Connect with us

Ongoing News

കരുണ എസ്റ്റേറ്റിന് കരം ഒടുക്കാനുള്ള എന്‍ ഒ സി മരവിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്‌റ്റേറ്റിന്റെ പാട്ടത്തിലുള്ള 786 ഏക്കര്‍ ഭൂമിക്ക് കരമൊടുക്കുന്നതിന് വനം വകുപ്പ് നല്‍കിയ എന്‍ ഒ സി മരവിപ്പിച്ചു. 1909, 1933 വര്‍ഷങ്ങളില്‍ റിസര്‍വ് വനമായി പ്രഖ്യാപിച്ച വനഭൂമിയില്‍ ഉള്‍പ്പെട്ട കരുണ എസ്റ്റേറ്റിന് നല്‍കിയ പാട്ട ഭൂമിക്ക് കരമൊടുക്കാന്‍ ഡി എഫ് ഒ നല്‍കിയ എന്‍ ഒ സിയാണ് താത്കാലികമായി മരവിപ്പിച്ചത്. വനംവകുപ്പ് ധൃതിപിടിച്ച് എന്‍ ഒ സി നല്‍കിയതില്‍ ക്രമക്കേട് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചെങ്കിലും വനം വകുപ്പിന്റെ അനുമതി മരവിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയില്ല. പ്രശ്‌നം അന്വേഷിക്കാന്‍ നിയോഗിച്ച വനം വകുപ്പ് മേധാവി വി ഗോപിനാഥന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കും വരെയാണ് എന്‍ ഒ സി മരവിപ്പിക്കുന്നത്. സമിതി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അത് സഭയെ അറിയിക്കും. അതിനനുസരിച്ച് തുടര്‍ നടപടിയും ഉണ്ടാകും. നിയമാനുസൃതം മാത്രമേ സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാകൂ എന്നും സര്‍ക്കാറിന്റെ താത്്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍ ഒ സി നല്‍കിയതുമായി ബന്ധപ്പെട്ട് വന സംരക്ഷണ നിയമത്തിന് വിരുദ്ധമായി എന്തെങ്കിലുമുണ്ടായോ, വനം വകുപ്പുേദ്യാഗസ്ഥരുടെ ഭാഗത്ത് അനാവശ്യമായ തിടുക്കമുണ്ടായോ, പ്രത്യേകിച്ച് ആരെയെങ്കിലും സഹായിക്കാന്‍ നീക്കമുണ്ടായോ എന്നീ കാര്യങ്ങളാണ് മൂന്നംഗ സമിതി അന്വേഷിക്കുകയെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയിച്ചു.
എന്‍ ഒ സി നല്‍കപ്പെട്ട 786 ഏക്കര്‍ ഭൂമി ലഭ്യമായ രേഖകള്‍ പ്രകാരം നെല്ലിയാമ്പതി റിസര്‍വ് വനത്തിനകത്ത് പെടുന്ന ഭൂമിയല്ല. ക്രമക്കേടുണ്ടെങ്കില്‍ റവന്യുവകുപ്പാണ് കൂടുതല്‍ അന്വേഷണം നടത്തേണ്ടത്. ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നേരത്തേ രൂപവത്കരിക്കപ്പെട്ട ഉത്തര മേഖലാ അഡീഷനല്‍ പി സി സി എഫിന്റെ നേതൃത്വത്തിലുള്ള സമിതി രണ്ട് തവണ യോഗം ചേര്‍ന്ന് സമിതിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ സര്‍വെ സൂപ്രണ്ട് നേരിട്ട് സ്ഥല പരിശോധന നടത്തി, ജില്ലാ ഗവ. പ്ലീഡര്‍ മുഖേന സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് പോബ്‌സ് ഗ്രൂപ്പിന് കരമൊടുക്കാന്‍ ഡി എഫ് ഒ അനുമതി നല്‍കിയത്. നിയമോപദേശങ്ങളും ഉടമക്ക് അനുകൂലമായിരുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് അനുമതി നല്‍കുന്നതെന്നും വിരുദ്ധമായ രേഖകളെന്തെങ്കിലും ലഭിച്ചാല്‍ ഇത് പുനഃപരിശോധിക്കുമെന്നും അനുമതി രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വകുപ്പുമന്ത്രിയോ അന്വേഷിക്കാന്‍ നിയോഗിച്ച സെക്രട്ടറി പോലുമറിയാതെയാണ് നെന്മാറ ഡി എഫ് ഒ കരമൊടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എ കെ ബാലന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഡി എഫ് ഒക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. എന്‍ ഒ സി നല്‍കപ്പെട്ട ഭൂമി വനഭൂമിയാണെന്നും ഇതുസംബന്ധിച്ച് തോട്ടമുടമകള്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമായി ചമച്ചതാണെന്നും വ്യക്തമാക്കി നെന്മാറയിലെ മുന്‍ ഡി എഫ് ഒ. പി ധനേഷ് കുമാറും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും നല്‍കിയ റിപ്പോര്‍ട്ടുകള്‍ മൂടിവെച്ചു. മുന്‍മന്ത്രി ഗണേശ് കുമാറിന്റെ കാലത്ത് ആരോപണമുയര്‍ന്നപ്പോള്‍ നിയോഗിക്കപ്പെട്ട എട്ടംഗ സമിതി മുമ്പാകെ ഈ രേഖകള്‍ ഹാജരാക്കിയില്ല. ഒരു മാസത്തിനുള്ളിലാണ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കരമൊടുക്കാനുള്ള അനുമതി നല്‍കിയത്. തര്‍ക്കമുണ്ടാകുന്നതിന് മൂന്ന് മാസം മുമ്പേ അഡ്വക്കറ്റ് ജനറല്‍ തോട്ടമുടമക്ക് അനുകൂലമായി നിയമോപദേശം കൊടുത്തു. നിബന്ധനകള്‍ക്ക് വിധേയമായി എന്‍ ഒ സി കൊടുത്തത് തന്നെ നിയമപരമായ പിഴവാണ്. ഇത് നീണ്ട വ്യവഹാരങ്ങള്‍ക്ക് വഴിവെക്കാനേ ഉപകരിക്കൂ. ഭൂമി തോട്ടമുടമയുടെ കൈകളിലിരിക്കുകയും ചെയ്യും. സര്‍ക്കാറിന്റെ കൈവശം വരേണ്ട ഭൂമി ഭൂമാഫിയയുടെ കൈകളിലേക്ക് പോകുകയാണ് ചെയ്യുക.

 

Latest