Connect with us

Gulf

സ്ഥാപന ഉടമകളുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് തുക വര്‍ധിപ്പിച്ചു

Published

|

Last Updated

അല്‍ ഐന്‍: സ്ഥാപന ഉടമകളുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് തുക വര്‍ധിപ്പിച്ചതായി ദമാന്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. പൂര്‍ണമായും സ്വന്തം പേരിലോ സ്വദേശിയുമായി 49 ശതമാനം വരെ പങ്കാളിത്തത്തിലോ ആയി സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുള്ള വിദേശികള്‍ക്ക് അബൂദാബി എമിറേറ്റില്‍ ഏര്‍പ്പെടുത്തിയ ഇന്‍ഷ്വറന്‍സ് തുകയാണ് പോളിസി മാറ്റുന്നതിലൂടെ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
2009 മുതലാണ് അബൂദാബി എമിറേറ്റില്‍ വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ഏര്‍പ്പെടുത്തിയത്. നേരത്തെ വിസ അടിക്കല്‍ ആവശ്യാര്‍ഥം മാത്രം നല്‍കപ്പെട്ടിരുന്ന ഹെല്‍ത്ത് കാര്‍ഡ് സംവിധാനം നിര്‍ത്തലാക്കി താമസ വിദേശീ കാര്യ വകുപ്പിന്റെ അംഗീകാരമുള്ള മുപ്പത്തഞ്ചോളം കമ്പനികളിലൊന്നിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസി ഉള്ളവര്‍ക്ക് മാത്രമേ വിസ അടിക്കാനും പുതുക്കാനും വിസിറ്റ് വിസയെടുക്കാനും കഴിയുകയുള്ളൂവെന്ന പുതിയ നിബന്ധന കൊണ്ടുവരികയായിരുന്നു. അംഗീകൃത കമ്പനികള്‍ ഏറെയുണ്ടെങ്കിലും ദമാന്‍ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന “ദേശീയ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനി”യുടെ പോളിസിയാണ് വിദേശികള്‍ക്കിടയില്‍ ഏറെ ജനസമ്മതി നേടിയെടുത്തത്.
തുടക്കത്തില്‍ എല്ലാവര്‍ക്കും 600 ദിര്‍ഹമായിരുന്നു വാര്‍ഷിക പോളിസി തുകയെങ്കില്‍ പിന്നീട് കമ്പനി ചില ഭേദഗതികള്‍ വരുത്തുകയുണ്ടായി. ഫാമിലി സ്റ്റാറ്റസ് ഉള്ളവരുടെ പോളിസി തുക വര്‍ധിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്. ഒന്നു രണ്ടു തിരുത്തലുകള്‍ക്കു ശേഷം അത് അയ്യായിരം ദിര്‍ഹം വരെ മാസ ശമ്പളമുള്ളവര്‍ക്ക് 600 ദിര്‍ഹം എന്നാക്കി നിജപ്പെടുത്തിയത് കുടുംബത്തോടെ താമസിക്കുന്ന ഇടത്തരം പ്രവാസികള്‍ക്ക് അനുഗ്രഹമായി.
കഴിഞ്ഞ ഞായറാഴ്ച ഇന്‍ഷ്വറന്‍സ് പുതുക്കാന്‍ വേണ്ടി കോടതിയില്‍ നിന്നും വരുമാന സര്‍ട്ടിഫിക്കറ്റുമായി അല്‍ ഐന്‍ സനാഇയ്യയിലെ ദമാന്‍ ഓഫിസില്‍ ചെന്നവരാണ് നിയമം മാറിയ കഥയറിഞ്ഞ് മടങ്ങിയത്.

 

Latest