Connect with us

Articles

മന്‍മോഹന്റെ വഴി, പക്ഷേ..

Published

|

Last Updated

ആസൂത്രണകമ്മീഷനെ അപ്രസക്തമാക്കുകയും പഞ്ചവത്സര പദ്ധതികളെ അപ്രസക്തമാക്കുകയും ചെയ്യാനിടയുണ്ട്, നരേന്ദ്ര മോദി സര്‍ക്കാറെന്ന സൂചനകള്‍ക്കിടയിലാണ് അരുണ്‍ ജെയ്റ്റ്‌ലി ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയ സമ്മിശ്ര സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് വലിയ മാറ്റം ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്നിരുന്നു. 1991 മുതലിങ്ങോട്ട് അധികാരത്തിലേറിയ സര്‍ക്കാറുകളൊക്കെ മന്‍മോഹന്‍ തുറന്നിട്ട പാതയിലൂടെ ചരിക്കുക മാത്രമാണ് ചെയ്തത്. ആ പാതയില്‍ ചരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും സര്‍ക്കാറുകള്‍ക്ക് മുന്നിലുണ്ടായിരുന്നതുമില്ല. ആ പാതയിലൂടെ ചരിക്കുമ്പോള്‍ തന്നെ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് കൂടി പരിഗണന നല്‍കുക എന്നതായിരുന്നു ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ രീതി. കൂട്ടുകക്ഷി സര്‍ക്കാറായിരുന്നു അധികാരത്തിലെന്നത് കൊണ്ട് തന്നെ, മന്‍മോഹന്‍ സിംഗ് നേതൃത്വം നല്‍കുന്ന സാമ്പത്തിക പരിഷ്‌കരണവാദികള്‍ക്ക് സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് പരിഗണന നല്‍കേണ്ടി വരികയാണ് ചെയ്തത്. ഇത്തരം സമ്മര്‍ദങ്ങളൊന്നുമില്ലാതിരിക്കെ, പരിഷ്‌കരണ പരിപാടികള്‍ക്കും നിക്ഷേപ അനുകൂല അന്തരീക്ഷത്തിന്റെ സൃഷ്ടിക്കും വേഗം കൂട്ടാന്‍ ബി ജെ പി സര്‍ക്കാര്‍ (എന്‍ ഡി എ സര്‍ക്കാര്‍ എന്ന് വേണമെങ്കില്‍ വായിക്കാം) ശ്രമിക്കുമെന്ന് ഉറപ്പായിരുന്നു. അതിന്റെ സൂചനകള്‍ ജെയ്റ്റ്‌ലിയുടെ ബജറ്റില്‍ കാണുന്നുണ്ട്. വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിന് പുറത്താണുണ്ടാകുക എന്ന് സബ്‌സിഡികളുടെ ക്രമീകരണം (വെട്ടിക്കുറക്കല്‍) പിന്നീട് പ്രത്യേകമായി ഉണ്ടാകുമെന്ന് പറഞ്ഞതില്‍ നിന്ന് വ്യക്തവുമാണ്.
രണ്ട് ദിവസം മുമ്പ് അവതരിപ്പിച്ച റെയില്‍വേ ബജറ്റ്, സ്വകാര്യവത്കരണ ശ്രമങ്ങളുടെ വേഗം കൂട്ടാനും നേരിട്ടുള്ള വിദേശ നിക്ഷേപത്തെ ആവും വിധം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. റെയില്‍വേ പ്ലാറ്റ്‌ഫോമുകളുടെ ശുചീകരണം മുതല്‍ പ്ലാറ്റ്‌ഫോമുകളിലെ ഫുട് ഓവര്‍ ബ്രിഡ്ജുകളുടെയും എലിവേറ്ററുകളെടും നിര്‍മാണം പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാക്കുന്നതുവരെയുള്ള പ്രഖ്യാപനങ്ങള്‍ സദാനന്ദ ഗൗഡ നടത്തി. ശുചീകരണം പുറം കരാര്‍ നല്‍കുമ്പോള്‍, അതിന് വേണ്ടിവരുന്ന ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനുള്ള സാധ്യത ഏറെയാണ്. തുടക്കത്തില്‍ അമ്പത് സ്റ്റേഷനുകളിലാണ് ശുചീകരണം പുറം കരാര്‍ നല്‍കുന്നത്. ഈ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് വേണ്ട ടിക്കറ്റിന്‍ മേല്‍ ശുചീകരണത്തിന് വേണ്ടി അധിക ചാര്‍ജ് ഈടാക്കാനുള്ള സാധ്യത ഏറെയാണ്. അതുപോലെ തന്നെയാണ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കപ്പെടുന്ന ഫുട് ഓവര്‍ ബ്രിഡ്ജുകളും എലിവേറ്ററുകളുമടക്കമുള്ള സൗകര്യങ്ങളുടെ കാര്യത്തിലും സംഭവിക്കാന്‍ ഇടയുള്ളത്. സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍ നല്‍കേണ്ടിവരിക, തുടക്കത്തില്‍ പോക്കറ്റിന് ആഘാതമേല്‍പ്പിക്കാത്ത തുകകളായിരിക്കും. പക്ഷേ, ഇത് മൂലം നഷ്ടപ്പെടുന്ന റെയില്‍വേയിലെ തൊഴിലവസരങ്ങള്‍ വലുതാണ്. കാലക്രമേണ, സര്‍വതും സ്വകാര്യവത്കരിക്കുമ്പോള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ യൂസര്‍ ഫീ പോലെ ഉയര്‍ന്ന തുക നല്‍കേണ്ട അവസ്ഥയും സൃഷ്ടിക്കപ്പെട്ടേക്കാം.
റെയില്‍ ബജറ്റിന്റെ മാതൃക പിന്തുടര്‍ന്ന് കഴിയാവുന്ന മേഖലകളിലെല്ലാം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ് ഡി ഐ) അനുവദിക്കുമെന്ന പ്രഖ്യാപനം അരുണ്‍ ജെയ്റ്റ്‌ലി നടത്തിയിട്ടുണ്ട്. പ്രതിരോധ മേഖലയില്‍ 100 ശതമാനം എഫ് ഡി ഐ അനുവദിക്കുക എന്ന ശിപാര്‍ശയില്‍ നിന്ന് പിന്നാക്കം പോയെങ്കിലും 49 ശതമാനം അനുവദിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. മറ്റ് മേഖലകളിലെ നിക്ഷേപ പരിധി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, മാധ്യമ മേഖലകളൊക്കെ എഫ് ഡി ഐ പരിധിയില്‍ വൈകാതെ വരുമെന്ന് നിശ്ചയം. അടിസ്ഥാന സൗകര്യ വികസനത്തിന് പൊതു സ്വകാര്യ പങ്കാളിത്ത മാതൃക വ്യാപകമായി സ്വീകരിക്കപ്പെടുമെന്നതും ഉറപ്പാണ്. ഈ രീതികള്‍, വിവിധ സേവന മേഖലകളില്‍ നിന്നുള്ള സര്‍ക്കാറിന്റെ പിന്‍വാങ്ങല്‍ വേഗത്തിലാക്കുകയും ജനങ്ങള്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യും. കോണ്‍ഗ്രസും ബി ജെ പിയും ഒരുപോലെ സൂക്ഷിക്കുന്ന ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ബജറ്റിന് പുറത്ത്, മോദി സര്‍ക്കാറെടുക്കുന്ന തീരുമാനങ്ങളായിരിക്കും ഈ ബജറ്റിന്റെ അര്‍ഥം മനസ്സിലാക്കാന്‍ സഹായിക്കുക. തീരുമാനങ്ങളെടുക്കുന്നത് വൈകിയത്, വളര്‍ച്ചാ നിരക്കിനെ ബാധിച്ചുവെന്ന് ആമുഖത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി പറയുന്നുണ്ട്. ജനപ്രിയ പരിപാടികളുടെ തടങ്കലില്‍ തുടരുന്നത് ഗുണകരമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. വിഹിതമായി നീക്കിവെക്കപ്പെട്ട കോടികളേക്കാള്‍ മൂല്യമുണ്ട് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഈ വാക്കുകള്‍ക്ക്.
വര്‍ഷങ്ങളായി ഏറിയും കുറഞ്ഞും തുടരുന്ന വിലക്കയറ്റം ആം ആദ്മികള്‍ക്ക് വലിയ ദുരിതം വിതക്കുന്നുണ്ട് എന്നതില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും പോലും സംശയമുണ്ടാകാന്‍ ഇടയില്ല. അഴിമതിക്കൂമ്പാരങ്ങളെക്കുറിച്ചുള്ള കഥകള്‍ക്കൊപ്പം കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് വഴിവെച്ചതില്‍ വലിയ പങ്ക് ഉയര്‍ന്ന് നില്‍ക്കുന്ന വിലകള്‍ക്കുണ്ടായിരുന്നു. ഇതിനെ അഭിമുഖീകരിക്കാന്‍ ഈ ബജറ്റ് എന്ത് ചെയ്യുന്നുവെന്നതാണ് ജനങ്ങളെ സംബന്ധിച്ച് പ്രധാനം. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു നടപടി പോലും ബജറ്റിലില്ല എന്നതാണ് വാസ്തവം. സംഭരണശാലകളില്‍ ഭക്ഷ്യവസ്തുക്കള്‍ ആവശ്യത്തിന് ശേഖരിച്ചിട്ടുണ്ടെന്നും അവശ്യ സന്ദര്‍ഭങ്ങളില്‍ പൊതുവിപണിയില്‍ ഇടപെടുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുന്നു. ഭക്ഷ്യ വസ്തുക്കളുടെ സബ്‌സിഡി “അര്‍ഹരി”ലേക്ക് മാത്രമായി പരിമിതപ്പെടുത്തുമ്പോഴും ഇന്ധന വില വര്‍ധിക്കുമ്പോഴുമുണ്ടാകുന്ന വിലക്കയറ്റത്തെ ഏത് വിധത്തിലാണ് കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നത് എന്ന് ധനമന്ത്രി പറയുന്നില്ല. വര്‍ധിക്കുന്ന വിലകള്‍ക്കനുസരിച്ച് വരുമാനം വര്‍ധിക്കുക എന്നത് മാത്രമായിരിക്കും അതിജീവനത്തിനുള്ള പോംവഴി. അതിന് സാധിക്കാത്തവന്‍, അതിജീവിക്കേണ്ടതില്ല, എന്നത് കോണ്‍ഗ്രസിന്റെ കാലത്ത് കോര്‍പ്പറേറ്റ് സിദ്ധാന്തത്തിന്റെ പ്രയോഗവത്കരണമായിരുന്നുവെങ്കില്‍ ബി ജെ പിയുടെ കാലത്ത് അത് ഫാസിസത്തിന്റെ കുടിയായി മാറുന്നുവെന്ന് മാത്രം.
ശതമാനക്കണക്കിലുള്ള വളര്‍ച്ചാനിരക്കിനെ വലിയ സംഗതിയായി കാണുന്ന അരുണ്‍ ജെയ്റ്റ്‌ലിയും ബി ജെ പിയും രാജ്യത്തിന്റെ സാമ്പത്തികാരോഗ്യം തിരിച്ചെടുക്കാന്‍ ഒന്നും ചെയ്യുന്നില്ല എന്നത്, വിദേശ – സ്വദേശ മൂലധന ശക്തികളെ സ്വാഗതം ചെയ്യുന്ന പ്രഖ്യാപനങ്ങള്‍ക്കിടയിലെ വൈരുധ്യമാണ്. ധനക്കമ്മി, മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.1 ശതമാനമാക്കുക എന്ന, മുന്‍ഗാമിയുടെ (പി ചിദംബരം) ലക്ഷ്യം കൈവരിക്കുമെന്ന് ജെയ്റ്റ്‌ലി പ്രഖ്യാപിക്കുന്നു. പക്ഷേ, അധിക വിഭവ സമാഹരണത്തിന് പ്രത്യേക ശ്രമങ്ങളൊന്നും ബജറ്റിലില്ല. കോര്‍പ്പറേറ്റ് നികുതിയില്‍ മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ല. ഓഹരി വിപണിയിലേക്ക് നിയന്ത്രണമേതും കൂടാതെ ഒഴുകുകയും ലാഭമെടുത്ത് തിരിച്ചൊഴുകുകയും ചെയ്യുന്ന മൂലധനത്തിന് ചുങ്കമേറ്റാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, മ്യൂച്വല്‍ ഫണ്ട് പോലുള്ളവയുടെ ആദായ വിതരണത്തില്‍, കമ്പനികള്‍ക്ക് മേല്‍ ചുമത്തിയിരുന്ന നാമമാത്ര നികുതി എടുത്ത് കളയുകയും ചെയ്തിരിക്കുന്നു. അധിക വിഭവ സമാഹരണത്തിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് പരോക്ഷമായെങ്കിലും പ്രയാസമുണ്ടാക്കാന്‍ ധനമന്ത്രി തയ്യാറല്ല. ഊര്‍ജ കമ്പനികള്‍ക്ക് യു പി എ സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമ്പൂര്‍ണ നികുതിയൊഴിവ് (ടാക്‌സ് ഹോളിഡേ) നീട്ടി നല്‍കുമെന്ന് പറയുമ്പോള്‍ ഗുണം ലഭിക്കുന്നത് അംബാനിക്കും അദാനിക്കുമൊക്കെയാണ്. ഈ ഇളവിന്റെ ചെറിയരളവ് പോലും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ അവര്‍ തയ്യാറാകില്ല. അങ്ങനെ തയ്യാറായിരുന്നുവെങ്കില്‍ ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് കുറയുമായിരുന്നുവല്ലോ! നികുതിയൊഴിവ് നല്‍കുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാനല്ല, കൂടുതല്‍ ഉത്പാദനത്തിന് വേണ്ട മൂലധന നിക്ഷേപം നടത്താനാണ് എന്ന് മോദി സര്‍ക്കാറിന് വാദിക്കാം. ഈ നികുതിയൊഴിവ് കിട്ടിയിട്ട് വേണം അംബാനിക്കും അദാനിക്കും മൂലധന നിക്ഷേപം നടത്താനുള്ള വഹ സമ്പാദിക്കാനെന്ന് നമ്മള്‍ വിശ്വസിക്കുകയും ചെയ്യാം!
എക്‌സൈസ്, കസ്റ്റംസ് തീരുവകളില്‍ ചെറിയ ഇളവുകള്‍ നല്‍കി, ചെറുകിട, ഇടത്തരം, നാമമാത്ര വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഊര്‍ജമേകാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് മറ്റൊരു അവകാശവാദം. തുറന്നിട്ട കമ്പോളത്തിലെക്ക് കുറഞ്ഞ ഇറക്കുമതി തീരുവ മാത്രം നല്‍കി ഉത്പന്നങ്ങളെത്തുമ്പോള്‍, ആഭ്യന്തര ചെറുകിട, ഇടത്തരം, നാമമാത്ര വ്യവസായങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഈ തീരുവ ഇളവുകൊണ്ടു മാത്രം പിടിച്ചുനില്‍ക്കുക അസാധ്യമാണ്. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ പ്രഖ്യാപിച്ച പദ്ധതികളാണ് സവിശേഷതയായി ചൂണ്ടിക്കാട്ടുന്ന മറ്റൊന്നന്ന്. ഇതിലൊന്നുപോലും പുതിയതല്ലെന്ന്, കഴിഞ്ഞ രണ്ട് ബജറ്റ് പ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. യു പി എ സര്‍ക്കാറിന്റെ ഏട്ടിലെ പശു, തൊഴുത്തൊന്ന് മാറി വീണ്ടും ഏട്ടിലെ പശുവായി നില്‍ക്കുന്നുവെന്ന് മാത്രം.
കമ്പോളാധിഷ്ഠിത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കൊപ്പം സാമൂഹികക്ഷേമ പദ്ധതികള്‍ കൂടി നടപ്പാക്കാന്‍ യു പി എ സര്‍ക്കാറുകള്‍ ശ്രമിച്ചിരുന്നു, അത് എത്രത്തോളം ഗുണകരമായെന്നതില്‍ സംശയമുണ്ടെങ്കിലും. അത്തരം പുതിയ പദ്ധതികളൊന്നും മോദി സര്‍ക്കാറിന്റെ പുതിയ ബജറ്റില്‍ ഇടം കണ്ടിട്ടില്ല. തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് പറയുന്ന ബജറ്റ്, മുതിര്‍ന്നവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. 2019 ആകുമ്പോഴേക്കും എല്ലാ വീടുകളെയും സമ്പൂര്‍ണ ശുചിത്വമുള്ളതാക്കാന്‍ പദ്ധതി നടപ്പാക്കും, സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നൊക്കെ പറയുമ്പോള്‍ ഇതൊക്കെ നിലവിലുള്ള സ്‌കീമുകളുടെ തുടര്‍ച്ചമാത്രമാണ്. ചേരിനിര്‍മാര്‍ജനം കോര്‍പ്പറേറ്റുകളുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ കൂടി ഭാഗമാക്കുമെന്ന് സഞ്ജയ് ഗാന്ധിയും ജഗ്‌മോഹനും നടപ്പാക്കിയ ചേരിനിര്‍മാര്‍ജനം പുതിയ രൂപത്തില്‍ തേടിയെത്തുകയാണെന്ന് വേണം കരുതാന്‍. നഗരങ്ങളോടുള്ള ചേര്‍ന്നുള്ള ചേരികള്‍ ഒഴിച്ച് സ്ഥലമേറ്റെടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇതിലും വലിയൊരവസരം കിട്ടാനില്ല തന്നെ.
യഥാര്‍ഥ പരിഷ്‌കാരമുള്ളത് പദ്ധതികള്‍ക്ക് ജനസംഘിന്റെ നേതാവായ ശ്യാമ പ്രസാദ് മുഖര്‍ജിയുടെയും ആര്‍ എസ് എസ്സിന്റെയും ജന സംഘിന്റെയും നേതാവായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെയും പേരുകള്‍ നല്‍കിയെന്നതാണ്. ഭൂരിപക്ഷ വര്‍ഗീയതയുടെ പ്രതിനിധികളായിരുന്ന ഇക്കൂട്ടരെ ദേശത്തിന്റെ നേതാക്കളായി ഭാവി തലമുറക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ഈ നാമകരണം സഹായിക്കും.
ഗംഗാ സംരക്ഷണ പദ്ധതിക്കും സ്‌നാനഘട്ട നവീകരണ പദ്ധതിക്കും ആത്മീയ പരിവേഷം നല്‍കുമ്പോഴും നടപ്പാക്കപ്പെടുന്ന അജന്‍ഡ മറ്റൊന്നാണ്. കോണ്‍ഗ്രസും യു പി എയും കൊണ്ടുനടന്ന നയപരിപാടികള്‍ പിന്തുടരുകയും സമാനരീതിയിലെ ബജറ്റ് അവതരിപ്പിക്കുകയും ബജറ്റിന് പുറത്ത് കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മോദി സര്‍ക്കാര്‍, കഴിയും വിധം സംഘ് പരിവാര്‍ അജന്‍ഡ ചേര്‍ത്തുവെന്ന് മാത്രം. ഭരണം പുരോഗമിക്കെ, പൊറുതിമുട്ടുന്നവന്‍ പ്രതികരിച്ചാല്‍ അതിനെ ഹിന്ദുത്വ/ദേശീയതക്കെതിരായ വികാരമായി വ്യാഖ്യാനിക്കാന്‍ ഇതൊരുപരിധിവരെ സഹായകമായേക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest