കിരീടമില്ലാ രാജാവായി റോബന്‍ മടങ്ങുന്നു

Posted on: July 11, 2014 3:15 am | Last updated: July 11, 2014 at 1:16 am

robenമഴ ചാറുന്നുണ്ടായിരുന്നു. ഗ്യാലറിയുടെ വക്കത്ത് മാതാവിന്റെ നെഞ്ചില്‍ മുഖംപൊത്തി കരയുന്ന തന്റെ കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ ആര്യന്‍ റോബനെത്തുമ്പോള്‍. കരയേണ്ട, എന്ന് തന്നെയാകും റോബന്‍ പറഞ്ഞത്. പെട്ടെന്ന്, റോബന്‍ ഗ്രൗണ്ടിലേക്ക് തന്നെ തിരിച്ചു നടന്നു. അപ്പോഴും മഴ ചാറുന്നു. റോബന്റെ മുഖത്ത് നിരാശയുടെ കാര്‍മേഘം.
ഒരു ലോകകപ്പ്. അതര്‍ഹിച്ചിരുന്നു റോബന്‍. അപാരമായ പന്തടക്കവും വേഗവും ഊര്‍ജസ്വലതയും ഫിനിഷിംഗുമൊക്കെ ചേര്‍ന്ന പ്രതിഭ. ലോകകപ്പിനെ ആവേശം കൊള്ളിച്ച ഈ കൊള്ളിയാന് പ്രായം മുപ്പത്. ഇനിയൊരു ലോകകപ്പ് കൂടി കളിക്കാന്‍ റോബന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
2010 ലോകകപ്പ് ഫൈനലില്‍ സ്‌പെയ്‌നിന് മുന്നില്‍ തലനാരിഴക്ക് കിരീടം അടിയറ വെച്ചപ്പോഴും ദൗര്‍ഭാഗ്യത്തിന്റെ ഓറഞ്ച് ചിത്രമായി റോബന്‍ ഗ്രൗണ്ടില്‍ നിന്നു. അന്ന് റോബന്റെ ഗോളെന്നുറച്ച ഷോട്ട് കസിയസ് തടുത്തില്ലായിരുന്നെങ്കില്‍ ഓറഞ്ച് പടയും റോബനും ചരിത്രമെഴുതുമായിരുന്നു.
നാല് വര്‍ഷങ്ങള്‍ക്കിപ്പുറം, ലൂയിസ് വാന്‍ ഗാലിന്റെ തന്ത്രങ്ങളില്‍ ഡച്ച് എത്തിയത് റോബന്റെ മാസ്മരികതയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്. റോബന്റെ ഉള്ളില്‍ ലോകകപ്പ് എന്ന തീ കെടാതെ നില്‍ക്കുന്നുവെന്ന് വാന്‍ ഗാലിന് വ്യക്തമായിരുന്നു. ഇത് റോബന്റെ കപ്പാണെന്ന് ഡച്ച് ടീമും ഏറെക്കുറെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. അതിനൊരു പശ്ചാത്തലമുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം രണ്ട് തവണ ഫൈനല്‍ കളിച്ചിട്ടും റോബനെ ഭാഗ്യം തുണച്ചില്ല. 2010 ല്‍ ജോസ് മൗറിഞ്ഞോയുടെ ഇന്റര്‍മിലാന് മുന്നില്‍ ബയേണ്‍ കിരീടം കൈവിട്ടപ്പോള്‍ 2012 ല്‍ റോബര്‍ട്ടോ ഡി മാറ്റിയോ എന്ന താത്കാലിക കോച്ചിന് കീഴില്‍ വന്ന ചെല്‍സിയാണ് റോബന്‍ കളിച്ച ബയേണ്‍ മ്യൂണിക്കിനെ അട്ടിമറിച്ചത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ വലിയ അട്ടിമറിയായി ചെല്‍സിയുടെ കിരീടജയം. അന്ന് ഷൂട്ടൗട്ടില്‍ റോബന്റെ കിക്ക് ചെല്‍സി ഗോളി പീറ്റര്‍ ചെക്ക് തടയുകയും ചെയ്തതോടെ ദുരന്തകഥാപാത്രമായി ഡച്ച് താരം.
വിശ്വസിക്കാനാകാതെ റോബന്‍ ഗ്രൗണ്ടില്‍ മുഖം പൊത്തിക്കിടന്നു. തുടരെ മൂന്ന് ഫൈനലുകളില്‍ പരാജയപ്പെട്ടാല്‍ ആരാണ് തകര്‍ന്നു പോകാത്തത്. 2012-13 സീസണില്‍ റോബന്റെ തിരിച്ചുവരവ്. ഫീനിക്‌സ് പക്ഷിയായി റോബന്‍ പറന്നുയര്‍ന്നപ്പോള്‍ ബയേണ്‍ മ്യൂണിക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ ബൊറൂസിയ ഡോട്മുണ്ടിനെതിരെ ഇഞ്ചുറി ടൈമില്‍ ബയേണിന്റെ വിജയഗോള്‍ നേടിയത് റോബന്‍. ആ സീസണില്‍ 45 മത്സരങ്ങളില്‍ വിംഗര്‍ നേടിയത് 21 ഗോളുകള്‍. ജര്‍മന്‍ ബുണ്ടസ് ലീഗും ജര്‍മന്‍ കപ്പും നേടി ആഭ്യന്തര ഡബിള്‍. പക്ഷേ, വിശ്വവിജയമില്ലാതെ കരിയര്‍ എങ്ങനെ പൂര്‍ണതയിലെത്തും. യൊഹാന്‍ ക്രൈഫിനെ പോലെ കിരീടം വെക്കാത്ത രാജാവായി വാഴേണ്ട ഗതികേട് ഈ ഡച്ച് താരത്തെയും അസ്വസ്ഥനാക്കും.
2018 ല്‍ റഷ്യയിലാണ് അടുത്ത ലോകകപ്പ്. റോബനന്ന് 34 വയസ്. ബ്രസീലില്‍ കണ്ട വേഗവും കൃത്യതയും ആവേശവും റോബനില്‍ അവശേഷിക്കുമോ ?