ഭക്ഷണ മെനു പരിഷ്‌കരിച്ചു: ജയിലില്‍ ഉണ്ട തിന്നാന്‍ കൊതിച്ചാല്‍ കിട്ടില്ല

Posted on: July 11, 2014 12:57 am | Last updated: July 11, 2014 at 12:57 am

കൊട്ടാരക്കര: സംസ്ഥാനത്തെ ജയിലുകളില്‍ ‘ഭക്ഷണത്തിന് പരിഷ്‌കരിച്ച മെനു പുറത്തിറങ്ങി. തടവ് പുള്ളികള്‍ക്ക് ഇനി നേരാംവണ്ണം രുചിയുള്ള വ്യത്യസ്തയിനം ‘ഭക്ഷണം കഴിക്കാം. മൂന്ന് നേരം മെച്ചപ്പെട്ട ഭക്ഷണവും വൈകീട്ടൊരു കാലിചായയും നല്‍കാനാണ് ജയില്‍ ഡി ജി പിയുടെ പ്രത്യേക ഓര്‍ഡറില്‍ പറഞ്ഞിരിക്കുന്നത്. ഞായറാഴ്ച രാവിലെ ഇഡ്ഢലിയോ ദോശയോ സാമ്പാറും ചേര്‍ത്ത് വിളമ്പണം. ഒരു ചായയുമുണ്ട്.

തുടര്‍ന്നുള്ള ഓരോ ദിവസവും ചപ്പാത്തിയും കടലക്കറിയും ഉപ്പുമാവ്, ഏത്തപ്പഴം എന്നിവ മാറി മാറി വരും. ഉച്ചയൂണിന് ഞായറാഴ്ച അവിയലും തീയലും തൈരുമാണെങ്കില്‍ തിങ്കളാഴ്ച മീന്‍കറിയും വറവും പുളിശേരിയും ഉണ്ടാകും. ചൊവ്വാഴ്ച അവിയലും സാമ്പാറും തൈരും, ബുധനാഴ്ച മീന്‍കറിയും അവിയലും പുളിശേരിയും വ്യാഴാഴ്ച സാമ്പാറും അവിയലും തൈരും. വെള്ളിയാഴ്ച അവിയലും എരിശ്ശേരിയും പുളിശ്ശേരിയും ശനിയാഴ്ച തോരനും മട്ടന്‍കറിയും പുളിശ്ശേരിയുമാണ് ഉച്ചയൂണിനൊപ്പമുളള കറികള്‍. അത്താഴത്തിന് ഞായറാഴ്ച ചോറും തോരനും രസവുമാണെങ്കില്‍ തിങ്കളാഴ്ചയും ബുധനാഴ്ചയും ശനിയാഴ്ചയും ചോറും കപ്പപ്പുഴുക്കും രസവും അച്ചാറുമുണ്ടാകും. ചൊവ്വാഴ്ച ചോറിനൊപ്പം തോരനും ചെറുപയര്‍ കറിയുമാണ്.
വ്യാഴാഴ്ച ചോറും തോരനും തീയലും വെള്ളിയാഴ്ച ചോറും തോരനും രസവും ആണ് വിളമ്പേണ്ടത്. ഭക്ഷണ ഇനത്തിന്റെ ചേരുവകളുടെ അളവ് തിരിച്ചും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ജയിലില്‍ ഭക്ഷണക്കാര്യത്തില്‍ ഇനി വേവലാതി വേണ്ട. അക്ഷരമറിയാത്തവരെ ഉള്‍പ്പടെ സാക്ഷരരാക്കാന്‍ സാക്ഷരതാ മിഷനുമായി സഹകരിച്ചുകൊണ്ടുളള പഠന പദ്ധതിയും ജയിലിനുള്ളില്‍ തുടങ്ങിക്കഴിഞ്ഞു.