മോദി സര്‍ക്കാര്‍ ഭയപ്പെടുന്നത് ആരെയാണ്?

Posted on: July 10, 2014 6:00 am | Last updated: July 10, 2014 at 1:57 am

NARENDRA MODI 2കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് ബ്യൂറോ(ഐ ബി) തയ്യാറാക്കിയ ഒരു റിപോര്‍ട്ട് ‘ചോര്‍ന്നുകിട്ടിയ’ത് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വിദേശ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാറേതര സന്നദ്ധ സംഘടനകള്‍(എന്‍ ജി ഒ) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വഴി ഇന്ത്യയുടെ ദേശീയോത്പാദനത്തില്‍(ജി ഡി പിയില്‍) 2-3 ശതമാനം കുറവുണ്ടാകുന്നു എന്നതാണ് 21 പേജുള്ള റിപോര്‍ട്ടിന്റെ കാതല്‍. 13,000ല്‍ പരം സംഘടനകള്‍ക്ക് പോയ വര്‍ഷം 12,000ല്‍പരം കോടി രൂപ കിട്ടിയെന്നവര്‍ പറയുന്നു. ഇത് ശരിയാകാം. കാരണം, ഇവിടേക്കൊഴുകി വരുന്ന വിദേശ ഫണ്ടുകള്‍ കൃത്യമായി നിയന്ത്രിക്കാന്‍ ഇവിടെ നിയമമുണ്ട്. റജിസ്‌ട്രേഡ് സംഘടനകള്‍ എഫ് സി ആര്‍ എ എന്ന നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്നു.
എങ്ങനെയാണിവര്‍ വികസനത്തെ തടസ്സപ്പെടുത്തുന്നതെന്നും റിപോര്‍ട്ട് പറയുന്നു. കൂടംകുളമടക്കമുള്ള ആണവ നിലയങ്ങള്‍, ഝാര്‍ഖണ്ഡിലെ യുറേനിയം ഖനികള്‍, മണിപ്പൂരിലെ സ്വകാര്യ എണ്ണ പ്രകൃതിവാതക ഖനനം, ആന്ധ്രയിലെ ജിന്‍ഡാല്‍ കമ്പനിയുടെ ബോക്‌സൈറ്റ് ഖനനം, ഒഡീഷയിലെ പോസ്‌കോ, വേദാന്ത കമ്പനികളുടെ പദ്ധതികള്‍, നര്‍മദാ നദിയിലെ അണക്കെട്ടുകള്‍, ജനിതകമായി രൂപഭേദം വരുത്തിയ വിളകള്‍, പലയിടത്തേയും കല്‍ക്കരി ഖനന പദ്ധതികള്‍ മുതലായവക്കെല്ലാം എതിരായി ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. ഇത് രാജ്യദ്രോഹമാണെന്ന് വരെ ഐ ബി റിപോര്‍ട്ട് വാദിക്കുന്നു.
ഈ റിപോര്‍ട്ട് പുറത്തു ‘വന്ന’ സമയവും ശ്രദ്ധേയമാണ്. നരേന്ദ്ര മോദിയുടെ ഉദയ കാലത്ത് പ്രഖ്യാപിച്ച ഒന്നാണ് ‘രണ്ടാം യു പി എയുടെ അഞ്ച് വര്‍ഷമെന്നാല്‍ മോദിയുടെ സര്‍ക്കാറിന്റെ 100 ദിവസം’ എന്ന പദ്ധതി. ഒട്ടനവധി വികസന പദ്ധതികള്‍ ‘മുടങ്ങിക്കിടക്കുന്നത്’ സര്‍ക്കാറിന്റെ പിടിപ്പുകേട് കൊണ്ടാണ്. അതിന് വഴിവെക്കുന്ന എന്‍ ജി ഒകളെ ‘ഒതുക്കിയാല്‍’ വികസനം തടസ്സമില്ലാതെ മുന്നോട്ട് പോകും എന്ന പുതിയ സര്‍ക്കാര്‍ കരുതുന്നു. ഈ റിപോര്‍ട്ടിന്റെ തുടക്കം മുന്‍ സര്‍ക്കാറിന്റെ കാലത്താണ്. എന്നാല്‍, ഇപ്പോഴതില്‍ തെളിഞ്ഞുകാണുന്നത് ഒരു ഫാസിസ്റ്റ് താത്പര്യമാണ്. കോര്‍പറേറ്റുകളും ഭരണകൂടവും ഒത്തുചേര്‍ന്ന് സംയോജിത ശക്തിയായി മാറുന്ന കാഴ്ചയാണിത്. സര്‍ക്കാര്‍ പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഐ ബി കോര്‍പറേറ്റ് സംരക്ഷകരാകുന്നു.
വിദേശ ഫണ്ടിംഗ് എന്നതിനെ എന്നും സംശയത്തോടെയാണ് ഇടതുപക്ഷക്കാര്‍ വീക്ഷിച്ചിട്ടുള്ളത്. ലോക ബേങ്കും കോര്‍പറേറ്റുകളും നല്‍കുന്ന ഫണ്ടുകള്‍ സ്വീകരിച്ച് അവരുടെ താത്പര്യ സംരക്ഷണത്തിനായി ഇവര്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാലാണിത്. ഇപ്പോഴത്തെ ഐ ബി റിപോര്‍ട്ടിനെ അതിശക്തമായി വിമര്‍ശിച്ചുകൊണ്ട് പ്രമുഖ ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രഭാത് പട്‌നായിക് പറയുന്നുണ്ട്; മോദി സര്‍ക്കാറിന്റെ ദൃഷ്ടിയില്‍ സാമ്രാജ്യത്വ മൂലധന താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന സര്‍ക്കാര്‍ നയത്തെ വെല്ലുവിളിക്കുന്നതിനാലാണ് അവര്‍ എതിര്‍ക്കുന്നത് എന്നാണ്. ഇത് ഇടതുപക്ഷത്തിന്റെ നിലപാടിന് നേരെ എതിരാണ്. അദ്ദേഹം തുടരുന്നു, മോദിക്ക് വിദേശവിരുദ്ധതയാണുള്ളതെങ്കില്‍ ഇടതുപക്ഷത്തിന് ‘സാമ്രാജ്യത്വവിരുദ്ധത’യാണുള്ളത്. ഹിറ്റ്‌ലര്‍ ഭരണകാലത്ത് എല്ലാ ജൂതവംശജരും ശത്രുക്കളാകുന്നത് അങ്ങനെയാണ്. ഇന്ത്യയിലേക്ക് വരുന്ന വിദേശ ഫണ്ടില്‍ വലിയൊരു പങ്കും സര്‍ക്കാര്‍, കോര്‍പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. സര്‍ക്കാര്‍ പിന്‍വാങ്ങുന്നിടത്ത് മൂലധനത്തിന് കയറിപ്പറ്റാന്‍ വഴിയൊരുക്കുന്നവര്‍. ഇതില്‍ നല്ലൊരു പങ്കും ആര്‍ എസ് എസ്, സംഘ്പരിവാര്‍ സംഘടനകളാണ്. 2002ലെ ഗുജറാത്ത് വംശഹത്യയുടെ കാലത്ത് യു എസിലെ ബുദ്ധിജീവികള്‍ ഈ പ്രശ്‌നം ഉന്നയിച്ചതാണ്. ഐ ഡി ആര്‍ എഫ് (ഇന്ത്യന്‍ ഡവലപ്‌മെന്റ് ആന്‍ഡ് റിലീഫ് ഫണ്ട്) എന്ന സ്ഥാപനം വഴി ഇന്ത്യയിലെത്തിയിരുന്നതെല്ലാം സംഘ്പരിവാറിനായി ശേഖരിക്കപ്പെട്ടതാണ്. മതപരിവര്‍ത്തനത്തിനായി വനവാസി കല്യാണ്‍ കേന്ദ്ര എന്ന സംഘ്പരിവാര്‍ സ്ഥാപനത്തിന്, ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ചെലവഴിക്കാന്‍ അനേക കോടികള്‍ വരുന്നു. ഇതൊന്നും മോദി സര്‍ക്കാറിന് കുഴപ്പമില്ല. മറിച്ച് കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവരെയാണ് ‘ദേശദ്രോഹികള്‍’ എന്ന് വിളിക്കുന്നത്. ഈ സംഘടനകളുടെ ഇടപെടല്‍ വഴി ദേശീയ വരുമാനത്തില്‍ കുറവുണ്ടായെന്ന കണ്ടത്തലിനെയും പ്രഭാത് പട്‌നായിക് പരിഹസിക്കുന്നുണ്ട്.
ഇവിടെ വിദേശ ഫണ്ടോ എന്‍ ജി ഒകളോ ഒന്നുമല്ല ലക്ഷ്യമാക്കുന്നത്, മറിച്ച് മൂലധന നിക്ഷേപത്തെ ചോദ്യം ചെയ്യുന്ന ശക്തികളെയാണ്. ഇത് ഇടതുപക്ഷമോ ട്രേഡ് യൂനിയനുകളോ പരിസ്ഥിതി സംഘടനകളോ ഒക്കെയാകാം. ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്ന ഗ്രീന്‍ പീസ് എന്ന സംഘടനയുടെ കാര്യം പരിശോധിക്കാം. 1971ല്‍ യു എസ് എ നടത്താന്‍ ശ്രമിച്ച അണ്വായുധ പരീക്ഷണത്തെ എതിര്‍ത്തുകൊണ്ട് രൂപം കൊണ്ട ഒന്നാണ് ഗ്രീന്‍ പീസ്. ഇന്ന് ലോകത്തെ നിരവധി രാജ്യങ്ങളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ ഫണ്ടില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇന്നാട്ടില്‍ നിന്ന് പിരിക്കുന്നതാണ്. പ്രതിമാസം/പ്രതിവര്‍ഷം എന്ന കണക്കില്‍ ഇവര്‍ക്ക് നിശ്ചിത തുക നല്‍കുന്ന വ്യക്തികള്‍ ഉണ്ട്. ഇന്ത്യയില്‍ ഇത്തരം മൂന്ന് ലക്ഷം പേരുണ്ട്. ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ നിന്നോ സര്‍ക്കാറില്‍ നിന്നോ ഇവര്‍ സംഭാവനകള്‍ സ്വീകരിക്കുന്നില്ല. അല്‍പ്പം നാടകീയമായ ഇവരുടെ ഇടപെടലുകള്‍ വിമര്‍ശവിധേയമായിട്ടുണ്ടെങ്കിലും ഇവരുടെ മേല്‍ കോര്‍പറേറ്റ് , സാമ്രാജ്യത്വ താത്പര്യങ്ങള്‍ ആരോപിക്കുന്നത് തെറ്റായിരിക്കും. എക്‌സണ്‍ തുടങ്ങിയ ഭീമന്മാര്‍ ഉത്തരധ്രുവ പ്രദേശമായ അലാസ്‌കയില്‍ ഖനനത്തിനൊരുങ്ങിയപ്പോള്‍ അതിനെതിരെ കപ്പലില്‍ ചെന്ന് പ്രതിരോധം തീര്‍ത്തവരാണ് ഗ്രീന്‍ പീസ്. ലോകത്തിന്റെ പല ഭാഗങ്ങളിും കടലില്‍ ആണവ മാലിന്യ നിക്ഷേപങ്ങള്‍ നടത്താന്‍ ശ്രമിച്ചതിനെതിരെയും തിമിംഗല വേട്ട നടത്താന്‍ കോര്‍പറേറ്റ് കമ്പനിയുടെ കപ്പലുകള്‍ ശ്രമിച്ചപ്പോഴും ഇവര്‍ ഇടപെട്ടിട്ടുണ്ട്. ഇവര്‍ ലോകം മുഴുവന്‍ യാത്ര ചെയ്യുന്നത് ‘റെയിന്‍ ബൊവാരിയര്‍’ എന്ന കപ്പലിലാണ്. 1985ല്‍ ന്യൂസിലാന്‍ഡിലെ ഒരു തുറമുഖത്ത് വെച്ച് ഇവരുടെ കപ്പല്‍ ഒരു ഫ്രഞ്ച് രഹസ്യാന്വേഷണ ഏജന്‍സി തകര്‍ത്തു. ഫ്രാന്‍സിലെ ആണവ നിലയങ്ങള്‍ക്കെതിരെ ഇവര്‍ നിലപാടെടുത്തതിനാലാണിത്. എന്നാല്‍, ഇത് ഫ്രഞ്ച് സര്‍ക്കാറിനുണ്ടാക്കിയ ദുഷ്‌പേര് ഏറെ വലുതായിരുന്നു. ദുരന്തത്തില്‍ ഒരു ഫോട്ടോഗ്രാഫര്‍ കൊല്ലപ്പെടുകയും ചെയ്തു. ഒടുവില്‍ വന്‍തുക നഷ്ടപരിഹാരം നല്‍കിയാണ് ഫ്രാന്‍സ് തടിയൂരിയത്.
2013ല്‍ റഷ്യക്കെതിരായ ഇവരുടെ ഇടപെടലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ധ്രുവ മേഖലയില്‍ നടത്താന്‍ ശ്രമിച്ച എണ്ണ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതങ്ങള്‍ അവര്‍ തുറന്നുകാട്ടി. 30 പ്രവര്‍ത്തകരെ റഷ്യ അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് ഒരു കേസ് പോലുമെടുക്കാതെ അവരെ വിട്ടയക്കേണ്ടിവന്നു.
ജനതികമായ രുപഭേദം വരുത്തിയ വിളകള്‍ ഭക്ഷ്യ സുരക്ഷയേയും കര്‍ഷകരുടെ ജീവനോപാധികളെയും ജൈവവൈവിധ്യത്തേയും എത്രമാത്രം തകര്‍ക്കുന്നു എന്ന് യുക്തിയുക്തം സ്ഥാപിക്കുന്നുവെന്നതും ഗ്രീന്‍ പീസിനെ ശത്രുപട്ടികയിലാക്കുന്നതിനുള്ള കാരണമാണ്. ഇതേ നിലപാടില്‍ നിന്നുകൊണ്ട് മൊണ്‍സാന്റോ പോലുള്ള ബഹുരാഷ്ട്ര ഭീമന്മാര്‍ക്കെതിരെ പോരാടുന്ന വന്ദനാ ശിവയും അവരുടെ സുഹൃത്തുക്കളും സംഘടനയും ഈ ‘ദേശദ്രോഹി’ പട്ടികയിലുണ്ട്. പണ്ടൊരിക്കല്‍ വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു: ‘ലോകത്തെയാകെ നിയന്ത്രിക്കുന്ന മൊണ്‍സാന്റോ എന്ന ഭീമന്‍ ഈ ലോകത്താകെ ഭയപ്പെടുന്നത് ഒരു വനിതയെയാണ്; അതാണ് വന്ദനാ ശിവ’ എന്ന്.
മറ്റൊരു ‘ഇര’ മേധാ പട്കറും നര്‍മദാ ബച്ചാവോ ആന്ദോളനുമാണ്. മോദിയുടെ ‘ഹിറ്റ് ലിസ്റ്റി’ലാണ് എന്നും മേധ. ഒരു രൂപ പോലും വിദേശ ഫണ്ട് വാങ്ങാത്ത സംഘടനയാണ് എന്‍ ബി എ. കഴിഞ്ഞ എന്‍ ഡി എ (വാജ്പയ്) സര്‍ക്കാറിന്റെ കാലത്ത് ഇവര്‍ക്കെതിരെ സംഘടിതമായ ആരോപണങ്ങളുയര്‍ത്തുകയും അന്നത്തെ ആഭ്യന്തര മന്ത്രി എല്‍ കെ അഡ്വാനിയുടെ പ്രത്യേക നിരീക്ഷണത്ത2ില്‍ വിശദമായ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടും യാതൊരു ക്രമക്കേടും കണ്ടെത്താന്‍ കഴിയാതിരുന്ന വസ്തുത ഇന്നും മറക്കാറായിട്ടില്ല.
മോദിയുടെ ഈ തന്ത്രം പാൡയന്നുറപ്പാണ്. കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ വിലക്കയറ്റ വിഷയത്തില്‍ ആഞ്ഞടിച്ചിരുന്ന മോദി, അധികാരമേറ്റിട്ടും പെട്രോള്‍, ഡീസല്‍ 2വില പതിവുപോലെ കൂടി. ജീവിതച്ചെലവ് അനുനിമിഷം കൂടുന്നു. പാചകവാതകം, മണ്ണെണ്ണ വിലകള്‍ ഏത് നിമിഷവും കൂടാം എന്നതാണവസ്ഥ. മോദിയെ കൈയയച്ചു പിന്തുണച്ച കോര്‍പറേറ്റുകള്‍ അക്ഷമരാണ്. ഇന്ത്യയിലെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നതിനുള്ള ‘തടസ്സങ്ങള്‍’ നീക്കിത്തരണമെന്ന ഉറപ്പ് മോദി പാലിക്കണമെന്നവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇത്തരം ഐ ബി റിപോര്‍ട്ട് ‘ചോര്‍ച്ച’ കൊണ്ടൊന്നും തളര്‍ത്താവുന്നതല്ല, ജനകീയ സമരങ്ങള്‍ എന്നതാണ് സത്യം.
വാല്‍ക്കഷണം: ജനിതക രൂപഭേദം വരുത്തിയ വിളകളെ എതിര്‍ക്കാനും (കൂടം കുളം ഒഴിച്ചുള്ള) ആണവ നിലയങ്ങളെ പ്രതിരോധിക്കാനും പോസ്‌കോ പോലുള്ള മൂലധനവിരുദ്ധ സമരങ്ങളെ പിന്തുണക്കാനും നര്‍മദാ സമരത്തിനൊപ്പം നില്‍ക്കാനും ഇടതുപക്ഷം തീരുമാനിച്ചതില്‍ ഏറെ സന്തോഷിച്ചവരാണ് ഇന്ത്യയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍. എന്നാല്‍ ഈ മോദി റിപോര്‍ട്ട് പോലും ആയുധമാക്കി പരിസ്ഥിതി പ്രവര്‍ത്തകരെ ആക്രമിക്കാനും പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും എതിര്‍ക്കുന്ന ആലപ്പുഴ തീരത്തെ കരിമണല്‍ ഖനനം നടത്താനും ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ തുറന്നുകാട്ടപ്പെടണം.

ALSO READ  ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ