Connect with us

Kerala

അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തേക്ക് ഉപാധികളോടെയാണ് ജാമ്യം. ബംഗളൂരു വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ സ്വന്തം ചെലവില്‍ ചികിത്സ നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജാമ്യം നല്‍കാതിരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജെ. ചലമേശ്വര്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങുന്ന ബെഞ്ച് ജാമ്യം അനുവദിച്ചത്. കണ്ണിന് ശസ്ത്രക്രിയ നടത്താനും വിദഗ്ധ ചികിത്സക്കും ജാമ്യം അനുവദിക്കണമെന്ന മഅദനിയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

സര്‍ക്കാരിന് മഅ്ദനിയെ നിരീക്ഷിക്കാം. സാക്ഷികളെ സ്വാധീനിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പുവരുത്തണം. മഅദനി പ്രതികളുമായി ബന്ധപ്പെടില്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

രാവിലെ ജാമ്യഹരജി പരിഗണിക്കുമ്പോള്‍ മഅദനിക്ക് എന്ത്‌കൊണ്ട് ജാമ്യം അനുവദിച്ചുകൂടാ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. അതേസമയം മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി വാദിച്ചു. രാജ്യത്ത് നടന്ന പല സ്‌ഫോടനക്കേസുകളിലും മഅദനിക്ക് പങ്കുണ്ടെന്നും പുറത്തിറങ്ങിയാല്‍ മഅദനി സാക്ഷികളെ സ്വാധീനിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ മഅദനിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.

2010 ആഗസ്റ്റ് 17നാണ് സ്‌ഫോടന കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അന്‍വാര്‍ശ്ശേരിയില്‍ നിന്ന് കര്‍ണാടക പൊലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. നേരത്തെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചിരുന്നു. മൂന്നര വര്‍ഷത്തിലധികമായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് മഅ്ദനി.

 

Latest