ഐ ഒ സി പ്ലാന്റ് തൊഴിലാളി പ്രശ്‌നം: 23ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച

Posted on: July 10, 2014 9:54 am | Last updated: July 10, 2014 at 9:54 am

ioc chelariമലപ്പുറം: ചേളാരി ഐ ഒ സി പ്ലാന്റിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈമാസം 23 ന് വൈകീട്ട് നാലിന് തിരുവനന്തപുരത്ത് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും.
14 ലക്ഷം ഉപഭോക്താക്കളും ഇവരെ ആശ്രയിക്കുന്ന 70 ലക്ഷം ഗുണഭോക്താക്കളും ഈ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന പാചകവാതക സിലിന്‍ഡര്‍ ഉപയോഗിക്കുന്നുണ്ട്.
നിരന്തര സമരങ്ങള്‍ മൂലം പാചകവാതക വിതരണം തടസ്സപ്പെടുന്നത് മൂലം പൊതുജനങ്ങള്‍ക്ക് തുടര്‍ന്നും പ്രയാസങ്ങളുണ്ടാവുന്നത് ഒഴിവാക്കാനാണ് കെ എന്‍ എ ഖാദര്‍ എം എല്‍ എ ആവശ്യപ്പെട്ടത് പ്രകാരമാണ് മുഖ്യമന്ത്രി യോഗം വിളിച്ച് ചേര്‍ക്കുന്നത്. ഇക്കഴിഞ്ഞ മാസം തുടര്‍ച്ചയായി 11 ദിവസം നടന്ന സമരം ഒത്തുതീര്‍പ്പാക്കിയത് ജൂലൈ മൂന്നിന് എം എല്‍ എ മുന്‍കൈയെടുത്ത് നടത്തിയ അനുരജ്ഞന ചര്‍ച്ചയെ തുടര്‍ന്നായിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍, ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, ഐ ഒ സി ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ഹൗസിങ്-ലോഡിങ് വിഭാഗങ്ങളിലെ കോണ്‍ട്രാക്റ്റര്‍മാര്‍, ലേബര്‍ കമ്മീഷനര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.