ഭൂസംരക്ഷണ സേനാംഗത്തെ വെട്ടിയ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: July 11, 2014 12:55 am | Last updated: July 11, 2014 at 12:55 am

തൊടുപുഴ: കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ ആക്രമിച്ച കൗമാരക്കാരനുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ്് ചെയ്തു. ദേവികുളം അയ്യപ്പ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന സത്യഭാമ (40), മകന്‍ സെറിന്‍(18) അയല്‍വാസിയായ കൗമാരക്കാരന്‍ എന്നിവരെയാണ് ദേവികുളം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്കാണ് ദേവികുളം കച്ചേരി സെറ്റില്‍ മെന്റില്‍ സര്‍വേ നമ്പര്‍ 20/1ല്‍പ്പെട്ട സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കുന്നതിനിടയില്‍ ഭൂസംരക്ഷണ സേന കമാന്‍ഡര്‍ തൊടുപുഴ സ്വദേശി വിജയകുമാറി(54)ന്റെ തലക്ക് പിന്നില്‍ വെട്ടേറ്റത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ സെറിനെ ദേവികുളം സബ് ജയിലിലേക്കും സത്യഭാമയെ കോട്ടയം സബ് ജയിലിലേക്കും റിമാന്‍ഡ് ചെയ്തു. കൗമാരക്കാരനെ തൊടുപുഴ ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. ദേവികുളം സ്‌റ്റേഷനിലെ അഡീഷനല്‍ എസ് ഐമാരായ തോമസ് സെബാസ്റ്റിയന്‍, ആസാദ്, സി പി ഒമാരായ സതീശന്‍, ബോബി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തലക്ക് വെട്ടേറ്റ് ടാറ്റാ ടീ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വിജയകുമാറിനെ വിദഗ്ധ ചകിത്സക്കായി കോലഞ്ചേരിയിലേക്ക് കൊണ്ടുപോയി.