ഖത്തര്‍ ആസ്ഥാനമായ തീവ്രവാദ സംഘത്തിനെതിരെ ജാഗ്രത

Posted on: July 11, 2014 9:41 pm | Last updated: July 11, 2014 at 9:42 pm

അബുദാബി: ഖത്തര്‍ ആസ്ഥാനമായ തീവ്രവാദം സംഘടനക്കെതിരെ യു എ ഇയില്‍ ജാഗ്രത. ഖത്തര്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ പിന്തുണയുള്ള അല്‍ ഇസ്‌ലാഹ് ഗ്രൂപ്പിന്റെ പ്രവര്‍ത്തകരെ പിടികൂടിയിട്ടുണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടുചെയ്തു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഉപവിഭാഗമാണ് അല്‍ ഇസ്‌ലാഹ്.
യു എ ഇയില്‍ തീവ്രവാദത്തിന് വിചാരണ നേരിടുകയും തടവുശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്ത 65 ഓളം ആളുകള്‍ അല്‍ ഇസ്‌ലാഹുകാരായിരുന്നു. അല്‍ ഇസ്‌ലാഹിനെ പുനരുജ്ജീവിപ്പിക്കാന്‍ ഖത്തറില്‍ നിന്നെത്തിയവരാണത്രെ പിടിയിലായത്.
സിറിയയില്‍ ബശാര്‍ അല്‍ അസദിനെതിരെ പോരാടുന്ന അല്‍ ഖാഇദ വിഭാഗമായ ജബാത്ത് അല്‍ നുസ്‌റയുടെ പിന്തുണയും അല്‍ ഇസ്‌ലാഹുകാര്‍ക്കുണ്ട്. യു എ ഇയില്‍ ഇത് സ്ഥാപിച്ചത് ഫലസ്തീന്‍ കാരനായ റാഫത്ത് മുഹമ്മദ് അര്‍ബാണ്. ഇയാളുടെ സംഘാംഗങ്ങളെ പോലീസ് പിടികൂടിയിരുന്നു.
അബൂ ഉബൈദ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാള്‍ യു എ ഇയില്‍ നിന്ന് കടന്നുകളഞ്ഞിട്ടുണ്ട്.
ഇക്കൂട്ടത്തില്‍പെട്ട ടുണീഷ്യക്കാരന്‍ വാദി അബ്ദുല്‍ ഖാദര്‍ (33) ജോര്‍ദാനിയനായ ബദര്‍ നാദിര്‍ മുഹമ്മദ് ഗസാവി (22) എന്നിവര്‍ക്ക് തടവുശിക്ഷക്കു പുറമെ 10 ലക്ഷം ദിര്‍ഹം വീതം പിഴയിട്ടു.
ഖത്തറില്‍ നിന്നുള്ള ഒരു ഡോക്ടര്‍ക്ക് ഏഴുവര്‍ഷം തടവാണ് ലഭിച്ചത്. ഇവര്‍ക്കെതിരെ പീനല്‍കോഡ് 180,181, 182 വകുപ്പുപ്രകാരമാണ് കേസെടുത്തത്. ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചതിനുള്ള ശിക്ഷയാണ് ഇവര്‍ക്കു ലഭിച്ചത്.
രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പരമാവധി ശിക്ഷ ശിപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്.