Connect with us

Ongoing News

പഠിപ്പ് മുടക്കിയുള്ള സമരം വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല: എസ് എഫ് ഐ

Published

|

Last Updated

തിരുവനന്തപുരം: പഠിപ്പ് മുടക്കിയുള്ള സമരങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷും പ്രസിഡന്റ് ഷിജൂഖാനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ക്കാണ് സമരം നടത്തുന്നത്. അത്യാവശ്യവും ഒഴിച്ചുകൂടാനാകാത്തുതുമായ ഘട്ടങ്ങളിലാണ് പഠിപ്പ് മുടക്കല്‍ സമരം നടത്തുന്നത്. ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത് ശക്തമായ സമരങ്ങളാണ്. 1970ലെ പോലെ 2014ല്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കാലാനുസൃതമായ മാറ്റം സംഘടനാരംഗത്തും പ്രവര്‍ത്തന രീതിയിലും വരുത്തും.
യു ഡി എഫ് സര്‍ക്കാറിന്റെ വിദ്യാഭ്യാസവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ രണ്ട് സംസ്ഥാന ജാഥകള്‍ നടത്തും. തെക്ക്, വടക്കന്‍ മേഖലകളിലായി ജൂലൈ 16 മുതല്‍ 31 വരെയാണ് ജാഥകള്‍ നടത്തുന്നത്. “അപഹരിക്കപ്പെടുന്ന അക്ഷരങ്ങള്‍ വീണ്ടെടുക്കാന്‍ മതനിരപേക്ഷ ജനാധിപത്യ ക്യാമ്പസിനായി കൈകോര്‍ക്കൂ” എന്നതാണ് ജാഥകളുടെ മുദ്രാവാക്യം. തെക്കന്‍ മേഖലാ യാത്രക്ക് ഷിജൂഖാനും വടക്കന്‍ മേഖലാ യാത്രക്ക് ടി പി ബിനീഷും നേതൃത്വം നല്‍കും. ജാഥ 150 കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.
ഹയര്‍ സെക്കന്‍ഡറി സമയമാറ്റം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അധ്യാപകര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ താത്പര്യം സംരക്ഷിക്കുന്നതിനായി കേരളത്തിലെ വിദ്യാര്‍ഥികള്‍ ബലിയാടാകുകയാണ്. അതിനാല്‍ അടിയന്തരമായി സര്‍ക്കാര്‍ ഇതില്‍ പുനഃപരിശോധന നടത്തണം. മത്സ്യത്തൊഴിലാളികളുടെ മക്കളടക്കമുള്ളവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലംപ്‌സം ഗ്രാന്റ്, സ്റ്റൈപന്റ് എന്നിവ വിതരണം ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ജൂലൈ 16ന് പട്ടികജാതി, പട്ടിക വര്‍ഗ വികസന ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കേരള സര്‍വകലാശാലയില്‍ നടന്ന ക്രമക്കേടുകളില്‍ സര്‍വകലാശാല തന്നെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമക്കേടുകളില്‍ കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

 

Latest