Connect with us

Ongoing News

മദ്യനയം പ്രശ്‌നപരിഹാരത്തിന് കെ പി സി സി ഉപസമിതി

Published

|

Last Updated

തിരുവനന്തപുരം:മദ്യനയം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ നാലംഗ ഉപസമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍-കെ പി സി സി ഏകോപന സമിതി യോഗം തീരുമാനിച്ചു. കെ പി സി സി പ്രസിഡന്റ ് വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ എന്നിവരാണ് സമിതിയിലുള്ളത്. മദ്യനയത്തില്‍ എത്രയും വേഗം പരിഹാരം ഉണ്ടാക്കുമെന്നും കോടതി അനുവദിച്ച ആറാഴ്ചക്കുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ് സമിതിയെ നിയോഗിച്ചിരിക്കുന്നതെന്നും വി എം സുധീരന്‍ പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്നും പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടാകുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്‍കി. പാര്‍ട്ടി പുനഃസംഘടന സംബന്ധിച്ച പ്രവര്‍ത്തന രേഖയുടെ കരട് രൂപവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇന്ന് നടക്കുന്ന ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്ത ശേഷം ഇതിന് അന്തിമ രൂപം നല്‍കും.

ഇറാഖില്‍ കുടുങ്ങിക്കിടന്ന മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഇനിയും ഇറാഖില്‍ കുടുങ്ങിക്കിടക്കുന്നവരെ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇവരുടെ പുനരധിവാസം സംബന്ധിച്ച് സഹകരിക്കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നവരുമായി ചേര്‍ന്ന് സംവിധാനമൊരുക്കണം. കെ കരുണാകരന്റെ പേര് നെടുമ്പാശേരി വിമാനത്താവളത്തിന് നല്‍കണമെന്നും യോഗം സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.
സംസ്ഥാനത്തെ പ്രധാന പ്രശ്‌നം എന്ന നിലയില്‍ സമഗ്രമായ മാലിന്യ സംസ്‌കരണ നയം രൂപവത്കരിക്കണം. തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമവശം പരിശോധിച്ച് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.
വിവിധ ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെ വരുമാന പരിധി ഉയര്‍ത്തിയതിലെ അവ്യക്തതകള്‍ പരിഹരിക്കണം. തീരദേശ പരിപാലന നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം.
റെയില്‍ ബജറ്റിലും പൊതുബജറ്റിലും സംസ്ഥാനത്തെ അവഗണിച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധം പ്രതിഫലിപ്പിക്കുന്നതിനുള്ള പ്രത്യക്ഷ നടപടികള്‍ക്ക് ഇന്ന് ചേരുന്ന യോഗം രൂപം നല്‍കുമെന്നും സുധീരന്‍ പറഞ്ഞു.