Connect with us

Gulf

സലാം സ്ട്രീറ്റില്‍ നിരവധിബാച്ചിലര്‍ മുറികള്‍ക്ക് പിഴ ചുമത്തി

Published

|

Last Updated

അബുദാബി: സലാം സ്ട്രീറ്റില്‍ ബാച്ചിലര്‍ മുറികളില്‍ വ്യാപക പരിശോധന. നിരവധി റൂമുകള്‍ക്ക് പിഴചുമത്തി. കഴിഞ്ഞ ദിവസമാണ് നഗരസഭ അധികൃതര്‍ പരിശോധന നടത്തിയത്. ഒരു മുറിയില്‍ പത്തിലധികം പേരെ താമസിപ്പിച്ച മുറികള്‍ക്കാണ് പിഴ ചുമത്തിയത്. നഗരപരിധിയില്‍ മുറികളില്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് നഗരസഭാധികൃതര്‍ വ്യക്തമാക്കി. സലാം സ്ട്രീറ്റ് നഗരസഭാ ഓഫീസിന് സമീപത്ത് പതിനഞ്ച് പേരെ താമസിപ്പിച്ച് ബംഗ്ലാദേശ് സ്വദേശിക്ക് 20,000 ദിര്‍ഹമാണ് പിഴ ലഭിച്ചത്. ഒരു മുറിയില്‍ മൂന്ന് പേരില്‍ കൂടുതല്‍ താമസിക്കുന്നതും ഇരട്ട കട്ടില്‍ മുറിയില്‍ ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാണ്. നിരവധിപേര്‍ക്ക് ആയിരം ദിര്‍ഹം പിഴ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഇലക്ട്ര, മദീനാ സായിദ്, ഹംദാന്‍ എന്നീ ഏരിയകളിലും വ്യാപക പരിശോധനയുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിലും നഗര പരിധികളില്‍ പരിശോധനയുണ്ടാകും. വ്യാപക പരിശോധനയില്‍ സലാം സ്ട്രീറ്റില്‍ പത്തിലധികം പേരെ താമസിപ്പിച്ച നിരവധി ഫഌറ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് നടക്കുന്ന പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ വന്‍തുക പിഴ അടക്കേണ്ടിവരുമെന്ന് നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. നിരവധി ഫഌറ്റുകള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്.
എന്നാല്‍ നഗര പരിധിയില്‍ താമസിക്കുന്നവരില്‍ അധികവും വ്യാപാരികളും ഓഫീസ് ജീവനക്കാരുമാണ്. ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണധികവും. പലരുടെയും ശമ്പളം ആയിരത്തിനും രണ്ടായിരത്തിനുമിടയിലാണ്. ഇപ്പോള്‍ തന്നെ അഞ്ഞൂറ് മുതല്‍ ആയിരം ദിര്‍ഹം വരെയാണ് പലരും വാടക ഇനത്തില്‍ മാത്രം ചെലവഴിക്കുന്നത്.
തിങ്ങിനിറഞ്ഞ് താമസിച്ചാണ് പലരും ശമ്പളത്തിന് മിച്ചം വെക്കുന്നത്. കച്ചവടസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് 1,000 മുതല്‍ 1,500 വരെയാണ് ശമ്പളം. ചെറിയ രീതിയില്‍ ശമ്പളം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഈ തുകക്ക് നഗരപരിധിയില്‍ താമസിക്കുവാന്‍ കഴിയില്ല.
വരവിനെക്കാള്‍ കൂടുതല്‍ ചിലവ് വരുന്നതോടെ പലരുടെയും കണക്കുകള്‍ തെറ്റിത്തുടങ്ങി.
ഫുട്‌ബോള്‍ ലഹരിയില്‍ ഫുട്‌ബോള്‍ കളികാണുമ്പോള്‍ ഉയര്‍ന്ന ശബ്ദമുണ്ടാക്കി കുടുംബമായി തമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചത് നഗരസഭയില്‍ പരാതിപോയതാണ് പരിശോധന നടത്താനുള്ള കാരണം.

 

Latest