ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല

Posted on: July 9, 2014 8:42 pm | Last updated: July 10, 2014 at 7:02 am

supreme courtന്യൂഡല്‍ഹി: ജീവപര്യന്തം തടവുശിക്ഷ ലഭിച്ച പ്രതികളെ ജയില്‍ മോചിതരാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. സി ബി ഐ പോലുള്ള ഏജന്‍സികള്‍ പ്രസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ കേസുകളില്‍ ശിക്ഷ ഇളവ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണോ എന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നിലപാട് അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ജൂലൈ 22ന് കോടതി വാദം കേള്‍ക്കുന്നതിനാല്‍ ഈ മാസം 18ന് മുമ്പായി സംസ്ഥാന സര്‍ക്കാറുകള്‍ നിലപാട് സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിക്കണം.
ജീവപര്യന്തം തടവുശിക്ഷ ലഭിച്ച കുറ്റവാളികളെ വിട്ടയക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം ചോദ്യം ചെയ്ത് സി ബി ഐ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രധാന ഉത്തരവ്. രാജീവ് വധക്കേസിലെ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.
പ്രതികളുടെ ദയാഹരജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയത് ചൂണ്ടിക്കാണിച്ചായിരുന്നു ശിക്ഷാ ഇളവ്. ഇതോടെ പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെ ചോദ്യം ചെയ്താണ് കേന്ദ്രവും സി ബി ഐയും സുപ്രീം കോടതിയെ സമീപിച്ചത്. സി ബി ഐ ഏറ്റെടുത്ത കേസുകളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇത്തരം അധികാരം ഉണ്ടോയെന്ന് പ്രത്യേകം പരിഗണനാ വിധേയമാക്കേണ്ടതുണ്ടെന്നും ബഞ്ച് നിരീക്ഷിച്ചിട്ടുണ്ട്.