പ്രിയ നഗരം: ദുബൈക്ക് ലോകത്തില്‍ അഞ്ചാം സ്ഥാനം

Posted on: July 10, 2014 9:16 pm | Last updated: July 10, 2014 at 9:16 pm

dubaiദുബൈ: വിനോദ സഞ്ചാരികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ലോകത്തിലെ ആദ്യ അഞ്ചു നഗരങ്ങളില്‍ ദുബൈ ഇടം നേടി. ലോകത്തിലെ ഇത്തരത്തിലുള്ള 10 നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ് ദുബൈ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്. ന്യൂയോര്‍ക്കിനെയും യുറോപ്പിലെ ജനപ്രിയ നഗരങ്ങളെയും പിന്തള്ളിയാണ് ദുബൈ അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. മിന(മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക) മേഖലയില്‍ നിന്നു പട്ടികയില്‍ ഇടം പിടിച്ച ഏക നഗരവുമാണ് ദുബൈ. രാജ്യാന്തര വിനോദസഞ്ചാരികളുടെ ഒഴുക്കിന്റെ കാര്യത്തില്‍ ലണ്ടനാണ് ലോകത്തിലെ ആദ്യ സ്ഥാനം. രണ്ടാം സ്ഥാനത്ത് ബാങ്കോക്കും മൂന്നാമത് പാരീസും നാലാമതായി സിംഗപ്പൂരുമാണ് പട്ടികയില്‍ ദുബൈക്ക് മുമ്പില്‍ സ്ഥാനം പിടിച്ചത്.
മാസ്റ്റര്‍ കാര്‍ഡിന്റെ ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ സിറ്റീസ് ഇന്റക്‌സിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ലോകത്തിലെ 100 നഗരങ്ങളില്‍ എത്തുന്ന വിനോദസഞ്ചാരികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയിലാണ് ലോകത്തിലെ 10 നഗരങ്ങളെ തിരഞ്ഞെടുത്തത്. ഈ വര്‍ഷം 1.2 കോടി സഞ്ചാരികള്‍ ദുബൈ കാണാന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7.5 ശതമാനം വര്‍ധനവാണ് ഇതില്‍ സംഭവിക്കുക. കഴിഞ്ഞ വര്‍ഷം ദുബൈക്ക് മുമ്പിലായിരുന്നു ന്യൂയോര്‍ക്കിന്റെയും ഇസ്തംബൂളിന്റെയും സ്ഥാനം. ദുബൈയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് അഞ്ചാം സ്ഥാനത്തേക്കെത്താന്‍ ദുബൈക്ക് സഹായകമായത്. ട്രാവല്‍ ആന്‍ഡ് ടുറിസം സെക്ടറാണ് ദുബൈ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. ഈ മേഖലയില്‍ വന്‍ കുതിപ്പാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള ഹോട്ടലുകള്‍, ബീച്ചുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ മറ്റ് സൗകര്യങ്ങള്‍ എന്നിവയാണ് ദുബൈയിലേക്ക് രാജ്യാന്തര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദുബൈ സന്ദര്‍ശിച്ചത് ഒരു കോടി സന്ദര്‍ശകരായിരുന്നു. 2012ല്‍ 88 ലക്ഷം വിനോദസഞ്ചാരികള്‍ എത്തിയിടത്താണ് 2013ല്‍ ഒരു കോടി എത്തിയത്. ഇതാണ് ഈ വര്‍ഷം 1.2 കോടിയായി വര്‍ധിക്കാന്‍ പോകുന്നത്.
ബിസിനസിനും വിശ്രമത്തിനും പറ്റിയ നഗരമെന്ന ദുബൈയുടെ ഖ്യാതിയാണ് രാജ്യാന്തര വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതെന്ന് മാസ്റ്റര്‍ കാര്‍ഡ് മിന ഡിവിഷന്‍ പ്രസിഡന്റ് രഘു മല്‍ഹോത്ര വ്യക്തമാക്കി. രാപ്പാര്‍ക്കാന്‍ എത്തുന്നവരുടെ എണ്ണം നോക്കിയാല്‍ ലോകത്തിലെ ഒന്നാമത്തെ നഗരമാണ് ദുബൈ. ലോകത്തിലെ നാലാമാത്തെ ഇന്റര്‍നാഷനല്‍ എയര്‍ ഹബ്ബുമാണ് ദുബൈയെന്നും അദ്ദേഹം പറഞ്ഞു.