന്തിയെറിയപ്പെടുന്നു. ഇപ്പോള്‍ നാം മുഖംമൂടി ധരിക്കുന്നവരാണ്. നമ്മുടെ ശരിയായ രൂപം ദൈവത്തില്‍ നിന്ന് മാത്രം നമുക്ക് മറച്ചുവെക്കാനാകില്ല. വീട്ടിലും ഓഫീസിലും ഭാര്യഭര്‍ത്താക്കന്മാരുടെ മുമ്പിലും പള്ളിയിലും സമൂഹത്തിലും പൊതുവേദികളിലുമൊക്കെ നാം വ്യത്യസ്ത മുഖംമൂടികള്‍ ധരിക്കുന്നു. കഴിവതും സ്വയം മറ്റുള്ളവരില്‍ നിന്ന് നാം മറച്ചുവെക്കുന്നു. ഉള്ളിന്റെ ഉള്ളില്‍ ഒരു യഥാര്‍ഥ സത്തയും വ്യക്തിത്വവും നാം ഒളിച്ചുവെക്കുന്നു. ഉറങ്ങുന്ന വേളയില്‍ ചിലപ്പോള്‍ ചിലരുടെ മുഖംമൂടികള്‍ അവരറിയാതെ അഴിഞ്ഞുവീഴാറുണ്ട്. ഉണര്‍ന്നാലുടന്‍ അത് അവര്‍ എടുത്ത് ധരിക്കുന്നു. ചിലര്‍ നിദ്രാവേളകളിലും പോലീസ് സ്‌റ്റേഷനിലെ പാറാവുകാരനെപ്പോലെ ഡ്യൂട്ടിയില്‍ തന്നെ യൂനിഫോറം ധരിച്ചു കിടന്നുറങ്ങുന്നു. അവനവന്റെ തൊലി സ്വയം ഉരിഞ്ഞുവെച്ച് ദൈവത്തിന്റെ കണ്ണാടിക്കു മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ നോമ്പ് മനുഷ്യനെ പ്രേരിപ്പിക്കുന്നു. കണ്ണാടി സത്യം മാത്രമേ കാണിച്ചു തരികയുള്ളൂ. തന്റെ ജീവിതത്തിലെ 11 മാസക്കാലം സംഭവിച്ചതെല്ലാം സ്വയം അറിഞ്ഞും ഉപേക്ഷിക്കേണ്ടവയെല്ലാം ഉപേക്ഷിച്ചും അല്ലാത്തവ സ്വീകരിച്ചും സ്വയം ശുദ്ധീകരിക്കാനുള്ള മാസമാണിത്. പുണ്യങ്ങളുടെ പൂക്കാലമെന്ന വെറും കപട വാചകങ്ങള്‍ ഉച്ചരിച്ചും പകല്‍ ആഹാരനീരാദികള്‍ ഉപേക്ഷിക്കുന്നതും ഒരു മഹാ ത്യാഗമായി വ്യാഖ്യാനിച്ചും രാത്രി മുഴുവന്‍ കിട്ടാവുന്നതെല്ലാം വെട്ടിവിഴുങ്ങിയും നോമ്പിനെ പെരുന്നാളിനേക്കാള്‍ വലിയ ഉല്ലാസവേളകളും ആഘോഷവുമാക്കി മാറ്റുന്നവന്‍ ഒന്നും നേടുന്നില്ല. അത്തരം പ്രകടനപരതയാര്‍ന്ന ഭക്തി നാശത്തിലേക്കുള്ള മറ്റൊരു ഘോഷയാത്രയും കൂടിയാണ്.
ഇപ്പോള്‍ ഇവിടെ ഈ നിമിഷമാണ് നാം നല്ലവരായിത്തീരേണ്ടത്; ജീവിതശൈലിയെ പരിവര്‍ത്തിപ്പിക്കേണ്ടത്. ഭൂതകാലം ഇനി അവശേഷിക്കുന്നില്ല, ഭാവി കാലം വന്നെത്തിയിട്ടുമില്ല. എന്തെല്ലാം നിലനില്‍ക്കുകന്നുവോ അവയെല്ലാം വര്‍ത്തമാനകാലത്താണ്. അതിവേഗം അവയെല്ലാം ഭൂതകാലത്തോട് ചേര്‍ന്നു നീങ്ങുകയാണ്. മനസ്സ് നമ്മെ ആയിരം മാര്‍ഗങ്ങളിലൂടെ വര്‍ത്തമാനകാലത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്നു. മനസ്സിന് ഭൂതത്തിലോ ഭാവിയിലോ മാത്രമേ നിലനില്‍ക്കാനാകുകയുള്ളൂ. നാം പൂര്‍ണമായും “ഇപ്പോള്‍ ഇവിടെ” ആയിരിക്കുമ്പോള്‍ മാത്രമേ ദുഷ്ടമനസ്സ് അപ്രത്യക്ഷമാകുകയുള്ളൂ. അതോടെ പരിവര്‍ത്തനം സംഭവിക്കുന്നു. നരകം അകന്നു പോകുന്നു. സത്യം കണ്ടെത്തിയ ഒരു പുതിയ മനുഷ്യനായിക്കഴിഞ്ഞാല്‍ അവന്‍ ഒരു വാതില്‍ പോലെയാകുന്നു. സുഖവും ദുഃഖവുമെല്ലാം അതുവഴി വരികയും കടന്നുപോകുകയും ചെയ്യുന്നു. അതൊന്നും അദ്ദേഹത്തെ ബാധിക്കുകയില്ല. അയാള്‍ ധനികനോ ദരിദ്രനോ അല്ല. എന്തു സംഭവിച്ചാലും അയാളത് സ്വീകരിക്കുന്നു. സംഭവിക്കാനനുവദിക്കുന്നു. ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. അയാള്‍ ധനവാനാകാനോ ദരിദ്രനാകാനോ പരിശ്രമിക്കുന്നില്ല.
ഏറ്റവും വലിയ ആള്‍ ആരുമല്ലാത്തവനാണ്. വില്‍ക്കാനും വാങ്ങാനും കഴിയാത്ത കാര്യങ്ങളാണ് വിനിമയം നടത്താന്‍ കഴിയുന്നവയേക്കാള്‍ മൂല്യവത്തായിട്ടുള്ളത്. അത്തരം വില മതിക്കാനാകാത്ത ചില മൂല്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ തുന്നിച്ചേര്‍ക്കാനാണ് മനുഷ്യര്‍ ഉപവസിക്കുന്നത്. ഭൗതികവും ആത്മീയവുമായ ഗുണഗണങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ടതാണ്. ആത്മഭൗതികങ്ങള്‍ പരസ്പരം ബന്ധപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്. നമുക്ക് വിശപ്പും ദാഹവും അനുഭവപ്പെടാറുണ്ട്. അത് രണ്ടും കാണാന്‍ കഴിയാത്ത രണ്ട് തോന്നലുകള്‍ മാത്രമാണ്. രണ്ട് പ്രേരണകളാണ്, ചോദനകളാണ്, ആഗ്രഹങ്ങളുമാണ്. അവ രണ്ടിനും ഭൗതിക രൂപമോ ആകാരമോ ഇല്ല. അവയെ ശമിപ്പിക്കുന്നത് അന്നപാനീയങ്ങള്‍ കഴിക്കുന്നതിലൂടെയാണ്. അവ രണ്ടുമാകട്ടെ രുചിയും മണവും നിറവും ആകാരവും രൂപവും ഉള്ള രണ്ട് ഭൗതിക പദാര്‍ഥങ്ങളാണ്. ഈ പദാര്‍ഥങ്ങള്‍ വിശപ്പും ദാഹവുമെന്ന തോന്നലുകളെ നീക്കിക്കളയുന്നു. ശരീരവും ആത്മാവും പരസ്പരം ബന്ധപ്പെട്ട് സ്ഥിതിചെയ്യുന്നു. രണ്ടും പരസ്പരം ആശ്രയിക്കുന്നു. അവ വേര്‍പെട്ടു പോകുമ്പോള്‍ മരിക്കുന്നു. അവയുടെ കൂടിച്ചേരല്‍ ജനനവുമായും വേര്‍പെടല്‍ മരണവുമായും ബന്ധപ്പെട്ടാണിരിക്കുന്നത്. ജനനവും മരണവുമാകട്ടെ ഒരുമിച്ച് സഞ്ചരിക്കുന്ന സഹയാത്രികരാണ്. നാം ജനിക്കുന്നതിനുമെത്രയോ മുമ്പ് മാതാപിതാക്കളിലൂടെ ജനനം തേടി, സ്വന്തമായ അസ്തിത്വം തേടി നാം വന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴെല്ലാം മരണവും നമ്മോടൊപ്പമുണ്ടായിരുന്നു. ശ്വാസം ഉള്ളിലേക്ക് ആദ്യമായി വലിച്ചെടുത്തു കൊണ്ട് നാം ജനിച്ചു. മരണവേളയില്‍ അന്ത്യശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ആ പ്രക്രിയ പൂര്‍ത്തീകരിക്കുകയാണ്. എന്നാല്‍ സാധാരണയായി നാം ജീവിക്കുകയെന്നുവെച്ചാല്‍ എന്താണ്? ശ്വാസം എടുക്കുക വിട്ടുകളയുക, ഈ പരസ്പരവിരുദ്ധമായ രണ്ട് കാര്യങ്ങള്‍ മുടങ്ങാതെ നടക്കുന്നതിനിടയില്‍ ലഭ്യമായ കുഞ്ഞ ഇടവേളകള്‍ കൂടിച്ചേര്‍ന്നതിനെയാണ് നാം ജീവിതമെന്ന് വിളിക്കുന്നതും. ജനനമൃതികള്‍ക്കിടയിലെ ഈ ഇടവേള എത്ര സുപ്രധാനമാണ്. അതിസങ്കീര്‍ണമായ ഒരു മഹാ വ്യവസായശാലയിലെ യന്ത്രങ്ങള്‍ക്കു സമാനം നമ്മുടെ മനഃശരീരങ്ങള്‍ മുടങ്ങാതെ ജോലി ചെയ്തിട്ടാണ് ജീവിതമെന്ന അതിസൂക്ഷ്മമായ ഇടവേളകള്‍ നമുക്ക് സൃഷ്ടിച്ചു തരുന്നത്. ഈ മഹാ പ്രക്രിയയെ സുഗമമാക്കാനും ആനന്ദകരമാക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി ദൈവം നിശ്ചയിച്ചു നല്‍കിയ ഒന്നാണ് വ്രതം. വിവിധ മതസ്ഥര്‍ക്കു മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും വ്രതാനുഷ്ഠാനമുണ്ട്. പ്രവൃത്തികള്‍ കൊണ്ടോ ആഹാരം കൊണ്ടോ ശരീരത്തെയും മനസ്സിനേയും ദുഷിപ്പിച്ചിട്ടില്ലാത്ത പ്രായം വരെ ശിശുക്കള്‍ക്കത് ബാധകവുമല്ല.
നോമ്പ് പത്തിരിയോ ഇറച്ചിയോ സമൂസയോ കാക്കത്തൊള്ളായിരം രുചികരമായ വിഭവങ്ങളോ അല്ല. ഈ മനുഷ്യരില്‍ ചിലരെങ്കിലും കരുതുന്നതു പോലെ പുണ്യങ്ങളുടെ വൃക്ഷങ്ങള്‍ പൂക്കുന്ന വസന്ത കാലവുമല്ല. നാം തന്നെയാണ് പുണ്യവും നന്മയും പൂത്തുലഞ്ഞു നില്‍ക്കേണ്ടുന്ന മഹാ വൃക്ഷങ്ങള്‍. താനാകുന്ന മരം എത്ര പൂത്തുവെന്നും കായ്ച്ചുവെന്നും അവയെല്ലാം സുഗന്ധവും മാധുര്യവും നന്മയുമുള്ള പൂക്കളും ഫലങ്ങളുമായിരുന്നുവോയെന്നും സ്വയം ചോദിക്കുക. ഒരു മരം എന്തിന് പൂത്തുവെന്നും കായ്ച്ചുവെന്നുമുള്ള ചോദ്യങ്ങള്‍ യുക്തിരഹിതമാണ്.അതിന്റെ അകം സമൃദ്ധമായി നിറഞ്ഞുതുളുമ്പുന്ന വേളയില്‍ അത് അനേകായിരം നിറങ്ങളും സുഗന്ധവും തേനുമുള്ള പൂക്കളും മധുരതരമായ ഫലങ്ങളും ഇതര ജീവജാലങ്ങള്‍ക്കായി സ്വയം ഉത്പാദിപ്പിക്കുന്നു. അതിന് പ്രത്യേക കാരണമൊന്നും വേണ്ട. ആരാണ് ഒരു യഥാര്‍ഥ സുഹൃത്തെന്ന് ചോദിക്കരുത്. താന്‍ മറ്റുള്ളവര്‍ക്ക് ഒരു യഥാര്‍ഥ സുഹൃത്താണോയെന്ന് സ്വയം ചോദിച്ചുകൊള്ളുക. മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പൊരുതുന്നതിന് പകരം സ്വന്തത്തിന്റെ അധിപനാകുവാന്‍ നോമ്പ് നമ്മോട് കല്‍പ്പിക്കുന്നു.
ജീവിതം ഒരു സ്വരലയമാണ്. അതൊരു ക്രമഭംഗമല്ല. ഒരു പൂമാലയിലൂടെ അദൃശ്യമായ ഒരു നൂല് കടന്നുപോകുന്നതു പോലെ ഒരു നിയമം വഴി എല്ലാം ബന്ധിതമാണ്. നിങ്ങള്‍ കാണുന്നത് പൂക്കളാണെങ്കിലും അവയെ കൊരുത്ത് മാലയാക്കുന്ന ഒരു അദൃശ്യമായ നൂലുണ്ട്. എല്ലാം ക്രമത്തിലാക്കുന്നത് ആ നൂലാണ്. അത് തിരിച്ചറിയുവാനുള്ള ധിഷണയുടെ അഗ്‌നിശലാകകളാകുക. ഭൂതകാല പാപങ്ങളെ കരിച്ചുകളയാന്‍ ശേഷിയുള്ള റമസാന്‍ വ്രതത്തിന്റെ ഹോമകുണ്ഡത്തില്‍ ഹവിസ്സായി നമുക്ക് എരിഞ്ഞടങ്ങാം.

Latest