ഇനി കണ്ണ് ഇഞ്ചികൃഷിയിലേക്ക്

Posted on: July 11, 2014 11:32 pm | Last updated: July 11, 2014 at 11:32 pm

mlp Ginger Fieldമലപ്പുറം: കഴിഞ്ഞ സീസണില്‍ ഇഞ്ചിക്ക് നല്ലവില ലഭിച്ചതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ ഇഞ്ചികൃഷിയിലേക്ക്. കഴിഞ്ഞ സീസണില്‍ ഇഞ്ചിക്ക് റെക്കോര്‍ഡ് വിലയായിരുന്നു. കൃഷിയിടത്തില്‍ പച്ചഇഞ്ചിക്ക് 65 രൂപയായിരുന്നു കിലോക്ക് വില. ഇഞ്ചിക്ക് ഇത്രയും ഉയര്‍ന്ന വിലയും ഇതാദ്യമാണ്. 15 രൂപ മുതല്‍ 25 വരെയാണ് മുമ്പ് ലഭിച്ചിരുന്നത്. മാര്‍ക്കറ്റില്‍ ഇഞ്ചിവില കിലോക്ക് ഇരൂന്നൂറ് രൂപയില്‍ അധികമായി.
അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇഞ്ചിയാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. പാടങ്ങള്‍ പാട്ടത്തിനെടുത്ത് വിപുലമായ തോതിലാണ് ഇഞ്ചിക്കൃഷി നടക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, നെന്മാറ, കൊല്ലങ്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍തോതിലാണ് കൃഷിയിറക്കിയിരിക്കുന്നത്. വലിയ മഴയില്ലാത്ത കാലാവസ്ഥയും ഇഞ്ചികൃഷിക്ക് അനുകൂലമാണ്. ഒരു തവണ ഇഞ്ചി കൃഷി ചെയ്ത ഭൂമിയില്‍ മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ പിന്നീട് വിളയിറക്കാനാകൂ. ഇഞ്ചിക്കൃഷി ചെയ്തത് മൂലം 20 ലക്ഷത്തോളം കടത്തിലായ തനിക്ക് കഴിഞ്ഞ സീസണില്‍ മാത്രം 15 ലക്ഷത്തോളം രൂപ ലഭിച്ചെന്ന് വര്‍ഷങ്ങളായി ഇഞ്ചിക്കൃഷി ചെയ്യുന്ന ചിറ്റൂരിലെ കര്‍ഷകന്‍ ബശീര്‍ സാക്ഷ്യപ്പെടുത്തുന്നു. ചുക്കുവിലയും ഈ വര്‍ഷം പുതിയ റെക്കോര്‍ഡിലായിരുന്നു. കിലോക്ക് 330 രൂപ മുതല്‍ 350 രൂപ വരെയായിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് കിലോക്ക് 65 രൂപയായിരുന്ന കുരുമുളക് വില കുതിച്ചുയര്‍ന്ന് കിലോക്ക് 720 രൂപ വരെയെത്തിയത് മലയോര കര്‍ഷകര്‍ക്കും ആശ്വാസമായി. ഉത്പാദനക്കുറവും പഴയ സ്റ്റോക്കില്ലാത്തതുമാണ് കുരുമുളക് വില ദിനംപ്രതി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കുതിച്ചുയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കുരുമുളക് വില കുതിച്ചുയരുന്നതിനാല്‍ മലയോര പ്രദേശങ്ങളില്‍ കുരുമുളക് കൃഷി വ്യാപകമായിട്ടുണ്ട്. രണ്ടോ, മൂന്നോ വര്‍ഷത്തിനുള്ളില്‍ തന്നെ കുരുമുളകില്‍ നിന്നും ആദായം ലഭിക്കുമെന്നതിനാല്‍ ചെലവാക്കിയ തുക തിരിച്ചെടുക്കാനും എളുപ്പമാണ്. നഴ്‌സറികളിലും കുരുമുളക് ചെടികള്‍ക്ക് ഡിമാന്റ് കുത്തനെ കൂടി.