പുതിയ സര്‍ക്കാര്‍; ഇറാഖി നേതാക്കളുടെ യോഗം ഞായറാഴ്ച

Posted on: July 10, 2014 6:00 am | Last updated: July 11, 2014 at 12:30 am
maliki0807
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ നജീം അബ്ദുല്ല അലിയുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്ത ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുന്ന
പ്രധാനമന്ത്രി നൂരി അല്‍ മാലികി

ബഗ്ദാദ്: പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന് ഞായറാഴ്ച ഇറാഖിലെ രാഷ്ട്രീയ നേതാക്കള്‍ യോഗം ചേരുന്നു. പ്രധാന പാര്‍ലിമെന്റ് സമ്മേളനം ഒരു മാസത്തേക്ക് നീട്ടിവെക്കാന്‍ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ച നേതാക്കളുടെ മനംമാറ്റത്തിന് കാരണമെന്തെന്നത് അവ്യക്തമാണ്. പാര്‍ലിമെന്റ് സമ്മേളനം വൈകുന്നതില്‍ സ്വന്തം പാര്‍ട്ടികളില്‍ നിന്നും വിദേശ രാഷ്ട്രങ്ങളില്‍ നിന്നും നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശമുയര്‍ന്നിരുന്നു.
ഇറാഖില്‍ വിമതര്‍ പ്രദേശങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തുകയാണ്. മൂന്നാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നൂരി അല്‍ മാലികിയെ പ്രതിസന്ധിയിലാക്കി, ഇസില്‍ വിമതരുടെ മുന്നേറ്റം ആരംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച എം പിമാര്‍ കഴിഞ്ഞയാഴ്ച പാര്‍ലിമെന്റില്‍ സമ്മേളിച്ചെങ്കിലും അഭിപ്രായൈക്യത്തിലെത്താതെ പിരിയുകയായിരുന്നു. സ്പീക്കറെ തിരഞ്ഞെടുക്കാതെ പിരിഞ്ഞ പാര്‍ലിമെന്റ് അടുത്ത മാസം 12ന് സമ്മേളിക്കുമെന്നായിരുന്നു അന്ന് പ്രഖ്യാപിച്ചത്. അടുത്ത ഞായറാഴ്ച പാര്‍ലിമെന്റ് സമ്മേളിക്കുമെന്ന് ഇടക്കാല സ്പീക്കര്‍ ആണ് അറിയിച്ചത്.
പാര്‍ലിമെന്റ് സമ്മേളനം ദീര്‍ഘിപ്പിച്ചതിനാല്‍ ഇറാഖിലെ ജനങ്ങള്‍ ചെകുത്താനും കടലിനും ഇടയിലാണെന്നും അവശ്യ സേവനങ്ങള്‍ ലഭ്യമാകാതെ കഷ്ടപ്പെടുകയാണെന്നും കിര്‍കുക്കിലെ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഇസാം അല്‍ ബയാതി പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്കിടയിലെ കണക്കുകൂട്ടലിനും കരാറുറപ്പിക്കലിനും വേണ്ടിയുള്ള ഈ ദീര്‍ഘിപ്പിക്കല്‍, പ്രതിസന്ധിയില്‍ ഉഴറുന്ന ഇറാഖികളെ ചതിക്കലാണെന്ന് ബഗ്ദാദ് സ്വദേശി അബു മൂസ പറഞ്ഞു. 45 ദിവസത്തെ ഇടവേളയില്‍ സ്പീക്കര്‍, പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരെ തിരഞ്ഞെടുക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്.